- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവിനൊപ്പം യാത്ര ചെയ്യവെ ബൈക്കിൽ നിന്നും വീണ് മരിച്ചത് പഞ്ചായത്ത് എഞ്ചിനീയറായ യുവതി; അപകടമുണ്ടായത് നായ കുറുകെ ചാടിയപ്പോൾ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ്
ഷൊർണൂർ: ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന സ്ത്രീ ബൈക്കിൽ നിന്നും വീണു മരിച്ചു. നായ കുറുകെ ചാടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ പഞ്ചായത്ത് എൻജിനീയറായ സ്ത്രീയാണ് ബൈക്കിൽ നിന്നു വീണു മരിച്ചത്. നായ കുറുകെ ചാടിയപ്പോൾ ബൈക്ക് നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായത്.
കോട്ടയം ഈരാറ്റുപേട്ട പേഴുമുക്കാട്ടിൽ പരീത് ബാവ ഖാന്റെ മകൾ ജുവൈന പി. ഖാൻ (46) ആണു മരിച്ചത്. ഭർത്താവും തൃശൂർ ഗവ. എൻജിനീയറിങ് കോളജ് അദ്ധ്യാപകനുമായ അബ്ദുൽ ജമാലിനൊപ്പം ഷൊർണൂരിൽ നിന്നു ചെറുതുരുത്തിയിലേക്കു പോകുമ്പോൾ കൊച്ചിപ്പാലത്തിനു സമീപമായിരുന്നു അപകടം.
രാവിലെ പതിവു നടത്തത്തിനിറങ്ങിയ ജുവൈനയെ മഴ പെയ്തതിനാൽ കൂട്ടിക്കൊണ്ടു വരാൻ പോയതായിരുന്നു ജമാൽ. മഴ മാറിയതോടെ ഇരുവരും ചെറുതുരുത്തിയിലെ മാർക്കറ്റിലേക്കു പോകുമ്പോഴാണ് അപകടം. ഉടൻ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. മൃതദേഹം ഈരാറ്റുപേട്ടയിലേക്കു കൊണ്ടുപോയി.
പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് അസി. എക്‌സിക്യൂട്ടീവ് എൻജിനീയറായിരുന്നു. നേരത്തെ ഷൊർണൂർ നഗരസഭ, ഓങ്ങല്ലൂർ പഞ്ചായത്ത് എന്നിവിടങ്ങളിൽ എൻജിനീയറായിരുന്നു. കുറ്റിപ്പുറം എംഇഎസ് എൻജിനീയറിങ് കോളജിൽ സിവിൽ എൻജിനീയറിങ് ലക്ചററായിരിക്കെയാണു തദ്ദേശ സ്ഥാപന എൻജിനീയറിങ് വിഭാഗത്തിൽ നിയമനം ലഭിച്ചത്. ജമിയ, ജിയ എന്നിവർ മക്കളാണ്.