- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എട്ട് സ്ലീപ്പർ, 20 സെമി സ്ലീപ്പർ, 72 എയർ ബസുകൾ; 44 കോടി മുടക്കി അത്യാധുനിക ബസുകളുമായി കെ.എസ്.ആർ.ടി.സി
ഇനി സ്ലീപ്പർ ബസുകളില്ലെന്ന പരാതി കെ.എസ്.ആർ.ടി.സിയോട് വേണ്ട. ദീർഘദൂരയാത്രകൾക്ക് സ്ലീപ്പർ ബസുകളില്ലെന്ന പരാതിയും കെ.എസ്.ആർ.ടി.സി. പരിഹരിക്കുന്നു. എട്ട് സ്ലീപ്പർ ബസുകൾ വാങ്ങാൻ കെ.എസ്.ആർ.ടി.സി ഒരുങ്ങുന്നു. 11.08 കോടി രൂപ മുടക്കിയാണ് അത്യാധുനിക ശ്രേണിയിലുള്ള എട്ട് സ്ലീപ്പർ ബസുകൾ വാങ്ങാൻ തയ്യാറെടുക്കുന്നത്. കഴിഞ്ഞ സാമ്പത്തികവർഷം സർക്കാർ അനുവദിച്ച അമ്പത് കോടി രൂപയിൽനിന്ന് 44.64 കോടി രൂപയാണ് അത്യാധുനിക ശ്രേണിയിലുള്ള നൂറ് ബസുകൾ വാങ്ങുന്നതിന് ഉപയോഗിക്കുന്നത്.
എട്ട് സ്ലീപ്പർ, 20 സെമി സ്ലീപ്പർ, 72 എയർ സസ്‌പെൻഷൻ നോൺ എ.സി. ബസുകളാണ് കെ.എസ്.ആർ.ടി.സി. വാങ്ങുന്നത്. നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ ആദ്യഘട്ടത്തിലുള്ള ബസുകൾ പുറത്തിറക്കാനാണ് ശ്രമം. തുടർന്ന് 2022 ഫെബ്രുവരി മാസത്തോടെ മുഴുവൻ ബസുകളും പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷ.
സ്ലീപ്പർ, സെമി സ്ലീപ്പർ, എയർ സസ്‌പെൻഷൻ നോൺ എ.സി. തുടങ്ങിയവയിലെ ആധുനിക ബി.എസ്. സിക്‌സ് ബസുകളാണ് കെ.എസ്.ആർ.ടി.സി.യിലേക്ക് പുതിയതായി എത്തുന്നത്. ഇതോടെ ദീർഘദൂരയാത്രക്കാരെ കൂടുതലായി ആകർഷിക്കാനുമാകും. ലോകോത്തര നിലവാരത്തിലുള്ള മികച്ച യാത്രയാണ് പുതിയ ബസുകൾ വാഗ്ദാനം ചെയ്യുന്നത്. മികച്ച യാത്രാസൗകര്യത്തോടൊപ്പം മൊബൈൽ ചാർജിങ് പോയിന്റ്, കൂടുതൽ ലഗേജ് സ്‌പെയ്‌സ്, വൈഫൈ തുടങ്ങിയവയും പുതിയ ബസുകളിലെ സൗകര്യങ്ങളാണ്.
നിലവിൽ ദീർഘദൂര സർവീസുകൾക്കായി കെ.എസ്.ആർ.ടി.സി. ഉപയോഗിക്കുന്ന ബസുകൾക്ക് അഞ്ചു വർഷം മുതൽ ഏഴ് വർഷം വരെ പഴക്കമുണ്ട്. 12 വോൾവോ, 17 സ്‌കാനിയ, 135 സൂപ്പർ ഡീലക്‌സ്, 53 എക്സ്പ്രസ് ബസുകളാണ് ദീർഘദൂര സർവീസുകൾക്ക് നിലവിൽ ഉപയോഗിക്കുന്നത്.