പുതിയ വാഹനങ്ങളുടെ വിൽപ്പനയിലെ ക്രമക്കേട് തടയാൻ ഏർപ്പെടുത്തിയ ഓൺലൈൻ സംവിധാനത്തിന്റെ പേരിലും വിൽപ്പനക്കാർ തട്ടിപ്പു നടത്തുന്നതായി റിപ്പോർട്ട്. ഓൺലൈൻ രജിസ്‌ട്രേഷന് ഡിജിറ്റൈസേഷൻ ചാർജെന്നപേരിൽ പുതിയ ഫീസ് ഈടാക്കുന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്. ഓൺലൈൻ രജിസ്‌ട്രേഷന് ഡിജിറ്റൈസേഷൻ ചാർജെന്നപേരിൽ ചില വിൽപ്പനക്കാർ പ്രത്യേക ഫീസ് വാങ്ങുന്നതായാണ് പരാതി.

ഇരുചക്രവാഹനങ്ങൾക്ക് 1500 രൂപയും കാറുകൾക്ക് 4000 രൂപയുംവരെ വാങ്ങുന്നതായാണ് പരാതി. ഇത്തരമൊരു ഫീസ് നിലവിലില്ലെന്നും ഓൺലൈൻ അപേക്ഷ സമർപ്പിച്ച്, റോഡ് നികുതി അടയ്ക്കേണ്ടത് വിൽപ്പനക്കാരുടെ ചുമതലയാണെന്നും മോട്ടോർവാഹനവകുപ്പ് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ മോട്ടോർവാഹനവകുപ്പ് അന്വേഷണം തുടങ്ങി. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള ഫീസെന്നപേരിലാണ് അധികതുക വാങ്ങുന്നത്.

വാഹനത്തിന്റെ എൻജിൻ, ചേസിസ് വിവരങ്ങൾ വാഹനനിർമ്മാതാവ് കേന്ദ്രീകൃത സോഫ്‌റ്റ്‌വേറായ 'വാഹനി'ൽ ഉൾക്കൊള്ളിക്കുന്നുണ്ട്. ഉടമയുടെ വിവരങ്ങൾ മാത്രമാണ് ഷോറൂമുകളിൽനിന്നും നൽകേണ്ടത്. റോഡ് നികുതിയും ഓൺലൈനിൽ അടയ്ക്കാം. രജിസ്‌ട്രേഷൻ അപേക്ഷ അംഗീകരിച്ചാൽ അതിസുരക്ഷാ നമ്പർപ്ലേറ്റ് ഘടിപ്പിച്ച് വാഹനം നിരത്തിലിറക്കാം.

രജിസ്‌ട്രേഷൻ ഫീസ്, റോഡ് നികുതി, എന്നിവയ്ക്ക് പുറമെ ഫാസ്ടാഗിന്റെ വിലമാത്രമാണ് ഈടാക്കാൻ അനുമതിയുള്ളത്. അതിസുരക്ഷാ നമ്പർപ്ലേറ്റ് വാഹനത്തിന്റെ ഭാഗമാണ്. പ്രത്യേകം വില ഈടാക്കാൻ പാടില്ല. ഇൻഷുറൻസ് ഉടമയ്ക്ക് നേരിട്ടോ അല്ലെങ്കിൽ ഷോറൂമിൽനിന്നോ എടുക്കാം. നികുതികൾക്ക് പുറമെയുള്ളവില, രജിസ്‌ട്രേഷൻ ഫീസ്, എന്നിവ ഷോറൂമുകളിൽ പ്രദർശിപ്പിക്കണം.

വാഹനം രജിസ്‌ട്രേഷൻ പരിശോധനയ്ക്ക് ഹാജരാക്കാൻ കൊണ്ടുപോകുന്നതിനുമുമ്പ് ഹാൻഡ്‌ലിങ് ചാർജെന്ന പേരിൽ പണം ഈടാക്കിയിരുന്നു. ടോമിൻ തച്ചങ്കരി ട്രാൻസ്പോർട്ട് കമ്മിഷണറായിരുന്നപ്പോൾ ഇത് അവസാനിപ്പിച്ച് ഉത്തരവിറക്കിയിരുന്നു.