ർക്കാർ ജീവനക്കാർക്കും സൈനികർക്കും പൊതുമാപ്പ് എന്ന വാഗ്ദാനവുമായെത്തിയ താലിബാന്റെ തനിസ്വരൂപം പുറത്തു കാണാൻ തുടങ്ങിയിരിക്കുന്നു. മുൻ സർക്കാരിലെ ജീവനക്കാർക്കും സേനാംഗങ്ങൾക്കും എതിരെ കടുത്തനടപടികളുമായി താലിബാൻ മുന്നോട്ട് പോകുന്നതിന്റെ വിഡീയോ ദൃശ്യങ്ങൾ ലഭ്യമായി തുടങ്ങി. മുൻ സർക്കാരിനേയും അമേരിക്ക ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളേയും സഹായിച്ചവരെ കണ്ടെത്താൻ താലിബാൻ ഭീകരർ വീടുവീടാന്തരം കയറിയിറങ്ങി പരിശോധനകൾ ആരംഭിച്ചതിന്റെ വിശ്വസനീയമായ റിപ്പോർട്ടുകൾ ലഭിച്ചു എന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതി അദ്ധ്യക്ഷ മിഷേൽ ബാഷേൽ അറിയിച്ചു. ഇന്നലെ മനുഷ്യാവകാശ കൗൺസിലിൽ സംസാരിക്കവേയാണ് ഇവർ ഇക്കാര്യം വെളിപ്പെടുത്തിയത്.

മുൻ സർക്കാരിലെ ഉദ്യോഗസ്ഥരേയും കുടുംബാംഗങ്ങളേയും താലിബാൻ അനധികൃതമായി തടവിലാക്കുകയാണ് എന്നവർ പറഞ്ഞു. അവരിൽ ചിലരെ പിന്നീട് സ്വതന്ത്രരാക്കിയപ്പോൾ മറ്റു ചിലരെ കൊന്നുതള്ളിയതായും അവർ പറഞ്ഞു. പഞ്ച്ശിർ നിവാസികളായ നാലുപേരെ ബലം പ്രയൊഗിച്ച് കാറിൽ കയറ്റിക്കൊണ്ടുപോകുന്ന വീഡിയോ ദൃശ്യം ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. താലിബാനെതിരെ നിരന്തര യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ഈ മേഖലയിലെ ന്യുനപക്ഷമായ താജിക് വംശജരാണ് ഇവിടെ പ്രധാനമായും താലിബാന്റെ ക്രൂരതയ്ക്ക് ഇരയാകുന്നത് എന്നും അവർ പറഞ്ഞു.

സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് അവകാശപ്പെടുന്ന താലിബാൻ പക്ഷെ കഴിഞ്ഞ മൂന്ന് ആഴ്‌ച്ചകളായി പൊതുയിടങ്ങളിൽ സ്ത്രീകളുടെ സാന്നിദ്ധ്യം ഇല്ലാതെയാക്കുകയാണ്. അഫ്ഗാനിലെ ചില പ്രവിശ്യകളിൽ 12 വയസ്സിനു മുകളിലുള്ള പെൺകുട്ടികൾക്ക് സ്‌കൂളുകളിൽ പ്രവേശനം നിഷേധിച്ചിരിക്കുകയാണെന്നും അവർ മനുഷ്യാവകാശ കൗൺസിലിന്റെ ശരത്ക്കാല സമ്മേളനത്തിൽ വെളിപ്പെടുത്തി. കഴിഞ്ഞതവണത്തേക്കാൾ മൃദു സമീപനമായിരിക്കും ഇത്തവണ സ്വീകരിക്കുക എന്ന് താലിബാൻ പറയുമ്പോഴും ഫലത്തിൽ മാറ്റങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല എന്നും അവർ പറഞ്ഞു.

അതിനിടയിൽ ബ്രിട്ടീഷ് സ്പെഷ്യൽ ഫോഴ്സിനൊപ്പം പോരാടിയ ഒരു അഫ്ഗാൻ സൈനികനെ തന്റെ ഭാര്യയുടെയും മക്കളുടെയും മുന്നിൽ വെച്ച് വെടിവച്ചുകൊല്ലുന്ന ദൃശ്യം പുറത്തുവന്നു. കാബൂൾ നഗരാതിർത്തിയിലുള്ള സ്വന്തം സഹോദരിയുടെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ തേടിപ്പിടിച്ച് വെടിവെച്ചു കൊല്ലുകയായിരുന്നു ഭീകരർ. ഇയാളുടെ നെഞ്ചിലേക്ക് മൂന്നു തവണയാണ് ഭീകരർ നിറയൊഴിച്ചത്. ബ്രിട്ടീഷ് സൈന്യം പ്രത്യേക പരിശീലനം നൽകിയ സി എഫ് 333 എന്ന യൂണിറ്റിലെ അംഗമായിരുന്നു ഇയാൾ. ഈ യൂണിറ്റിലെ നിരവധിപേരെ നേരത്തേ അഫ്ഗാനിൽ നിന്നും രക്ഷപ്പെടുത്തി ബ്രിട്ടനിൽ എത്തിച്ചിരുന്നു.

താലിബാന്റെ ഈ നടപടി ബ്രിട്ടീഷ് സൈനികരിൽ അമർഷമുളവാക്കിയിട്ടുണ്ട്. പൊതുമാപ്പ് എന്ന കള്ളത്തിനു പിറകിൽ ഒളിച്ചിരുന്ന് പ്രതികാരത്തിനൊരുങ്ങുന്ന താലിബാനെതിരെ കർശന നടപടികൾ വേണമെന്ന അവശ്യത്തിന് ശക്തി വർദ്ധിക്കുകയാണ്. നേരത്തേ ബ്രിട്ടീഷ് സൈന്യത്തിനുവേണ്ടി ദ്വിഭാഷിയായി ജോലിചെയ്തിരുന്ന ഒരു അഫ്ഗാൻ പൗരനാണ് ഈ മൃഗീയ കൊലപാതകത്തിന്റെ വിവരം പുറം ലോകത്തെ അറിയിച്ചത്. ജപ്പാന്റെ സഹായത്തോടെ അഫ്ഗാനിൽ നിന്നും രക്ഷപ്പെട്ട വ്യക്തിയാണ് ഈ ദ്വിഭാഷി.

അതിനിടയിൽ കരമാർഗ്ഗം അതിർത്തി കടന്ന് പാക്കിസ്ഥാനിൽ എത്തിയ അഫ്ഗാൻ പൗരന്മാരുടെ ദുരിതവും അവസാനമില്ലാതെ തുടരുകയാണ്. ഒരു ബ്രിട്ടീഷ് കമ്പനിയിൽ സെക്യുരിറ്റി ഓഫീസറായി ജോലിചെയ്തിരുന്ന യാക്കൂബിയും കുടുംബവും ആശ്രയമില്ലാതെ പാക്കിസ്ഥാനിൽ അലയുന്ന കഥ ചില പാശ്ചാത്യമാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ബ്രിട്ടനിലേക്ക് രക്ഷപ്പെടാൻ അപേക്ഷ കൊടുത്ത ഇയാൾക്ക് അതിനുള്ള യോഗ്യതയുണ്ടായിരുന്നിട്ടും ഒഴിവാക്കുകയായിരുന്നു.