- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഫ്ഗാനിസ്ഥാനിലെ സഹായ പ്രവർത്തനങ്ങൾക്കു യുഎൻ സെക്രട്ടറി ജനറൽ 2 കോടി ഡോളർ സഹായം പ്രഖ്യാപിച്ചത് ജനങ്ങളുടെ ദുരിതം തിരിച്ചറിഞ്ഞ്; ഭക്ഷ്യക്ഷാമത്തിനൊപ്പം കടുത്ത പണക്ഷാമവും നേരിടുന്ന അഫ്ഗാനിൽ പലരും വീട്ടുസാധനങ്ങൾ വരെ വിറ്റുതുടങ്ങി; പുറത്തു വരുന്നത് നാടുവിട്ടോടുന്ന അഫ്ഗാനികളുടെ ചിത്രങ്ങൾ
ജനീവ: അഫ്ഗാനിസ്ഥാനിലെ സഹായ പ്രവർത്തനങ്ങൾക്കു യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് 2 കോടി ഡോളർ സഹായം പ്രഖ്യാപിച്ചതോടു കൂടി താലിബാൻ ഭരണകൂടത്തിന് വലിയ ആശ്വാസം. യുഎന്നിന്റെ അടിയന്തര സഹായ ഫണ്ടിൽനിന്നാണു തുക അനുവദിച്ചത്. 60 കോടി ഡോളർ രാജ്യാന്തര സഹായം വേണമെന്നും യുഎൻ അഭ്യർത്ഥിച്ചു. അതിനിടെ അഫ്ഗാൻ പൗരന്മാർ അഫ്ഗാനിസ്ഥാനിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു.
ഭക്ഷ്യക്ഷാമത്തിനൊപ്പം കടുത്ത പണക്ഷാമവും നേരിടുന്ന അഫ്ഗാനിൽ പലരും വീട്ടുസാധനങ്ങൾ വരെ വിറ്റുതുടങ്ങിയെന്നാണ് റിപ്പോർട്ട്. താലിബാൻ ഭരണം പിടിച്ചതിനു പിന്നാലെ ലോകബാങ്ക്, ഐഎംഎഫ് എന്നിവയുടേത് അടക്കം വിദേശസഹായങ്ങൾ നിലച്ചതു സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കി. ഈ സാഹചര്യത്തിലാണ് യുഎന്നിന്റെ ഇടപെടൽ.
അതിനിടെ സ്ത്രീഅവകാശകളുമായി ബന്ധപ്പെട്ടു നേരത്തേ താലിബാൻ നേതാക്കൾ നൽകിയ ഉറപ്പുകൾ ലംഘിക്കപ്പെടുന്നുവെന്ന് യുഎൻ മനുഷ്യാവകാശ ഹൈക്കമ്മിഷണർ മീഷേൽ ബച്ച്‌ലെ പറഞ്ഞു. അതിനിടെ സ്ത്രീകളുടെ അവകാശങ്ങൾ മാനിക്കണമെന്നും താലിബാൻ സർക്കാരിന് അംഗീകാരം നൽകാൻ സമയമായിട്ടില്ലെന്നും ഖത്തർ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽത്താനി ദോഹയിൽ പറഞ്ഞു. ഞായറാഴ്ച കാബൂളിൽ സന്ദർശിച്ച ഷെയ്ഖ് മുഹമ്മദ് താലിബാൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
താലിബാൻ വന്നശേഷമുള്ള, പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈനിന്റെ ആദ്യ വിമാനം ഇന്നലെ കാബൂളിൽ ഇറങ്ങി. കാബൂൾ രാജ്യാന്തര വിമാനത്താവളം പൂർണനിലയിൽ സജ്ജമായിട്ടില്ല. ഖത്തർ എയർലൈൻസിന്റെ ചാർട്ടേഡ് വിമാനങ്ങളിൽ നൂറുകണക്കിനു വിദേശികൾക്കൊപ്പം അഫ്ഗാൻ പൗരന്മാരും കഴിഞ്ഞ ആഴ്ചയിൽ കാബൂൾ വിട്ടു. പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ ആയിരങ്ങൾ കുടുങ്ങിക്കിടക്കുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങളാണു പുറത്തു വന്നത്. അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിലുള്ള സ്പിൻ ബോൾഡാക്കിലെ ചാമൻ അതിർത്തിയിലെ സെപ്റ്റംബർ 6ാം തീയതിയിലെ ചിത്രങ്ങളാണിവ.
സ്പിൻ ബോൾഡാക്കിലെ ചമാൻ അതിർത്തി അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിലുള്ള ഏറ്റവും തിരക്കേറിയ അതിർത്തികളിലൊന്നാണ്. സ്പിൻ ബോൾഡാക്കിന് പുറമേ, തജിക്കിസ്ഥാന്റെ അതിർത്തിയിലുള്ള ഷിർ ഖാൻ, ഇറാന്റെ അതിർത്തിയിലുള്ള ഇസ്ലാം കാല, പാക്കിസ്ഥാന്റെ അതിർത്തിയിലെ തോർഖാം എന്നിവയാണ് അഫ്ഗാനിസ്ഥാനിലെ മറ്റു പ്രധാന അതിർത്തി പ്രദേശങ്ങൾ.
കാബൂളിൽനിന്നും മറ്റ് അഫ്ഗാൻ നഗരങ്ങളിൽനിന്നും കുടുംബങ്ങൾ കൂട്ടത്തോടെ അതിർത്തി പ്രദേശങ്ങളിലേക്കു പോകുകയാണെന്നാണു റിപ്പോർട്ട്. ഇതോടെ അതിർത്തികളിൽ തിരക്കേറി.
മറുനാടന് മലയാളി ബ്യൂറോ