- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കൻ ഗ്രീൻ കാർഡ് കിട്ടാതെ വർഷങ്ങളായി വിഷമിക്കുന്നവർക്ക് പരിഹാരവുമായി പുതിയ നിയമം വരുന്നു; അമേരിക്കയിൽ എത്തിയിട്ടും ജാതകം തെളിയാത്തവർക്ക് ഇനി ആശ്വാസം
ഗ്രീൻ കാർഡ് ലഭിക്കാതെ വിഷമിക്കുന്ന ആയിരക്കണക്കിന് ഇന്ത്യാക്കാർക്ക് ആശ്വാസമായി പുതിയ നിയമം വരുന്നു. പരിഗണനയിലിരിക്കുന്ന പുതിയഹൗസ് ബിൽ നിയമമായാൽ ഒരു സപ്ലിമെന്ററി ഫീസ് നൽകുന്നതിലൂടെ വർഷങ്ങളായി അമേരിക്കയിലുള്ള വിദേശികൾക്ക് നിയമപരമായ പെർമനന്റ് റെസിഡൻസ് സ്റ്റാറ്റസ് ലഭ്യമാക്കുന്നതാണ് പുതിയ നിയമം. ഗ്രീൻ കാർഡ് ലഭിക്കാതെ കഷ്ടപ്പെടുന്ന ആയിരക്കണക്കിന് ഇന്ത്യൻ ഐ ടി വിദഗ്ദർക്ക് ഈ പുതിയ നിയമം ആശ്വാസകരമാകും എന്നാണ് കണക്കാക്കപ്പെടുന്നത്.
അമേരിക്കയിൽ എത്തുന്ന കുടിയേറ്റക്കാർക്ക് നിയമപരമായി അമേരിക്കയിൽ സ്ഥിരതാമസത്തിന് അനുമതി നൽകുന്ന രേഖയാണ് ഗ്രീൻ കാർഡ് എന്നറിയപ്പെടുന്നത്. കുടിയേറ്റത്തിന്റെ ചുമതലയുള്ള അമേരിക്കൻ ജനപ്രതിനിധി സഭയിലെ ജുഡീഷറി കമ്മിറ്റിയാണ് പുതിയ നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. ഇതനുസരിച്ച് രണ്ടു വർഷത്തിലധികമായി തൊഴിൽ വിസയിൽ ഉള്ള കുടിയേറ്റക്കാർക്ക് 5000 ഡോളറിന്റെ ഒരു സപ്ലിമെന്ററി ഫീസ് നൽകിയാൽ അമേരിക്കയിൽ സ്ഥിരതാമസത്തിനുള്ള അർഹത ലഭിക്കും. നിക്ഷേപകരായ കുടിയേറ്റക്കാരുടെ ഫീസ് 50,000 ഡോളർ ആയിരിക്കും. 2031 വരെയാണ് ഈ സൗകര്യം ലഭിക്കുക എന്നും ഫോബ്സ് മാസിക റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, ഒരു അമേരിക്കൻ പൗരൻ സ്പോൺസർ ചെയ്യുന്ന കുടുംബത്തിലെ അംഗമായ കുടിയേറ്റക്കാരന് ഗ്രീൻ കാർഡ് ലഭിക്കുവാൻ നൽകേണ്ടി വരിക 2,500 ഡോളർ ആയിരിക്കും. എന്നാൽ ഇവരും 2 വർഷത്തിലേറെയായി അമേരിക്കയിൽ ഉള്ളവരായിരിക്കണം. എന്നാൽ, അമേരിക്കയിൽ എത്തി 2 വർഷം തികയാത്തവർക്ക്, അവരുടെ സാന്നിദ്ധ്യം അമേരിക്കയിൽ അത്യാവശ്യമാണെങ്കിൽ 1500 ഡോളർ സപ്ലിമെന്ററി ഫീസ് നൽകി ഗ്രീൻ കാർഡ് കരസ്ഥമാക്കാം. അപേക്ഷകൻ നൽകേണ്ട ഏതെങ്കിലും വിധത്തിലുള്ള അഡ്‌മിനിസ്ട്രേഷൻ ഫീസിനു പുറമേ ആയിരിക്കും ഈ ഫീസ്.
കുടിയേറ്റക്കാർക്ക് ആനുകൂല്യം നൽകുമ്പോഴും അടിസ്ഥാനപരമായ കുടിയേറ്റ നിയമത്തിൽ ഈ പുതിയ നിയമം മാറ്റങ്ങൾ ഒന്നും വരുത്തുന്നില്ല. ഗ്രീൻ കാർഡുകൾക്കുള്ള രാജ്യങ്ങളുടെ പരിമിതി മാറ്റുകയോ അല്ലെങ്കിൽ എച്ച്-1 ബി വിസകളുടെ എണ്ണത്തിൽ വർദ്ധനവ് വരുത്തുകയോ ചെയ്യുന്നില്ല. ഈ ബിൽ നിയമമാകുവാൻ ജനപ്രതിനിധി സഭയിലും സെനറ്റിലും പാസ്സായശേഷം പ്രസിഡണ്ടിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്.
ഈ നിയമം പ്രാബല്യത്തിൽ വന്നാൽ, രേഖകൾ ഇല്ലാതെ അമേരിക്കയിൽ എത്തിച്ചേർന്ന കുട്ടികൾ, ടെമ്പററി പ്രൊട്ടക്ടട് സ്റ്റാറ്റസ് ആനുകൂല്യം ഉള്ളവർ, കാർഷിക തൊഴിലാളികൾ, കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് എത്തിയ്വർ എന്നിവർക്ക് അമേരിക്കയിൽ പെർമനന്റ് റെസിഡൻസി സ്റ്റാറ്റസോ ഗ്രീൻ കാർഡോ ലഭിക്കും എന്നാണ് സി ബി എസ് ന്യുസ് റിപ്പോർട്ട് ചെയ്യുന്നത്.
എന്നാൽ, രാജ്യങ്ങൾക്കുള്ള പരിമിതി നിലനിർത്തുന്നതിനാൽ ഇന്ത്യാക്കാരും ചൈനാക്കാരും മാത്രമായിരിക്കും ഈ ഫീസ് നൽകേണ്ടതായി വരിക എന്നൊരു ആരോപണം ഈ ബില്ലിനെതിരെ ഉയരുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ