കോഴിക്കോട്: ഗവ. സൈബർ പാർക്കിൽ മൂന്ന് കമ്പനികൾ കൂടി പുതുതായി പ്രവർത്തനം ആരംഭിച്ചു. യുഎസിലെ ന്യൂജേഴ്സി ആസ്ഥാനമായ പ്രൊട്ടക്റ്റഡ് ഹാർബർ, കോഴിക്കോട് കേന്ദ്രീകരിച്ചുള്ള പുതിയ കമ്പനി എംവൈഎം ഇൻഫോടെക്ക്, നെറ്റ്‌വർത്ത് സോഫ്റ്റ്‌വെയർ സൊലൂഷൻസ് എന്നിവരാണ് പുതുതായി എത്തിയത്. പ്രൊട്ടക്റ്റഡ് ഹാർബറിന്റെ ഇന്ത്യയിലെ ആദ്യ കേന്ദ്രമാണ് സൈബർ പാർക്കിലേത്. ഐടി സപോർട്ട് ആൻഡ് സർവീസ് രംഗത്ത് പ്രവർത്തിക്കുന്ന ഈ കമ്പനിയുടെ ഉപഭോക്താക്കൾ യുഎസ് സ്ഥാപനങ്ങളാണ്. 

ഫാസിസ് വി.പി ആണ് ഇന്ത്യാ ഡയറക്ടർ. സോഫ്റ്റ്‌വെയർ കമ്പനിയായ എംവൈഎം ഇൻഫോടെക്കിന്റെ ഉപഭോക്താക്കൾ ഗൾഫ് മേഖലയിലെ വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങളാണ്. മുബഷിർ പി ആണ് സിഇഒ. ബിസിനസ് സ്ഥാപനങ്ങൾക്ക് ആവശ്യമായ നിർമ്മിത ബുദ്ധി, മെഷീൻ ലേണിങ് അടിസ്ഥാനമാക്കിയുള്ള ഫിൻടെക് സോഫ്റ്റ്‌വെയറുകൾ വികസിപ്പിക്കുന്ന സ്റ്റാർട്ടപ്പാണ് നെറ്റ്‌വർത്ത്. സൈബർ പാർക്ക് ജനറൽ മാനേജർ വിവേക് നായർ ഉൽഘാടനം ചെയ്തു.

കോവിഡ് കാലത്ത് മാത്രം 30 കമ്പനികളാണ് സൈബർ പാർക്കിൽ ഇതുവരെ പുതുതായി പ്രവർത്തനം തുടങ്ങിയത്. കൂടാതെ ചെറിയ കമ്പനികൾക്ക് സൗകര്യപ്രദമായ രീതിയിൽ 31 സ്ഥാപനങ്ങളെ ഉൾക്കൊള്ളുന്ന 42,744 ചതുരശ്ര അടി ഓഫീസ് ഇടം കൂടി പണി പൂർത്തീകരിച്ചിട്ടുണ്ട്. ഇവിടെ ഫർണിചർ അടക്കം എല്ലാം സജ്ജീകരിച്ചിട്ടുണ്ട്.