കോവിഡിന്റെ ഉത്പത്തിയെ സംബന്ധിച്ചുണ്ടായ തർക്കങ്ങൾ ആസ്ട്രേലിയയെ ചൈനയുടേ മുഖ്യശത്രുവായി മാറ്റിയതോടെ ആസ്ട്രേലിയയ്ക്ക് പിന്തുണയുമായി അമേരിക്കയും ബ്രിട്ടനും എത്തുന്നു. ആണവ മുങ്ങിക്കപ്പലുകൾ നിർമ്മിക്കാനുള്ള ആസ്ട്രേലിയൻ പദ്ധതിയിൽ സഹകരിച്ചുകൊണ്ടാകും ഇതിന്റെ തുടക്കം. ഔക്കസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ സഖ്യത്തിന്റെ വിവരം അമേരിക്കൻ പ്രസിഡണ്ടാണ് ഇന്നലെ പ്രഖ്യാപിച്ചത്. പ്രഖ്യാപനം നടത്തുമ്പോൾ ബ്രിട്ടന്റെയും ആസ്ട്രേലിയയുടെയും പ്രധാനമന്ത്രിമാരുടെ വെർച്വൽ സാന്നിദ്ധ്യവും ഉണ്ടായിരുന്നു.

പുതിയ സഖ്യത്തിന്റെ നയങ്ങൾ അനുസരിച്ച് നിർമ്മിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), സമുദ്രാന്തര സാങ്കേതികവിദ്യ, ദീർഘദൂര മിസൈലുകൾ എന്നിവയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഇതിലെ അംഗങ്ങൾ തമ്മിൽ കൈമാറും. ആണവശക്തിയിൽ പ്രവർത്തിക്കുന്ന മുങ്ങിക്കപ്പലുകൾ, തീർത്തും ശബ്ദമില്ലാതെ പ്രവർത്തിക്കുന്നതും ആസ്ട്രേലിയയിൽ നിലവിലെ മുങ്ങിക്കപ്പലുകളേക്കാൾ മെച്ചപ്പെട്ടവയും ആയിരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മാത്രമല്ല, ഇതിന്റെ പ്രതിരോധം വിദൂരപൂർവ്വ ദേശങ്ങൾ വരെ നീളുന്നതുമാണ്.

ഇൻഡോ-പസെഫിക് മേഖലയിൽ സുസ്ഥിരമായ സമാധാനം ആവശ്യമാണെന്നാണ് ഔക്കസ് സഖ്യം വിശ്വസിക്കുന്നതെന്ന് ജോ ബൈഡൻ പറഞ്ഞു. ചൈനയുടെ പേരെടുത്ത് പരാമർശിച്ചില്ലെങ്കിലും മേഖലയിലെ ചൈനയുടെ അമിതമായ ആഗ്രഹങ്ങൾക്ക് വിലങ്ങിടുക എന്നത് തന്നെയാണ് ഈ സഖ്യത്തിന്റെ ഉദ്ദേശം എന്ന് വ്യക്തമാക്കുകയുണ്ടായി. ഇരുപതാം നൂറ്റാണ്ടിൽ ചെയ്തത് പോലെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഭീഷണി നേരിടാൻ വിപുലീകരിച്ച സഖ്യം പ്രാപ്തമാണെന്ന് ബൈഡൻ പറഞ്ഞു. അതേസമയം, ആണവശക്തിയിലാണ് മുങ്ങിക്കപ്പൽ പ്രവർത്തിക്കുന്നതെങ്കിലും അതിൽ പരമ്പരാഗത ആയുധങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളു എന്നും നേതാക്കൾ വിശദീകരിച്ചു.

പരമ്പരാഗത ആയുധങ്ങൾ വഹിക്കുന്ന മുങ്ങിക്കപ്പലുകളാണിവയെല്ലാം, എന്നാൽ പ്രവർത്തിക്കുന്നത് ആണവശക്തിയിലാണെന്നു മാത്രം. തികച്ചും സുരക്ഷിതമായ ഒരു സാങ്കേതിക വിദ്യയാണിതെന്ന് തെളിഞ്ഞിട്ടുമുണ്ട്. നിലവിൽ ബ്രിട്ടനുമായി മാത്രമാണ് അമേരിക്ക ഈ സാങ്കേതിക വിദ്യ പങ്കുവച്ചിരിക്കുന്നത്. 1958-ലെ കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത് പങ്കുവച്ചത്. മുങ്ങിക്കപ്പലുകളുടെ നിർമ്മാണത്തിന്റെ ആദ്യഘട്ടം അടുത്ത 18 മാസങ്ങൾക്കകം ആരംഭിക്കുമെന്ന് ആസ്ട്രേലിയൻ പ്രധാനമന്ത്രി അറിയിച്ചു. അഡെലെയ്ഡിലായിരിക്കും നിർമ്മാണം നടക്കുക.

ആസ്ട്രേലിയയുടെ പഴക്കംചെന്ന മുങ്ങിക്കപ്പലുകൾക്ക് പകരം വാങ്ങാൻ ഫ്രാൻസുമായി 40 ബില്ല്യൺ ഡോളറിന്റെ കരാർ ഉണ്ടാക്കുമെന്ന പ്രഖ്യാപനം ഇതോടെ വെറുംവാക്കായിമാറി. ഇന്ത്യയുടെ കൂടി രഹസ്യ പിന്തുണയുള്ള ഈ പുതിയ സഖ്യത്തിന്റെ രൂപീകരണം ചൈനയെ അസ്വസ്ഥമാക്കിയിട്ടുണ്ട്. സിങ്ജിയാംഗ് പ്രവിശ്യയിലെ മനുഷ്യാവകാശം സംബന്ധിച്ചും ഹോങ്കോംഗിലെ ജനാധിപത്യ ധ്വംസനത്തെ കുറിച്ചും ബൈഡൻ സർക്കാരിന്റെ വക്താവിന്റെ പരാമർശത്തോടെ പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ടാണ് ഈ ചൈന പ്രതികരിച്ചത്.

വരുന്ന ആഴ്‌ച്ച ആസ്ട്രേലിയ, ഇന്ത്യ, ജപ്പാൻ, അമേരിക്ക എന്നീ നാല് രാജ്യങ്ങൾ ഉൾക്കൊള്ളുന്ന ക്വാഡ് എന്ന സഖ്യത്തിന്റെ യോഗം ചേരാനിരിക്കെ ചൈന കൂടുതൽ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയേക്കും എന്ന സൂചനയുമുണ്ട്. ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിഡ് സുഗ എന്നിവർ ഈ യോഗത്തിൽ പങ്കെടുക്കും. പുതിയ സഖ്യങ്ങളിലൂടെ ഇൻഡോ-പസഫിക് മേഖലയിൽ ശാശ്വത സമാധാനം കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന് ബൈഡൻ പറഞ്ഞു. കോവിഡ് പ്രതിസന്ധി, കാലാവസ്ഥാ വ്യതിയാനം, ആധുനിക സാങ്കേതിക വിദ്യകൾ അതുപോലെ ഇൻഡോ-പസഫിക് മേഖല സ്വതന്ത്രവും തുറന്നതുമാക്കൽ എന്നീ വിഷയങ്ങൾ നേതാക്കൾചർച്ച ചെയ്യുമെന്ന് വൈറ്റ്ഹൗസ് വക്താവ് വ്യക്തമാക്കി.

മറ്റു രാജ്യങ്ങളുടെ അവകാശങ്ങളെ അവഗണിച്ചുകൊണ്ട് തെക്കൻ ചൈനാ കടലിൽ ചൈന അവകാശമുന്നയിക്കുന്ന ഈ സാഹചര്യത്തിൽ ഈ യോഗത്തിന് അതീവ പ്രാധാന്യമുണ്ടെന്നാണ് നിരീക്ഷകർ കരുതുന്നത്. മേഖലയിലെ തീരദേശ രാജ്യങ്ങളുടെ പരമാധികാരം സംരക്ഷിക്കാൻ പ്രതിജ്ഞാ ബദ്ധമാണെന്നാണ് ഇതുമായി ബന്ധപ്പെട്ട് വൈറ്റ്ഹൗസ് വക്താവ് പറഞ്ഞത്. നിലവിൽ വിയറ്റ്നാം, ബ്രൂണൈ, ഫിലിപ്പൈൻസ്, ഇൻഡോനേഷ്യ, ചൈന, തായ്വാനെന്നെ എന്നീ രാജ്യങ്ങളാണ് തെക്കൻ ചൈനക്കടലിൽ അവകാശം ഉന്നയിക്കുന്നത്.