കൊച്ചി: കേരളത്തിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന ആയ പ്രതിധ്വനി ഐ ടി കമ്പനികളുമായി ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ വെർച്വൽ ജോബ് ഫെയറിന് തുടക്കമായി. തിരുവനന്തപുരം ടെക്നോപാർക്ക്, കൊച്ചി ഇൻഫോപാർക്ക്, കോഴിക്കോട് സൈബർപാർക്ക് എന്നിവിടങ്ങളിലെ നൂറിലേറെ കമ്പനികളിലായി രണ്ടായിരത്തിലേറെ തൊഴിലവസരങ്ങളാണ് ഉള്ളത്. കേരളത്തിന് അകത്തും പുറത്തുമുള്ള ഐടി ജോലി തേടുന്നവർക്ക് ഇന്നു (വെള്ളി, സെപ്്തംബർ 17) മുതൽ സെപ്റ്റംബർ 21 വരെ jobs.prathidhwani.org എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. ഈ സേവനം തീർത്തും സൗജന്യമാണ്. ബഹുരാഷ്ട്ര കമ്പനികളായ യുഎസ്‌ടി, അലയൻസ്, എച്ച്എൻആർ ബ്ലോക്ക്, ക്വസ്റ്റ് ഗ്ലോബൽ, ടാറ്റ എൽക്സി തുടങ്ങി നൂറിലേറെ കമ്പനികളാണ് ഈ പോർട്ടൽ വഴി നേരിട്ട് ജീവനക്കാരെ തെരഞ്ഞെടുക്കുന്നത്.

രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികളിൽ നിന്ന് ഐ ടി കമ്പനികൾ തേടുന്ന ശരിയായ ടെക്‌നിക്കൽ സ്‌കിൽസെറ്റ് ഉള്ളവരെ കമ്പനികൾക്കു തന്നെ കണ്ടെത്താം. പ്രതിധ്വനിയുടെ വിർച്വൽ ജോബ് ഫെയർ ഓട്ടോമേറ്റഡ് സംവിധാനം വഴിയാണിത്. ഇങ്ങനെ കമ്പനികൾ കണ്ടെത്തുന്ന ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 22 മുതൽ 30 വരെ നേരിട്ട് ഇന്റർവ്യൂ സംഘടിപ്പിക്കും.

ഏതാനും മാസങ്ങളായി കേരളത്തിലെ ഐടി കമ്പനികളിൽ വൻതോതിൽ തൊഴിലവസരങ്ങൾ റിപോർട്ട് ചെയ്യപ്പെടുന്നുണ്ട്. പുതുതായി കോഴ്സ് പൂർത്തിയാക്കിയവർ ഉൾപ്പെടെ യോഗ്യരായ ഐടി പ്രൊഫഷനലുകളെ വേഗത്തിൽ കണ്ടെത്താനാണ് കമ്പനികൾ പ്രതിധ്വനിയുമായി സഹകരിച്ച് വെർച്വൽ ജോബ് ഫെയറിന്റെ ഭാഗമായത്. കേരളത്തിലെ മാത്രമല്ല ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ്, പൂണെ തുടങ്ങിയ പ്രധാന ഐ ടി ഹബ്ബുകളിലുള്ള മലയാളികളായ ഐ ടി പ്രൊഫഷനലുകൾ കേരളത്തിൽ വന്നു ജോലി ചെയ്യാൻ താല്പര്യപ്പെടുന്നുണ്ട്. അവർക്കു കൂടി അവസരമൊരുക്കിയാണ് ഈ ജോബ് ഫെയർ വിഭാവനം ചെയ്തിരിക്കുന്നതെന്ന് പ്രതിധ്വനി പ്രസിഡന്റ് റനീഷ് എ ആർ പറഞ്ഞു.

ഡെവോപ്സ് എൻജിനീയർ, ആർക്കിടെക്ട്, ഓട്ടോമേഷൻ ടെസ്റ്റിങ്, ബിഗ് ഡാറ്റ, ഡി ബി ഡവലപ്പർ, ഫുൾസ്റ്റാക്ക് ഡവലപ്പർ, യു എക്സ് ഡിസൈനർ, ജാവ, ഡോട്ട് നെറ്റ്, പൈത്തൺ തുടങ്ങിയ നിരവധി ടെക്‌നോളജിയിലും ബിസിനസ് അനലിസ്റ്റ്, കൺസൾടെന്റ്, സെയിൽസ് എക്സിക്യൂട്ടീവ്, ടെക്നിക്കൽ റൈറ്റർ തുടങ്ങിയ നിരവധി ഒഴിവുകളിലാണ് അവസരങ്ങൾ ഉള്ളത്.
ഉദ്യോഗാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് jobs.prathidhwani.org പോർട്ടലിൽ ലഭ്യമാണ്.