പതിനാലു കൊല്ലത്തിന്റെ വേർപാടും അതിന്റെ വേദനയുംഒരിക്കലും മറക്കാനാവില്ലെങ്കിലും വർഷങ്ങൾക്കിപ്പുറം കണ്ടുമുട്ടിയതിന്റെ സന്തോഷത്തിലാണ് ഒരു അമ്മയും മകളും. അമേരിക്ക-മെക്സിക്കോ അതിർത്തിയിലെ കൂടിക്കാഴ്ചയും പരസ്പരം ആലിംഗനം ചെയ്തുള്ള സങ്കടക്കണ്ണീരിനും ഒടുവിൽ ജാക്വലിൻ ഹെർണാണ്ടസും അമ്മ ആൻജെലിക്ക വെൻസെസ് സാൽഗാഡോയും സന്തോഷത്തിന്റെ നെറുകയിലാണ്.

ഫ്ളോറിഡയിലെ ക്ലെർമോണ്ടിലെ വീട്ടിൽനിന്ന് പതിനാലു കൊല്ലം മുൻപാണ് ജാക്വലിൻ ഹെർണാണ്ടസിനെ അവളുടെ അമ്മയുടെ അരികിൽനിന്ന് തട്ടിക്കൊണ്ടുപോയത്. 2007 ഡിസംബർ 22-നായിരുന്നു സംഭവം. ബി.ബിസി. റിപ്പോർട്ട് പ്രകാരം, പിതാവ് പാബ്ലോ ഹെർണാണ്ടസ് ആയിരുന്നു ജാക്വിലിനെ തട്ടിക്കൊണ്ടുപോയത്. എന്നാൽ ഈ മാസം ആദ്യം ജാക്വിലിൻ, ആൻജെലിക്കയ്ക്ക് ഫേസ്‌ബുക്കിൽ സന്ദേശം അയച്ചതോടെ അവരുടെ പുനഃസമാഗമത്തിന് വഴിയൊരുങ്ങുകയായിരുന്നു.

14 വർഷത്തിനുള്ളിൽ ജാക്വിലിനെ കാണാതായ സംഭവം ഒരു 'അൺസോൾവ്ഡ് കേസ്' ആയി ക്ലെർമോണ്ട് പൊലീസ് ഡിപ്പാർട്മെന്റി(സി.പി.ഡി.) എഴുതി തള്ളി. എന്നാൽ സെപ്റ്റംബർ രണ്ടാംതിയതി തന്റെ മകൾ ജീവനോടെയുണ്ടെന്ന വാദവുമായി ആൻജെലിക്ക സി.പി.ഡിയെ സമീപിച്ചതോടെ കഥമാറി.

നിലവിൽ മെക്സിക്കോയിൽ താമസിക്കുന്ന ഒരു പെൺകുട്ടി, തന്റെ മകളാണെന്ന് അവകാശപ്പെട്ട് ഫേസ്‌ബുക്കിൽ സന്ദേശം അയച്ചതായി ആൻജെലിക്ക പൊലീസിനെ അറിയിച്ചു. മെക്സിക്കോ-അമേരിക്ക അതിർത്തിയായ ലാരേഡോയിൽവെച്ച് സെപ്റ്റംബർ പത്തിന് തമ്മിൽ കാണാമെന്ന് പെൺകുട്ടി പറഞ്ഞതായും ആൻജെലിക്ക പൊലീസിനോടു പറഞ്ഞു.

ആൻജെലിക്ക വിവരം കൈമാറിയതിന് പിന്നാലെ ഫ്ളോറിഡയിലെയും ടെക്സാസിലെയും പൊലീസും ഹോംലാൻഡ് സെക്യൂരിറ്റിയിലെ ഉദ്യോഗസ്ഥരും ഉൾപ്പെട്ട സംഘം വിശദമായ അന്വേഷണത്തിനും പെൺകുട്ടി ആരെന്ന് കണ്ടെത്താനുമുള്ള പദ്ധതി ആവിഷ്‌കരിച്ചു. അങ്ങനെ മണിക്കൂറുകൾക്കുള്ളിൽത്തന്നെ ജാക്വിലിൻ, ആൻജെലിക്കയുടെ മകളാണെന്ന് സ്ഥിരീകരിച്ചു.

അതോടെ പതിനാലു കൊല്ലത്തിനു ശേഷം ജാക്വിലിനും ആൻജെലിക്കയും ആദ്യമായി അമേരിക്ക-മെക്സിക്കോ അതിർത്തിയിൽ കണ്ടുമുട്ടി. പിന്നാലെ ഇവരുടെ ഔദ്യോഗിക കൂടിക്കാഴ്ച ടെക്സാസിൽ തിങ്കളാഴ്ചയും നടന്നു. സംഭവത്തെ കുറിച്ച് ക്ലെർമോണ്ട് പൊലീസ് ഡിപ്പാർട്മെന്റ് ഫേസ്‌ബുക്കിൽ കുറിപ്പും പങ്കുവെച്ചിട്ടുണ്ട്.