കണ്ണൂർ: കണ്ണുർ സർവകലാശാലയിൽ വൈസ് ചാൻസലറെ കാണാനെത്തിയ കെ.എസ്.യു നേതാക്കളും സിൻഡിക്കേറ്റ് അംഗങ്ങളും തമ്മിൽ വാക്കേറ്റവും പോർവിളിയും. വെള്ളിയാഴ്‌ച്ച വൈകുന്നേരം മൂന്ന് മണിക്ക് കണ്ണൂർ സർവകലാശാലയിൽ വിവാദ സിലബസുണ്ടാക്കിയ അദ്ധ്യാപകനെ ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ സ്ഥാനത്തു നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് കെ.എസ്.യു നേതാക്കൾ വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രനുമായി കൂടിക്കാഴ്‌ച്ച നടത്തുന്നതിനിടെയാണ് സംഭവം.

സംഘ് പരിവാർ സൈദ്ധാന്തികരുടെ പാഠഭാഗങ്ങൾ ഉൾകൊള്ളിച്ചു വിവാദ സിലബസുണ്ടാക്കിയ പയ്യന്നൂർ കോളേജിലെ അദ്ധ്യാപകനായ എം.ജി സുധീഷിനെ മാറ്റണമെന്നും പാനലിലെ യോഗ്യനായ മറ്റൊരു അദ്ധ്യാപകനെ ബോർഡ് ഓഫ് സ്റ്റഡീസ് സ്ഥാനത്തേക്ക് നിയോഗിക്കണമെന്ന. തങ്ങളുടെ ആവശ്യം വൈസ് ചാൻസലറുമായി ചർച്ച നടത്തുമ്പോഴാണ് സിൻഡിക്കേറ്റ് അംഗങ്ങൾ കടന്നു വന്ന് അനാവശ്യമായി ആക്രോശിച്ചതെന്ന് ഷമ്മാസ് പറഞ്ഞു.

തങ്ങളുടെ ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്നു ഉറപ്പു നൽകിയതിലുള്ള പ്രകോപനമാണ് കാരണമെന്നും ഷമ്മാസ് പറഞ്ഞു. ഈയൊരു ഉറപ്പുപാലിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ഇതിനു കടകവിരുദ്ധമായി എന്തെങ്കിലും സംഭവിച്ചാൽ സർവകലാശാലയ്‌ക്കെതിരെ സമരമാരംഭിക്കുമെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു.

തങ്ങൾ വി സിയുമായി വിഷയം ചർച്ച ചെയ്യുമ്പോൾ അവിടേക്ക് വന്ന സിൻഡിക്കേറ്റ് അംഗങ്ങൾ അതൊന്നും നടക്കില്ലെന്ന് പറഞ്ഞ് ആക്രോശിച്ചതും തികച്ചും ജനാധിപത്യവിരുദ്ധമാണെന്ന് ഷമ്മാസ് പുറത്തിറങ്ങിയതിനു ശേഷം മാധ്യമ പ്രവർത്തരോട് പറഞ്ഞു.
ഇത്തരം അന്ധമായ രാഷ്ട്രീയം അക്കാദമിക് കാര്യങ്ങളിൽ വെച്ചു പുലർത്തുന്നവരാണ് കണ്ണൂർ സർവകലാശാലയിലുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങൾക്കും കാരണമെന്നും ഷമ്മാസ് ആരോപിച്ചു.