കണ്ണൂർ: വൻകിട ജല പാതാ പദ്ധതിയുടെ പേരിൽ നടത്തുന്ന കുടിയിറക്കലിനെതിരെ കണ്ണുരിൽ അതിശക്തമായ പ്രതിഷേധവുമായി വീട്ടമ്മമാർ. സർവ്വേ നടത്തുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ കാപ്പാട് പ്ര ദേശവാസികളെ വെള്ളിയാഴ്‌ച്ച രാവിലെ പൊലീസ് തടഞ്ഞു. രാവിലെ പതിനൊന്ന് മണിയോടെ കാപ്പാട് സിപി സ്റ്റോറിൽ നിന്നും പ്രകടനമായി എത്തിയ പ്രവർത്തകരെ കാപ്പാട് ധർമശാസ്ത ക്ഷേത്ര റോഡിൽ വച്ച് പൊലീസ് തടഞ്ഞു.

കോൺഗ്രസ് നേതാവ് കട്ടേരി നാരായണൻ,പൊതുപ്രവർത്തകൻ രാജൻ കോരമ്പേത്ത് തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സ്ത്രീകൾ അടക്കമുള്ളവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കണ്ണീർ പാത നമ്മൾക്ക് ആവശ്യമില്ലെന്നും ബന്ധപ്പെട്ട അധികൃതർ ആരുമായും സംസാരിക്കാതെ ധിക്കാരപരമായാണ് സർവേയുമായി മുന്നോട്ട് പോകുന്നതെന്നും പ്രതിഷേധക്കാർ ആരോപിച്ചു. പ്രതിഷേധവുമായി എത്തിയ പ്രവർത്തകരെയെല്ലാം അറസ്റ്റ് ചെയ്ത് നീക്കി.

വൻ പൊലീസ് സംഘമാണ് സർവേ നടക്കുന്ന കാപ്പാട് നിലയുറപ്പിച്ചിട്ടുള്ളത്. കോർപറേഷൻ 19-ാം വാർഡ് കൗൺസിലർ മിനി അനിൽകുമാർ സമരം നടത്തുന്ന വനിതകളെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് ശ്രമം തടഞ്ഞു. കാപ്പാട് കുനിയിൽ താഴെ, സിപി സ്റ്റോറിന് സമീപം എന്നിവിടങ്ങളിൽ ഒരാഴ്ച മുമ്പ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ച സർവേ വ്യാഴാഴ്‌ച്ച രാവിലെയാണ് പുനരാരംഭിച്ചത്. ഇന്നലെയും നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.