ലോകത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് തന്റെ മൂന്നു മക്കളെ കൊന്ന കുറ്റത്തിന് സ്വന്തം അമ്മയെ അറസ്റ്റു ചെയ്തു. ന്യുസിലാൻഡിലാണ് സംഭവം. ദക്ഷിണാഫ്രിക്കയിൽ നിന്നും ജോലി കിട്ടി ന്യുസിലാൻഡിൽഎത്തിയ ഡോക്ടർകൂടിയായ ലോറൻ ഡിക്കാസൺ എന്ന 40 കാരിയാണ് അറസ്റ്റിലായത്. രണ്ടുവയസ്സുള്ള ഇരട്ടക്കുട്ടികളേയും മൂത്ത മകളായ ആറുവയസ്സുകാരിയേയുമാണ് ഇവർ അതിക്രൂരമായി കൊല ചെയ്തത്. ന്യുസിലാൻഡിൽ എത്തിയ കുടുംബം നിയമപ്രകാരമുള്ള ഹോട്ടൽ ക്വാറന്റൈൻ പൂർത്തിയാക്കിയതിനുശേഷമാണ് ഇവർ ഈ കൊല ചെയ്തത്.

ഹോട്ടൽ ക്വാറന്റൈൻ പൂർത്തിയാക്കി വീട്ടിലേക്ക് താമസം മാറ്റിയിരുന്നു ഇവർ. രാത്രി 10 മണിക്ക് വീട്ടിലെത്തിയ ഇവരുടെ ഭർത്താവ് ഗ്രഹാം ഡിക്കാസൺ ആണ് തങ്ങ്റ്റെ മക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഓർത്തോപീഡിക് സർജൻ കൂടിയായ ഇയാൾ കുടുംബത്തോടൊപ്പം ഒരു പുതിയ ജീവിതം ആരംഭിക്കുവാനായി ന്യുസിലാൻഡിൽ എത്തിയതായിരുന്നു. ഓഗസ്റ്റ് അവസാനത്തോടേ ന്യുസിലാൻഡിൽ എത്തിയ ഇവർ ഹോട്ടൽ ക്വാറന്റൈൻ പൂർത്തിയാക്കി പുതിയ വീട്ടിലേക്ക് താമസം മാറ്റിയിട്ട് ഏതാനും നാളുകളെ ആയിട്ടുള്ളൂ.

ആരോ ഏങ്ങലടിച്ചു കരയുന്ന ശക്തവും പിന്നീട് വാതിൽ ശക്തിയായി അടയ്ക്കുന്ന ശബ്ദവും കേട്ടതായി അയൽക്കാർ പറയുന്നു. വീടിനു പുറകിൽ ആരോ കറങ്ങി നടക്കുന്നത് കണ്ടതായും അവർ പറയുന്നു. ആ വ്യക്തി ഏങ്ങിക്കരയുകയായിരുന്നു എന്നും അവർ വ്യക്തമാക്കി. മറ്റൊരു അയൽവാസി പറഞ്ഞത് ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് ചോദിച്ച് ഒരു പുരുഷൻ കരയുന്നത് കേട്ടു എന്നാണ്. അയൽക്കാരുടെ ചോദ്യങ്ങൾക്ക് അയാൾ മറുപടി പറഞ്ഞില്ലെന്നും പറയുന്നു.

പൊലീസ് എത്തിയതിനുശേഷമാണ് വിവരങ്ങൾ അറിയുന്നത്. കുട്ടികളുടെ അമ്മയെ അടുത്തുള്ള ടിമാരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഇന്നലെയായിരുന്നു ഇവരെ മൂന്നു മക്കളെ കൊന്ന കുറ്റത്തിന് അറസ്റ്റ് ചെയ്തത്. ശനിയാഴ്‌ച്ച ഇവരെ ടിമാരു ജില്ലാ കോടതിയിൽ ഹാജരാക്കും. ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയ സ്വദേശികളായ ഇവർ ന്യുസിലൻഡ്, പാർക്ക്സൈഡിലെ ക്യുൻസ് സ്ട്രീറ്റിലെ ഒരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

ന്യുസിലാൻഡിൽ കാര്യമായ ബന്ധങ്ങളൊന്നും ഇവർക്കുണ്ടായിരുന്നില്ല. കഴിഞ്ഞയാഴ്‌ച്ചയാണ് കുട്ടികളുടെ അമ്മ സമൂഹ മാധ്യമങ്ങളിലൂടെ വീട്ടിലേക്ക് ഫർണീച്ചർ വാങ്ങുന്നതിന് ടിമാരുവിലെ നല്ല കടകളുടെ വിവരം അന്വേഷിച്ചതും കുട്ടികളേ ചേർക്കുന്നതിനായി സ്‌കൂളുകളുടെ വിവരങ്ങൾ അന്വേഷിച്ചതും.

കേസ് ഇപ്പോൾ അന്വേഷണത്തിലാണെന്നും കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാൻ കഴിയില്ലെന്നുമാണ് പൊലീസ് പറഞ്ഞത്. ദക്ഷിണാഫ്രിക്കയിലെ ഇവരുടെ കുടുംബാംഗങ്ങളുമായും ബന്ധപ്പെടുന്നുണ്ട് എന്നും പൊലീസ് അറിയിച്ചു.