കണ്ണൂർ :വിജിലൻസ് കേസിൽ ഉൾപ്പെട്ട നേതാക്കൾ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കണ്ണുരിൽ യൂത്ത് ലീഗ് പ്രവർത്തകർ നേതാക്കളെ തടഞ്ഞുവെന്ന വാർത്ത തള്ളി ജില്ലാ മുസ്ലിം ലീഗ് നേതൃത്വം രംഗത്തെത്തി. ജില്ലാ മുസ്ലിം ലീഗ് ഓഫീസിൽ ജനറൽ സെക്രട്ടറിയുൾപ്പെടെ ഏതാനും ജില്ലാ ഭാരവാഹികളെ തൽസ്ഥാനങ്ങളിൽ നിന്ന് മാറ്റി നിർത്തണമെന്നാവശ്യപ്പെട്ട് സംഘർഷമുണ്ടായി എന്ന വിധത്തിൽ പ്രചരിക്കുന്ന വാർത്ത തെറ്റിദ്ധാരണ പരത്തുന്നതും വസ്തുതകൾക്ക് വിരുദ്ധവുമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി.കെ.അബ്ദുൽ ഖാദർ മൗലവി, സംസ്ഥാന സെക്രട്ടരി അബ്ദുറഹിമാൻ കല്ലായി, ജില്ലാ പ്രസിഡണ്ട് പി.കുഞ്ഞിമുഹമ്മദ് എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ ഏതാനും മാസങ്ങളായി തളിപ്പറമ്പിൽ നിലനിൽകുന്ന സംഘടനാ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി നടത്തി വരുന്ന പരിശ്രമങ്ങളുടെ ഭാഗമായി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെയും പോഷകഘടകങ്ങളുടെയും പ്രവർത്തനങ്ങൾ ജില്ലാ കമ്മറ്റി മരവിപ്പിച്ചിരുന്നു.

തുടർന്ന് പുതിയ കമ്മറ്റികൾ രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുന്നതിനിടയിൽ ചന്ദിക കാമ്പയിനുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തുവാൻ കമ്മറ്റി അനിവാര്യമാണെന്ന് ഒരു കൂട്ടം പ്രവർത്തകർ ഭാരവാഹികളെ കണ്ട് ആവശ്യപ്പെടുകയും അതിന്റെയടിസ്ഥാനത്തിൽ മരവിപ്പിച്ച കമ്മറ്റികൾ പുനരുജ്ജീവിപ്പിക്കുകയുമാണുണ്ടായത്. അല്ലാതെ വാർത്തയിൽ പറയുന്നതു പോലുള്ള ആവശ്യങ്ങളോ അനിഷ്ട സംഭവങ്ങളോ യോഗത്തിലോ ഓഫീസിലോ ഉണ്ടായിട്ടില്ലെന്ന് നേതാക്കൾ വ്യക്തമാക്കി.