കണ്ണുർ: ഉൾനാടൻ ജലഗതാഗതത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ നടപ്പിലാക്കുന്ന പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നായ നിർദിഷ്ട ജലപാതയ്ക്ക് വേണ്ടിയുള്ള സർവേക്ക് എതിരെ ചേലോറയിലും കടുത്ത പ്രതിഷേധം. മൂന്ന് ദിവസത്തെ പ്രതിഷേധത്തിനിടയിൽ കാപ്പാട് മേഖലയിലെ സർവ്വേ പൂർത്തീകരിച്ച ശേഷമാണ് ശനിയാഴ്‌ച്ച ചേലോറ മേഖലയിലേക്ക് പ്രവേശിച്ചത്.

രാവിലെ ഒൻപതു മണിയോടെ അധികൃതർ എത്തി സർവ്വേ തുടങ്ങിയപ്പോൾ പ്രതിഷേധവുമായി ചേലോറ നിവാസികൾ എത്തി. ചേലോറ കേന്ദ്രീകരിച്ച് പ്രതിഷേധ പ്രകടനം ആരംഭിച്ച് സർവ്വേ നടക്കുന്ന ചേലോറ പള്ളിക്ക് സമീപം എത്തിയപ്പോൾ പൊലീസ് തടയുകയായിരുന്നു. പിന്നീട് സമരസമിതിയുടെ നേതൃത്വത്തിൽ പൊതുയോഗം നടത്തിയ ശേഷമാണ് സമരക്കാർ പിരിഞ്ഞു പോയത്.

സമരസമിതി ചെയർമാൻ കോരമ്പേത്ത് രാജൻ ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ കൗൺസിലർ കെ.പ്രദീപൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ മിനി അനിൽ കുമാർ, കട്ടേരി നാരായണൻ, കെ.കെ.ബി ജോയ്, ബിന്ദു ജയരാജ് തുടങ്ങിയവർ പ്രസംഗിച്ചു, പി.കെ.പ്രേമ, കെ.പി.നാരായണൻ, അബ്ദുൾ റഹ്മാൻ ഹാജി, കെ.പ്രേമരാജൻ, ഇ. പി.മനോഹരൻ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി. ചക്കരക്കൽ സിഐ.സത്യനാഥൻ, കണ്ണൂർ ടൗൺ എ എസ് ഐ അഖിലേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സേനയും സ്ഥലത്ത് ക്യാമ്പ് ചെയ്ത് സർവേക്ക് സുരക്ഷ ഒരുക്കിയിരുന്നു.