ശബരിമല: ശബരിമലയിൽ കന്നിമാസപൂജയ്ക്ക് ആദ്യദിവസം എത്തിയത് 2643 തീർത്ഥാടകർ മാത്രം. 15,000 പേർക്കാണ് ദർശനം അനുവദിച്ചത്. ആകെ 3358 പേരാണ് ആദ്യദിവസം തിരഞ്ഞെടുത്തത്. ഇതിൽ ബുക്ക് ചെയ്ത 715 പേർ എത്തിയില്ല. ശനിയാഴ്ച തീർത്ഥാടകരുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടായി. ഉച്ചവരെ മൂവായിരത്തിന് മുകളിൽ തീർത്ഥാടകരാണ് എത്തിയത്. വൈകീട്ട് തീർത്ഥാടകർ കുറഞ്ഞു.

രാവിലെ ഇരുപത്തിയഞ്ച് കലശപൂജയും കളഭാഭിഷേകവും നടന്നു. വൈകീട്ട് പുഷ്പാഭിഷേകവും ദീപാരാധനയ്ക്ക് ശേഷം തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ മുഖ്യകാർമികത്വത്തിൽ പടിപൂജയും നടന്നു. ഉദയാസ്തമനഃപൂജയും ഉണ്ടായിരുന്നു. ലക്ഷാർച്ചന ഇപ്രാവശ്യവും ഉണ്ടായില്ല.

കടകൾ തുറക്കാൻ അനുമതിയുണ്ടെങ്കിലും ളാഹമുതൽ സന്നിധാനംവരെ വളരെ കുറച്ചു കടകൾ മാത്രമാണ് തുറന്നത്. സന്നിധാനത്ത് ദേവസ്വം ബോർഡിന്റെ അന്നദാനമാണ് തീർത്ഥാടകർക്ക് ആശ്വാസമായത്. സ്വാമി അയ്യപ്പൻ പാതയിൽ ഇടവിട്ട് ചൂടുവെള്ള വിതരണകേന്ദ്രങ്ങളും ബോർഡ് ഏർപ്പെടുത്തിയിരുന്നു.