ന്യുയോർക്ക്: കോവിഡിന്റെ ഉത്പത്തിയെ സംബന്ധിച്ചുണ്ടായ തർക്കങ്ങൾ ആസ്‌ട്രേലിയയെ ചൈനയുടേ മുഖ്യശത്രുവായി മാറ്റിയതോടെ ആസ്‌ട്രേലിയയ്ക്ക് പിന്തുണയുമായി അമേരിക്കയും ബ്രിട്ടനും എത്തിയിരുന്നു. ചൈനയുടെ പേരെടുത്ത് പരാമർശിച്ചില്ലെങ്കിലും മേഖലയിലെ ചൈനയുടെ അമിതമായ ആഗ്രഹങ്ങൾക്ക് വിലങ്ങിടുക എന്നത് തന്നെയാണ് ഈ സഖ്യത്തിന്റെ ഉദ്ദേശം. ഇതിന് കരുത്ത് പകരാൻ എത്തുകയാണ് ആമസോണും.

ലോകത്തെ ഏറ്റവും വലിയ ഇകൊമേഴ്‌സ് കമ്പനിയായ ആമസോൺ ചൈനയിൽ നിന്നുള്ള 600 ബ്രാൻഡുകളെ നിരോധിച്ചു. ചൈനയ്ക്ക് വലിയ തിരിച്ചടിയാണ് ഇത്. വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ആമസോണിന്റെ എല്ലാ വെബ്സൈറ്റുകളിൽ നിന്നും ചൈനീസ് ബ്രാൻഡുകളെ നിരോധിച്ചെന്നാണ് ദി വേർജ് റിപ്പോർട്ട് ചെയ്യുന്നത്. ഏകദേശം 3000 ലേറെ അക്കൗണ്ടുകൾ വഴിയാണ് ഈ ബ്രാൻഡുകൾ വിൽപന നടത്തിയിരുന്നത്.

പസഫിക് മേഖലയിൽ വർദ്ധിച്ചു വരുന്ന ചൈനീസ് ഇടപെടലുകൾ കുറയ്ക്കുവാനായി അമേരിക്കയും, ബ്രിട്ടനും ആസ്‌ട്രേലിയയും ചേർന്ന് ത്രിരാഷ്ട്ര സഖ്യം രൂപീകരിച്ചതോടെ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മേഖല വീണ്ടും പ്രക്ഷുബ്ദമായിട്ടുണ്ട്.. ഏത് സമയവും ഒരു യുദ്ധമുണ്ടായേക്കാം എന്ന ആശങ്ക ഉയർന്നു വരികയാണ്. അത്തരത്തിലൊരു യുദ്ധമുണ്ടായാൽ അത് മറ്റൊരു ലോക മഹായുദ്ധമായി മാറുമോ എന്ന ഭയത്തിനും കനം വർദ്ധിക്കുകയാണ്. ഇതിനിടെയാണ് ആമസോണിന്റെ ചൈനയ്‌ക്കെതിരായ സർജിക്കൽ സ്‌ട്രൈക്ക്.

ആണവായുധങ്ങൾ കൈവശം ഉള്ള നിരവധി രാജ്യങ്ങൾ ഉള്ള ലോകത്ത് ഇനിയൊരു ലോകമഹായുദ്ധം ഉണ്ടായാൽ അത് സർവ്വനാശകാരിയായി മാറുമെന്ന മുന്നറിയിപ്പും പലഭാഗത്തു നിന്നും ഉയരുന്നുണ്ട്. ഇതിനിടെയാണ് ചൈനയെ വ്യാപാരപരമായി തകർക്കാൻ ആമസോൺ രംഗത്ത് വരുന്നത്. ഇത് പുതിയ തലത്തിലെ ചർച്ചകൾ വഴിവയ്ക്കും. ആമസോണിന്റെ ഈ നീക്കത്തോട് ചൈന എങ്ങനെ പ്രതികരിക്കുമെന്നതും നിർണ്ണായകമാണ്. അഫ്ഗാനിലും മറ്റും അമേരിക്കൻ വിരുദ്ധ ഇടപെടലിന് ശ്രമിച്ചതും ചൈനയ്ക്ക് തിരിച്ചടിയാണ്. ഈ സാഹചര്യത്തിലാകും ഇത്തരമൊരു തീരുമാനം ആമസോൺ എടുത്തതെന്ന വിലയിരുത്തലും സജീവമാണ്.

കംപ്യൂട്ടർ ആക്സസറികൾ അടക്കം പല ഉപകരണങ്ങളും 'വിജയകരമായി' വിറ്റുവന്ന ചൈനീസ് ബ്രാൻഡുകളെയാണ് ആമസോൺ പുറത്താക്കിയത്. കമ്പനി അഞ്ചു മാസം കൊണ്ടാണ് ശുദ്ധികലശം പൂർത്തിയാക്കിയത്. ബോധപൂർവ്വവും ആവർത്തിച്ചും ആമസോണിന്റെ നയങ്ങളെ ലംഘിച്ചതോടെയാണ് ബ്രാൻഡുകളെ പുറത്താക്കിയത്. ആവർത്തിച്ചു ലംഘിച്ചുവന്ന നയങ്ങളിൽ പ്രധാനം വ്യാജ റിവ്യൂകളാണ്. ഇതാണ് ഔദ്യോഗിക വിശദീകരണമെങ്കിലും ചൈനയ്‌ക്കെതിരെയുള്ള അമേരിക്കൻ നീക്കത്തെ പിന്തുണയ്ക്കാനാണ് ഇതെന്നാണ് റിപ്പോർട്ട്. നേരത്തെ ഇന്ത്യയുമായുള്ള അതിർത്തി തർക്കം രൂക്ഷമായപ്പോൾ ചൈനീസ് ഉൽപ്പനങ്ങൾക്കും ആപ്പുകൾക്കും ഇന്ത്യ നിരോധനം ഏർപ്പെടുത്തി. ഇത് വിജയത്തിലെത്തുകയും ചെയ്തു. ഈ മോഡലാണ് ആമസോണും പരീക്ഷിക്കുന്നത്.

ആമസോൺ ഏഷ്യ വൈസ് പ്രസിഡന്റിനെ ഉദ്ധരിച്ച് ദി സൗത്ത് ചൈന മോണിങ് പോസ്റ്റും ഇക്കാര്യം നേരത്തെ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. എന്നാൽ, ഇതിനെല്ലാം തുടക്കമിട്ടത് ദി വാൾ സ്ട്രീറ്റ് ജേണലാണ്. റവ്പവർ എന്ന ചൈനീസ് ആക്സസറി നിർമ്മാണ കമ്പനി തങ്ങളുടെ പ്രോഡക്ടുകൾക്ക് ആമസോണിൽ മികച്ച റിവ്യൂ എഴുതിയാൽ ഗിഫ്റ്റ് കാർഡ് നൽകുന്നുവെന്ന് ജേണൽ വാർത്ത നൽകിയിരുന്നു. റവ്പവർ 35 ഡോളറിന്റെ ഗിഫ്റ്റ് കാർഡാണ് നൽകിയിരുന്നത് എന്നാണ് നിക്കോൾ ന്ഗ്യൂയെൻ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. മികച്ച റിവ്യൂ എഴുതാൻ പ്രേരിപ്പിക്കുന്ന ഗിഫ്റ്റ് കാർഡുകൾ തനിക്കും ലഭിച്ചെന്നാണ് ദി വേർജ് റിപ്പോർട്ടർ സീൻ ഹോളിസ്റ്ററും പറഞ്ഞിരിക്കുന്നത്.

ഇങ്ങനെ ഉപയോക്താവിനെ പ്രേരിപ്പിച്ച് മികച്ച റിവ്യൂ എഴുതി വാങ്ങുന്ന രീതി 2016ൽ ആമസോൺ നിരോധിച്ചതാണ്. എന്നാൽ, വ്യാജ റിവ്യൂകൾ എഴുതി വാങ്ങുന്നവർ അധിക വാറന്റി നൽകാമെന്നും, അതേസമയം, നിരോധിക്കപ്പെട്ടുവെന്നു പറയപ്പെടുന്ന കമ്പനികളുടെ സബ് ബ്രാൻഡുകൾ ഇപ്പോഴും ആമസോൺ വഴി ഇയർ ബഡ്സ് അടക്കമുള്ള ഉൽപന്നങ്ങൾ വിൽക്കുന്നുണ്ട്. ഇതും അവസാനിപ്പിച്ചേക്കും. ആമസോണിലെ ഏറ്റവും വലിയ ചൈനീസ് റീട്ടെയിൽ വ്യാപാരി എന്നറിയപ്പെടുന്ന വൈകെഎസിന്റെ കീഴിലുള്ള 340 സ്റ്റോറുകൾ പൂട്ടിയെന്നും കമ്പനിയുടെ 20 ദശലക്ഷം ഡോളറിനുള്ള വസ്തുവകകൾ കണ്ടുകെട്ടിയെന്നും പറഞ്ഞിരുന്നു.

വ്യാജ റിവ്യൂകൾ വായിച്ച്, അവ ശരിയാണെന്നു ധരിച്ച് വാങ്ങുന്ന പ്രോഡക്ടുകൾ വിലയേറിയ ഉപകരണങ്ങളെ നശിപ്പിച്ചേക്കാം. പലപ്പോഴും ചൈനീസ് ഉൽപന്നങ്ങൾ പടിഞ്ഞാറൻ കമ്പനികൾ ഉണ്ടാക്കുന്ന ഉപകരണങ്ങളുടെ അനുകരണങ്ങളാണ്. എന്നാൽ, അവയിൽ വേണ്ട മികവുകൾ ഉൾക്കൊള്ളിക്കണമെന്നുമില്ല.