രാഴ്ച നീണ്ടുനിന്ന ഭൂകമ്പത്തിനു ശേഷം സ്പാനിഷ് ദ്വീപായ ലാ പാൽമയിലെ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. പൊട്ടിയൊഴുകിയ ലാവ സമീപപ്രദേശങ്ങളിലെ വീടുകളിലേക്കും ഒലിച്ചിറങ്ങിയതോടെ 5,000 ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ് അധികൃതർ. അഗ്നിപർവ്വതത്തിന്റെ പടിഞ്ഞാറൻ ചരിവിലുള്ള കാബെസ ഡി വക്ക എന്നറിയപ്പെടുന്ന പ്രദേശത്താണ് സ്ഫോടനം നടന്നത്. കഴിഞ്ഞ അഞ്ച് ദിവസങ്ങൾക്കുള്ള്ളിൽ മാത്രം 1,000 ഭൂകമ്പങ്ങൾ ഈ ദ്വീപിൽ രജിസ്റ്റർ ചെയ്തിരുന്നു. പിന്നാലെയാണ് അഗ്നിപർവ്വത സ്ഫോടനം ഉണ്ടായത്.

പുറത്തേക്കൊഴുകുന്ന ചുവന്ന അഗ്‌നിയിൽ നിന്നും കറുപ്പും വെളുപ്പും നിറത്തിലുള്ള പുകയാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. ഉപരിതലത്തിന് താഴേക്ക് ഉരുകി ഇറങ്ങുന്ന ലാവയെ വളരെ അടുത്തു നിരീക്ഷിക്കുകയാണ് ശാസ്ത്രജ്ഞർ ഇപ്പോൾ. അപകടത്തിൽപ്പെട്ട 300 പേരെ അവരുടെ വീടുകളിൽ നിന്ന് ഒഴിപ്പിക്കുകയും എൽ പാസോ സോക്കർ മൈതാനത്തേക്ക് അയക്കുകയും ചെയ്തുവെന്നും മേയർ സെർജിയോ റോഡ്രിഗസ് പറഞ്ഞു. നദിക്കടുത്തുള്ള ഗ്രാമത്തിലേക്ക് ലാവ നീങ്ങുന്നതിനെ തുടർന്ന് സ്ഫോടനത്തിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ രക്ഷാപ്രവർത്തനങ്ങളിലൂടെ ഈ പ്രദേശങ്ങളിലുള്ളവരെ ഒഴിപ്പിച്ചിരുന്നു.

എൽ പസോ, ടസാകോർട്ട്, ലോസ് ലാനോസ് ഡി അരിഡെയ്ൻ മുനിസിപ്പാലിറ്റികളിലെ വിവിധ ജില്ലകളിൽ നിന്നുള്ള 5,000ലധികം ആളുകളെ ബാധിക്കുന്നതിനാൽ അഗ്നിപർവ്വത സ്ഫോടന മുന്നറിയിപ്പ് മഞ്ഞ ട്രാഫിക് ലൈറ്റിൽ നിന്ന് ചുവപ്പിലേക്ക് മാറിയിട്ടുമുണ്ട്. സ്ഫോടനം കാരണം റോഡുകൾ എല്ലാം പൂർണമായും അടച്ചിട്ടിരിക്കുകയാണ്. ഈ മേഖലയിലേക്ക് ആരും തന്നെ ലാവ കാണുവാനായി യാത്ര പോകരുതെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

85,000 ജനസംഖ്യയുള്ള ദ്വീപാണ് ലാ പാൽമ. ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരത്തുള്ള സ്പെയിനിലെ കാനറി ദ്വീപസമൂഹത്തിലെ എട്ട് ദ്വീപുകളിൽ ഒന്നു കൂടിയാണിത്. അതിന്റെ ഏറ്റവും തെക്ക് ഭാഗം മൊറോക്കോയിൽ നിന്ന് 60 മൈൽ മാത്രം അകലെയാണ്. ഈ പൊട്ടിത്തെറി എത്രത്തോളം നീണ്ടുനിൽക്കുമെന്ന് പറയാൻ ഇപ്പോൾ സാധിക്കില്ലെന്നാണ് സ്പെയിനിലെ നാഷണൽ ജിയോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭൂകമ്പശാസ്ത്ര മേധാവി ഇറ്റാഹിസ ഡൊമിംഗസ് പ്രാദേശിക ടിവി സ്റ്റേഷനായ ആർടിവിസിയോട് പറഞ്ഞത്. മുമ്പ് കാനറി ദ്വീപുകളിലെ പൊട്ടിത്തെറി ആഴ്ചകളോ മാസങ്ങളോ നീണ്ടുനിന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാനറി ദ്വീപുകളിലെ അവസാന സ്ഫോടനം 2011ൽ എൽ ഹിയറോ ദ്വീപിന്റെ തീരത്തായിരുന്നു സംഭവിച്ചത്. അഞ്ച് മാസത്തോളമാണ് ആ സ്ഫോടനം നീണ്ടുനിന്നത്. ഒരു അഗ്‌നിപർവ്വത സ്ഫോടനം നടക്കുമെന്നതിന് വ്യക്തമായ തെളിവുകളൊന്നുമില്ലെന്ന ദ്വീപുകൾക്കായുള്ള സ്പാനിഷ് സർക്കാരിന്റെ ഓഫീസിന്റെ സ്റ്റേറ്റ്മെന്റ് വന്ന് വെറും മൂന്നു ദിവസങ്ങൾക്കുള്ളിലാണ് ഏറ്റവും പുതിയ പൊട്ടിത്തെറി ഉണ്ടായത്.

ഈ ആഴ്ചയുടെ തുടക്കത്തിൽ, സ്പെയിനിലെ നാഷണൽ ജിയോഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ട് അഗ്നിപർവ്വതത്തിന് ചുറ്റുമുള്ള ദേശീയോദ്യാനത്തിൽ 'ഭൂകമ്പ കൂട്ടം' എന്ന് വിളിക്കപ്പെടുന്ന 4,222 ഭൂചലനങ്ങൾ കണ്ടെത്തി. അതിൽ ആയിരത്തിലധികം ഭൂകമ്പങ്ങൾ രജിസ്റ്റർ ചെയ്തു. കാനറി ദ്വീപിന്റെ പ്രാദേശിക സർക്കാർ ചൊവ്വാഴ്ച ദ്വീപിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരുന്നു.

ഇത് ലെവൽ ഫോർ അലേർട്ട് സിസ്റ്റത്തിന്റെ രണ്ടാമത്തേതാണ്. അതേസമയം, ദ്വീപിലേക്ക് അവധിയാഘോഷിക്കാൻ പോകുന്ന ബ്രിട്ടീഷുകാർക്ക് സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു.