ലണ്ടൻ: യുകെയിൽ കുടിയേറ്റക്കാരുടെ ജീവിതം കൂടുതൽ ദുരിത പൂർണമാക്കും വിധം തദ്ദേശീയരുടെ അസഹിഷ്ണത വർധിക്കുന്നതായി സൂചന. ഒറ്റപ്പെട്ട അക്രമങ്ങളിൽ നിന്നും സംഘടിതമായി ആക്രമിക്കപ്പെടുന്ന സാഹചര്യങ്ങളിലേക്കു സംഭവങ്ങൾ വളരുന്നതായി അടുത്തിടെ പല പ്രദേശങ്ങളിൽ നിന്നെത്തുന്ന വാർത്തകൾ തന്നെ തെളിവ്. ഇക്കഴിഞ്ഞ ആഗസ്റ്റിൽ ക്നാനായ ആസ്ഥാന മന്ദിരം തീയിട്ടു നശിപ്പിച്ച സംഭവത്തിന് ശേഷം സ്വിണ്ടനിൽ മലയാളികൾ ഉൾപ്പെടെ ആരാധന നടത്തുന്ന ക്ഷേത്രത്തിൽ തുടർച്ചയായ അക്രമ പരമ്പര.

പൊലീസിൽ പരാതിപ്പെട്ടു മടുത്ത വിശ്വാസ സമൂഹം ഇന്നലെ നടത്തിയ വൻപ്രതിഷേധ റാലിയിൽ നൂറുകണക്കിന് ആളുകൾ സാന്നിധ്യമായി. സ്വിണ്ടൻ പോലെ താരതമ്യേനേ കുടിയേറ്റ ബാഹുല്യം അനുഭവപ്പെടാത്ത നഗരങ്ങളിൽ പോലും ഇത്തരത്തിൽ അസഹിഷ്ണുത വർധിക്കുക ആണെങ്കിൽ യുകെയിൽ ഒരു നഗരവും കുടിയേറ്റക്കാർക്ക് സുരക്ഷിതം ആയിരിക്കില്ലെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്.

യുകെയിൽ മലയാളികൾ ഉൾപ്പെടെയുള്ള കുടിയേറ്റക്കാരുടെ സാന്നിധ്യം വർധിക്കുന്നതോടെ വംശീയത നിറയുന്ന സമാന സംഭവങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യാൻ സാധ്യത ഉണ്ടെന്ന ആശങ്കയും ഉയരുകയാണ്. വീടുകളുടെ വിലക്കയറ്റത്തിനും സ്‌കൂളുകളിൽ അഡ്‌മിഷൻ കിട്ടാൻ പ്രയാസമാകുന്നതിനും ഒക്കെ കുടിയേറ്റക്കാരാണ് കാരണം എന്ന തരത്തിലാണ് ബ്രിട്ടീഷ് സമൂഹത്തിൽ അസ്വസ്ഥത വളർത്തുന്ന പ്രചാരണം നടക്കുന്നത്.

ഇതോടെ കുടിയേറ്റക്കാരെ ലക്ഷ്യമിട്ടു സംഘടിത ആക്രമണം പോലും ഉണ്ടായേക്കാം എന്ന സൂചനയും പൊലീസ് പങ്കുവയ്ക്കുന്നുണ്ട് . ഇക്കഴിഞ്ഞ മെയ് മാസം മുതലാണ് സ്വിണ്ടനിൽ ക്ഷേത്രം ലക്ഷ്യമിട്ട് അക്രമം ആരംഭിക്കുന്നത്. തുടക്കത്തിൽ ഒറ്റപ്പെട്ട സംഭവം എന്ന് കരുതിയെങ്കിലും തുടർച്ചയായി ക്ഷേത്രം കവർച്ചയ്ക്കിരയാകാൻ തുടങ്ങിയതോടെയാണ് ആസൂത്രണം ചെയ്തു സംഘടിപ്പിക്കുന്ന അക്രമം ആണെന്ന ധാരണയിലേക്കു അധികൃതരും പൊലീസും എത്തിയിരിക്കുന്നത്.

ഒരു മാസത്തിനിടെ പലതവണ ക്ഷേത്രം ആക്രമിക്കപ്പെടുകയും കവർച്ചയ്ക്ക് ഇരയാക്കപ്പെടുകയും ചെയ്തതോടെയാണ് ഇന്ത്യൻ ഹൈന്ദവ സമൂഹം സ്വിണ്ടനിൽ പരസ്യ പ്രതിഷേധത്തിന് ഇറങ്ങിയത്. നൂറു കണക്കിനാളുകൾ തെരുവിൽ പ്രതിഷേധിക്കാൻ എത്തിയതോടെ ബിബിസി അടക്കമുള്ള മാധ്യമങ്ങൾ എത്തി സംഭവം ഏറ്റെടുത്തിരിക്കുകയാണ്. വിൽഷെയറിലെ മിക്ക മാധ്യമങ്ങളും സ്വിണ്ടൻ ക്ഷേത്രത്തിനു നേരെ നടക്കുന്ന അക്രമം പലവട്ടം റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും പൊലീസ് കാര്യമായ ഗൗരവം കൊടുത്തിരുന്നില്ല എന്നതാണ് ഏഴാം വട്ടവും ക്ഷേത്രം ആക്രമിക്കപ്പെടാനും വിശ്വാസികൾ തെരുവിൽ എത്താനും കാരണമായത്. ഇന്നലെ നടന്ന പ്രകടനത്തിൽ കുട്ടികൾ അടക്കം മുന്നൂറിലേറെ പേരാണ് പങ്കെടുത്തത്. മൈ ടെമ്പിൾ മൈ പ്രൈഡ് എന്ന പ്ലക്കാർഡ് ഉയർത്തിയാണ് വിശ്വാസികൾ റാലിയിൽ അണിനിരന്നത്.

കവർച്ച തടയാൻ ക്ഷേത്ര ഭാരവാഹികൾ പലവട്ടം ശ്രമം നടത്തിയെങ്കിലും തക്കം കിട്ടുമ്പോൾ ക്ഷേത്രത്തിൽ കടന്നു നാശം വരുത്തുന്ന രീതിയാണ് അക്രമികൾ അനുവർത്തിക്കുന്നത്. മോഷണം എന്നതിൽ ഉപരി അക്രമം എന്ന തരത്തിലാണ് ഇതിനെ കാണേണ്ടത് എന്നും ക്ഷേത്ര വിശ്വാസികൾ ചൂണ്ടികാട്ടുന്നു . ഇതേ തുടർന്ന് ക്ഷേത്രത്തിൽ രാത്രി തങ്ങി അക്രമികൾ എത്തിയാൽ കായികമായി നേരിടാൻ തന്നെ തയ്യാറെടുത്തിരിക്കുകയാണ് വിശ്വാസികൾ. ഏതാനും ആഴ്ചകളായി ക്ഷേത്ര വിശ്വാസികൾ തന്നെ രാത്രി കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്.

അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ പൊലീസാണ് ഉത്തരവാദി എന്നും വിശ്വാസികൾ മുന്നറിയിപ്പ് നൽകുന്നു. വീണ്ടും അക്രമം ഭയന്ന് വിലപിടിപ്പുള്ള വിഗ്രഹങ്ങളും മറ്റും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ് ക്ഷേത്ര ഭാരവാഹികൾ. ക്ഷേത്രത്തിനു സുരക്ഷിതമായ സ്ഥലം കണ്ടെത്തി നല്കാൻ കൗൺസിലിനോട് ആവഹ്സ്യപ്പെട്ടിരിക്കുകയാന്നെന്നു ക്ഷേത്രം കാര്യദർശി പ്രദീപ് ഭരധ്വജ് വ്യക്തമാക്കി.

ഒരാഴ്ച മുൻപ് വാറ്റ്‌ഫോഡിൽ ക്ഷേത്രം മാറ്റി സ്ഥാപിക്കണമെന്നു വ്യക്തമാക്കി കൗൺസിൽ തന്നെ മുന്നോട്ട് വന്നത് വലിയ വിവാദമായി മാറിയിരുന്നു. ഒടുവിൽ തമിഴ് വിശ്വാസികളുടെ അധീനതയിൽ ഉള്ള ക്ഷേത്രം പൂട്ട് വീഴാതിരിക്കാൻ ക്ഷേത്ര ഭരണ സമിതി ഓൺ ലൈൻ ഒപ്പു ശേഖരണത്തിന് ഇറങ്ങി കൗൺസിലിന്റെ തീരുമാനം മാറ്റിക്കുക ആയിരുന്നു. ലിബറൽ ഡെമോക്രാറ്റ് ഭരണമുള്ള വാറ്റ്ഫോഡിൽ കൺസർവേറ്റീവ് എംപി അടക്കം ഉള്ളവർ ക്ഷേത്രത്തിനു വേണ്ടി വാദിക്കാൻ പരസ്യമായി എത്തിയതോടെ സമ്മർദ്ദത്തിലായ കൗൺസിൽ തീരുമാനം മാറ്റാൻ തയ്യാറാവുക ആയിരുന്നു. ക്ഷേത്രം പൊളിച്ചു സ്പോർട്സ് സെന്റർ നിർമ്മിക്കാൻ ലക്ഷ്യമിട്ട കൗൺസിൽ ക്ഷേത്രത്തിനു വേണ്ടി മറ്റൊരു സ്ഥലം കണ്ടെത്താൻ ഉള്ള ശ്രമത്തിലാണ്.

സമാനമായ അനുഭവമാണ് യുകെയിലെ ക്നാനായ ആസ്ഥാന മന്ദിരത്തിനും സംഭവിക്കുന്നത്. മുൻപ് പലവട്ടം ആക്രമിക്കപ്പെട്ട ആസ്ഥാന മന്ദിരം യുകെകെസിഎ സെൻട്രൽ കമ്മിറ്റി സ്വന്തം പണം മുടക്കി വീണ്ടും പ്രവർത്തന ക്ഷമം ആക്കുക ആയിരുന്നു. ഗ്ലാസുകൾ എറിഞ്ഞു തകർത്തും മറ്റും വലിയ തുകയുടെ നാശനഷ്ടം മുൻപും അക്രമികൾ വരുത്തിയതോടെ വലിയ ഗെയ്റ്റ് സ്ഥാപിച്ചും മുള്ളുവേലി പണിതും ഒക്കെ ആസ്ഥാന മന്ദിരം സംരക്ഷിക്കാൻ ക്നാനായക്കാർ ശ്രമിച്ചെങ്കിലും അവസാനം കെട്ടിടത്തിന് തന്നെ തീയിടുന്ന വിധം നാശം വരുത്തുക ആയിരുന്നു അക്രമികൾ ചെയ്തത്.

തീപിടുത്തം ആകസ്മികം അല്ല കരുതിക്കൂട്ടി ചെയ്തത് തന്നെയെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നതോടെ നന്നാക്കി എടുത്താലും വീണ്ടും ആക്രമിക്കപ്പെടില്ലേ എന്ന ആശങ്കയും ഒരു വിഭാഗം ക്നാനായക്കാർ ഉയർത്തുന്നു. അനേകായിരം പൗണ്ട് മുടക്കി വീണ്ടും ഉപയോഗ ക്ഷമം ആക്കുന്ന മന്ദിരം ഏതു തരത്തിൽ സംരക്ഷിക്കാൻ കഴിയും എന്ന ചിന്തയാണ് ഇപ്പോൾ ക്നാനായ സമൂഹത്തെ അലട്ടുന്നത്.