- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയോട് ബ്രിട്ടൻ കാട്ടുന്നത് വർണ്ണവെറിയെന്ന് ജയറാം രമേഷ്; ശുദ്ധ നെറികേടെന്ന് ശശി തരൂർ; ഇന്ത്യൻ വാക്സിൻ എടുത്തത് വാക്സിനായി കണക്കാക്കില്ലെന്ന പ്രഖ്യാപനത്തിൽ പൊട്ടിത്തെറിച്ച് ഇന്ത്യ; പ്രതിഷേധിച്ച് യു കെ സന്ദർശനം റദ്ദാക്കി ശശി തരൂർ
കോവിഡ് പ്രതിസന്ധിയിൽ നിലനിന്നിരുന്ന വിദേശയാത്രാനിയന്ത്രണങ്ങൾ ഓരോന്നായി നീക്കിക്കൊണ്ടുവരികയാണ് ബ്രിട്ടൻ. വിദേശങ്ങൾ സന്ദർശിച്ച് മടങ്ങുന്ന രണ്ടു ഡോസ് വാക്സിൻ എടുത്തവർക്ക് ഇനി മുതൽ ക്വാറന്റൈനോ പി സി ആർ ടെസ്റ്റോ വേണ്ടിവരില്ല. എന്നാൽ ഇവിടെയും പുതിയ വിവാദങ്ങൾ ഉയർത്തുന്ന തീരുമാനമെടുക്കുകയാണ് ബ്രിട്ടൻ. അസ്ട്രസെനെകയുടെ ഇന്ത്യൻ ഉദ്പന്നമായ കോവീഷീൽഡ് എടുത്തവരെയും വാക്സിൻ എടുക്കാത്തവരായി കണക്കാക്കും എന്ന ബ്രിട്ടന്റെ തീരുമാനമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
അതായത്, നിങ്ങൾ എടുത്തിരിക്കുന്നത് കോവിഷീൽഡിന്റെ രണ്ടു ഡോസുകളാണെങ്കിൽ, വിദേശയാത്രകഴിഞ്ഞ് തിരികെയെത്തുമ്പോൾ ക്വാറന്റൈൻ ഒഴിവാക്കുക, പി സി ആർ ടെസ്റ്റിൽ നിന്നും ഒഴിവാക്കുക തുടങ്ങിയ ആനുകൂല്യങ്ങൾക്കൊന്നും തന്നെ നിങ്ങൾക്ക് അർഹതയുണ്ടായിരിക്കില്ല എന്നർത്ഥം. മാത്രമല്ല, ബ്രിട്ടനിലെത്തി രണ്ടാം ദിവസവും പിന്നെ എട്ടാം ദിവസവും പരിശോധനക്ക് വിധേയരാകേണ്ടതായും വരും. ബ്രിട്ടന്റെ ഈ നടപടിക്കെതിരെ കനത്ത പ്രതിഷേധം ഉയരുകയാണ്. മുൻ വിദേശകാര്യ മന്ത്രിമാരായ ജയറാം രമേഷും ശശി തരൂരും ഈ തീരുമാനത്തിനെതിരെ രംഗത്തെത്തിക്കഴിഞ്ഞു.
തീർത്തും അനുവദിക്കാനാവാത്തതും വംശീയവെറിയുടെ ലാഞ്ജനയുള്ളതുമായ തീരുമാനം എന്നാണ് അവർ ഇതിനെ വിശേഷിപ്പിച്ചത്. കോവീഷീൽഡ് യഥാർത്ഥത്തിൽ വികസിപ്പിച്ചത് ബ്രിട്ടനിലാണെന്നതും, ഇന്ത്യയിലെ സീറം ഇൻസ്റ്റിറ്റിയുട്ട് ബ്രിട്ടന് വാക്സിൻ വിതരണം നടത്തിയിട്ടുണ്ടെന്നതും ഓർക്കണം. അപ്പോഴാണ് ഈ തീരുമാനത്തിലെ വിരോധാഭാസം മനസ്സിലാകുക. മാത്രമല്ല, ബ്രിട്ടന്റെ ഈ തീരുമാനത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം എം പി ശശി തരൂർ തന്റെ ബ്രിട്ടൻ യാത്ര റദ്ദാക്കിയതായി അറിയിച്ചു. ഒരു സംവാദ പരിപാടിയിൽ പങ്കെടുക്കുന്നതിനായിരുന്നു ശകി തരൂർ ബ്രിട്ടനിലേക്ക് പോകാനിരുന്നത്.
ആഫ്രിക്ക, തെക്കെ അമേരിക്ക, യു എ ഇ, ഇന്ത്യ, ടർക്കി, ജോർദ്ദാൻ, തായ്ലാൻഡ്, റഷ്യ തുടങ്ങിയയിടങ്ങളിൽ വക്സിനേഷൻ എടുത്തവരെ വാക്സിനേഷൻ എടുക്കാത്തവരായി കണക്കാക്കും എന്നാണ് പുതിയ തീരുമാനം. അതായത് വരുന്ന ഒക്ടോബർ 4 മുതൽ പുതിയ ഇളവുകൾ നിലവിൽ വരാനിരിക്കെ, ഇന്ത്യയിൽ നിന്നും വാക്സിൻ എടുത്ത മലയാളികൾ ഉൾപ്പടെയുള്ളവർക്ക് തിരികെ ബ്രിട്ടനിലെത്തിയാൽ പത്തു ദിവസത്തെ ക്വാറാന്റൈന് വിധേയരാകേണ്ടതായി വരും. മാത്രമല്ല, ബ്രിട്ടനിലെത്തിയതിന്റെ രണ്ടാം ദിവസവും എട്ടാം ദിവസവും രോഗപരിശോധനക്ക് വിധേയരാകേണ്ടതായും വരും.
മറുനാടന് മലയാളി ബ്യൂറോ