ലക്‌നൗ: അഖില ഭാരതീയ അഖാഡ പരിഷത്ത് അധ്യക്ഷൻ മഹന്ത് നരേന്ദ്ര ഗിരി മഹാരാജിനെ (72) മരിച്ച നിലയിൽ കണ്ടെത്തി. അലഹാബാദിലെ ബഗ്ഗാംബരി ഗഡ്ഡി മഠത്തിലാണ് അദ്ദേഹത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സീലിങ് ഫാനിൽ കെട്ടിയ കയറിൽ തൂങ്ങിയ നിലയിൽ ഇന്നലെ ഉച്ചതിരിഞ്ഞാണ് മൃതദേഹം കണ്ടെത്തിയത്. മാനസിക സംഘർഷത്താൽ ജീവിതം അവസാനിപ്പിക്കുന്നുവെന്നു വ്യക്തമാക്കുന്ന കുറിപ്പ് കണ്ടെത്തിയതായും പൊലീസ് വ്യക്തമാക്കി.

ശിഷ്യരിലൊരാളായ ആനന്ദ് ഗിരി മാനസികമായി പീഡിച്ചിരുന്നതായി കുറിപ്പിൽ പരാമർശമുണ്ടെന്നും പ്രയാഗ്രാജ് ഐജി: കെ.പി.സിങ് പറഞ്ഞു. ചില തർക്കങ്ങളെത്തുടർന്ന് ആനന്ദ് ഗിരിയെ ഒരു വർഷം മുൻപ് മഠത്തിൽനിന്ന് പുറത്താക്കിയിരുന്നു. ആനന്ദ് ഗിരിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് സൂചിപ്പിച്ചു. നരേന്ദ്ര ഗിരി ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിനുപിന്നിൽ ആരുടെയോ കയ്യുണ്ടെന്നും ബിജെപി നേതാവും മുൻ ലോക്‌സഭാംഗവുമായ റാം വിലാസ് വേദാന്തി ആരോപിച്ചു.

മഠത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിൽപത്ര രൂപത്തിലുള്ള പരാമർശങ്ങളും കുറിപ്പിലുണ്ട്. പോസ്റ്റ്‌മോർട്ടത്തിനും ഫൊറൻസിക് പരിശോധനയ്ക്കും ശേഷമേ കാര്യങ്ങൾ വ്യക്തമാകുകയുള്ളുവെന്നും പൊലീസ് പറഞ്ഞു. 2016 മാർച്ചിലാണ് ആദ്യമായി അഖാഡ പരിഷത്തിന്റെ അധ്യക്ഷനായത്. 2019 ഒക്ടോബറിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

നരേന്ദ്ര ഗിരിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ, യുപി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് തുടങ്ങിയവർ അനുശോചിച്ചു.