കരുനാഗപ്പള്ളി: റെയിൽവേയിൽ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഘത്തിലെ പ്രധാനപ്രതി അറസ്റ്റിൽ. പാവുമ്പ തോട്ടത്തിൽവീട്ടിൽ മുരളീധരൻ (64) ആണ് അറസ്റ്റിലായത്. റെയിൽവേയിൽ എൻജിനീയർ, ടി.ടി.ഇ. തസ്തികകളിൽ ജോലി വാഗ്ദാനംചെയ്ത് ഇയാൾ നിരവധി യുവാക്കളിൽനിന്നാണ് പണം തട്ടിയത്.

കരുനാഗപ്പള്ളി, ഓച്ചിറ, പാവുമ്പ മേഖലയിലെ യുവാക്കളാണ് തട്ടിപ്പിനരയായത്. തമിഴ്‌നാട് തിരിച്ചിറപ്പള്ളി സെൻട്രൽ റെയിൽവേ ഓഫീസിനുസമീപത്തെ സ്ഥലത്ത് യുവാക്കളെ കൊണ്ടുപോയി വ്യാജ വൈദ്യപരിശോധന നടത്തിയിരുന്നു. തിരിച്ചിറപ്പള്ളിയിലെ റെയിൽവേ ട്രെയിനിങ് സെന്ററിലേക്ക് എന്നപേരിൽ വ്യാജ കാൾലെറ്റർ നൽകിയായിരുന്നു വൈദ്യപരിശോധന. ഇത്തരത്തിൽ മൊത്തം 70 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് മുരളീധരൻ, ഗീതാറാണി എന്നിവരുടെപേരിൽ കേസെടുത്തത്.

ഇതിനു പുറനേ റെയിൽവേയിൽ സ്ഥലംമാറ്റം വാങ്ങിനൽകാമെന്നു പറഞ്ഞ് ഒട്ടേറെപ്പേരിൽനിന്ന് ഇയാൾ പണം തട്ടിയെടുത്തതായും പൊലീസ് അറിയിച്ചു. ഈ കേസിലെ പ്രതിയായ ഗീതാറാണിയെ സമാനമായ കേസിൽ 2020-ൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സമാനമായ തട്ടിപ്പിന് മുരളീധരന്റെപേരിൽ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ കേസ് നിലവിലുണ്ട്. കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ ജി.ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്‌ഐ.മാരായ ജയശങ്കർ, എസ്.രാജേന്ദ്രൻ, റസൽ ജോർജ്, എഎസ്ഐ.മാരായ ഷാജിമോൻ, നന്ദകുമാർ എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്.