- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ആരോഗ്യ പ്രവർത്തകയ്ക്ക് നേരെ ആക്രമണം; തലയ്ക്ക് അടിച്ചുവീഴ്‌ത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച് ബൈക്കിലെത്തിയ രണ്ടംഗസംഘം: രക്ഷപ്പെടുത്തിയത് പട്രോളിങിനെത്തിയ പൊലീസ് സംഘം
ആലപ്പുഴ: കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് രാത്രി സ്‌കൂട്ടറിൽ വീട്ടിലേക്കു മടങ്ങിയ ആരോഗ്യ പ്രവർത്തകയ്ക്ക് നേരെ ആക്രമണം. ബൈക്കിലെത്തിയ സംഘം സ്‌കൂട്ടറോടിച്ച് വീട്ടിലേക്ക് പോയ യുവതിയെ തലയ്ക്ക് അടിച്ചുവീഴ്‌ത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു. തൃക്കുന്നപ്പുഴ പാനൂർ ഫാത്തിമ മൻസിലിൽ നവാസിന്റെ ഭാര്യ സുബിനയെയാണ് (33) ബൈക്കിൽ എത്തിയ രണ്ടംഗ സംഘം ആക്രമിച്ചത്.
തിങ്കളാഴ്ച രാത്രി 11.45നു തോട്ടപ്പള്ളി തൃക്കുന്നപ്പുഴ റോഡിൽ പല്ലന കുമാരനാശാൻ മെമോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിനു സമീപത്തുവച്ചായിരുന്നു ആക്രമണം പരുക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലായ സുബിന വൈകിട്ടോടെ ആശുപത്രിവിട്ടു. ആലപ്പുഴ മെഡി. കോളജ് ആശുപത്രിലെ കോവിഡ് വിഭാഗത്തിൽ താൽക്കാലിക നഴ്‌സിങ് അസിസ്റ്റന്റാണ് ഇവർ.
ജോലി കഴിഞ്ഞ് ഇറങ്ങിയ സുബീനയുടെ സ്‌കൂട്ടറിനെ പിന്തുടർന്ന ബൈക്കിലെത്തിയവരിൽ പിന്നിലിരുന്നയാൾ സുബിനയുടെ തലയ്ക്ക് അടിച്ചു. ഇതോടെ സ്‌കൂട്ടർ പാതയോരത്തെ വൈദ്യുതത്തൂണിൽ ഇടിച്ചു മറിഞ്ഞു. ഇടവഴിയിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച സുബിനയെ സംഘത്തിലെ ഒരാൾ പിന്തുടർന്ന് ആക്രമിച്ചു. സമീപത്തെ വീട്ടിലേക്ക് ഓടിക്കയറാൻ സുബിന ശ്രമിച്ചെങ്കിലും ഗേറ്റ് അടച്ചിരുന്നതിനാൽ കഴിഞ്ഞില്ല.
പിന്തുടർന്നു വന്നയാൾ ആഭരണങ്ങൾ നൽകാൻ ആവശ്യപ്പെട്ടു. ആഭരണങ്ങൾ ഇല്ലെന്നു പറഞ്ഞതോടെ ബലമായി ബൈക്കിൽ കയറ്റാൻ ശ്രമിച്ചു. ഇതിനിടെ ബൈക്ക് മറിഞ്ഞു. ഈ സമയം, പൊലീസ് വാഹനത്തിന്റെ വെളിച്ചം കണ്ടതോടെ അക്രമികൾ തോട്ടപ്പള്ളി ഭാഗത്തേക്കു ബൈക്കിൽ കടന്നു. പട്രോളിങ് നടത്തുകയായിരുന്ന തൃക്കുന്നപ്പുഴ പൊലീസ് സുബിനയിൽനിന്നു വിവരങ്ങൾ അറിഞ്ഞശേഷം ഭർത്താവ് നവാസിനെ അറിയിച്ചു. കവർച്ചയാകാം സംഘത്തിന്റെ ലക്ഷ്യമെന്നാണു പൊലീസ് നിഗമനം.
സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. വിശദമായി പരിശോധിച്ച് സംസ്ഥാന പൊലീസ് മേധാവി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നു കമ്മിഷൻ അംഗം വി.കെ.ബീനാകുമാരി ആവശ്യപ്പെട്ടു.