- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനി ജി. സുശീലയ്ക്ക് കേരളത്തിന്റെ ആദരാഞ്ജലി; 100-ാം വയസ്സിൽ വിടവാങ്ങിയത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജയിലിൽ കിടന്ന പെൺകരുത്ത്: സംസ്ക്കാരം ഇന്ന് വീട്ടുവളപ്പിൽ
പാലക്കാട്: അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനി ആനക്കര വടക്കത്ത് ജി സുശീല (100)യ്ക്ക് മലയാള മണ്ണിന്റെ ആദരം. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതി ജയിലിൽ കിടന്ന പെൺകരുത്താണ് നൂറാമത്തെ വയസ്സിൽ ഇന്നലെ വിടവാങ്ങിയത്. ബുധനാഴ്ച വൈകീട്ട് ആറരയോടെ വടക്കത്ത് തറവാട്ടിലാണ് അന്ത്യം. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ആറുവർഷത്തോളമായി കിടപ്പിലായിരുന്നു.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത സമര പാരമ്പര്യമുള്ള കുടുംബമാണ് സുശീലയുടേത്. ദേശീയപ്രസ്ഥാനത്തിലെ പ്രവർത്തകരുടെ സംഗമ കേന്ദ്രമായിരുന്ന ആനക്കര വടക്കത്ത് തറവാട്ട്. ഗാന്ധിയനായിരുന്ന ആനക്കര വടക്കത്ത് എ.വി. ഗോപാലമേനോന്റെയും പെരുമ്പിലാവിൽ കുഞ്ഞിലക്ഷ്മി അമ്മയുടെയും മകളായി 1921-ലാണ് സുശീല ജനിച്ചത്. സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം ഉപരിപഠനത്തിനായി മദ്രാസിലേക്ക് പോയി.
സ്വാതന്ത്ര സമരത്തിന്റെ ഭാഗമായി നടന്ന പ്രകടനത്തിൽ പങ്കെടുത്ത് അറസ്റ്റിലുമായി. മൂന്നുമാസം വെല്ലൂർ ജയിലിൽ തടവനുഭവിച്ചു. സ്ത്രീക്ഷേമപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. മഹാത്മജിയുടെ ലളിതജീവിതാദർശം ജീവിതത്തിൽ പകർത്തിയ സുശീലാമ്മ കോൺഗ്രസിന്റെ മഹിളാവിഭാഗം ദേശീയസെക്രട്ടറിയായിരുന്നു. എന്നാൽ, സ്വാതന്ത്ര്യാനന്തരം സജീവരാഷ്ട്രീയത്തിൽനിന്ന് അകന്നുനിന്നു.
ഭർത്താവ്: സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ടി.വി. കുഞ്ഞികൃഷ്ണൻ. ഇദ്ദേഹം 'മാതൃഭൂമി'യിൽ ഏറെക്കാലം 'വിദേശരംഗം' എന്ന പംക്തി കൈകാര്യം ചെയ്തിരുന്നു. മക്കൾ: നന്ദിതാ കൃഷ്ണൻ, ഇന്ദുധരൻ മേനോൻ (പാരീസ്). മരുമക്കൾ: അരുൺകൃഷ്ണൻ, ബ്രിഷി (ബ്രിജിത്ത്). സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് രണ്ടരയോടെ വീട്ടുവളപ്പിൽ.
ചോരയിൽ അലിഞ്ഞ വിപ്ലവം
ചോരയിൽ അലിഞ്ഞു ചേർന്ന വിപ്ലവത്തിന്റെയും രാഷ്ട്രീയത്തിന്റെയും കലയുടെയും നാലുകെട്ടിലെ തറവാട്ടമ്മയായിരുന്നു ജി. സുശീല. നാട്ടുകാർക്ക് സുശീലേടത്തിയായിരുന്നു അവർ. ആ തറവാടിന്റെ വാതിൽതുറന്ന് പുറത്തിറങ്ങിയവരുടെ ജീവിതങ്ങൾ അവർ ചൊരിഞ്ഞ വാക്കുകളിലൂടെ വളർന്ന് തിടംവെച്ചു. ആദ്യമിറങ്ങിയത് അമ്മു സ്വാമിനാഥൻ -ക്യാപ്റ്റൻ ലക്ഷ്മിയുടെയും മൃണാളിനി സാരാഭായിയുടെയും അമ്മ. സിവിൽ നിയമലംഘനത്തിന്റെ ചുട്ടുപഴുത്ത വേനലിൽ അതേ തറവാട്ടിലെ എ.വി. കുട്ടിമാളു അമ്മ, കൈക്കുഞ്ഞായ മീനാക്ഷിയോടൊപ്പം ജയിലിൽപ്പോയി.
മദിരാശി ലേഡി വെല്ലിങ്ടൺ കോളേജിൽ ബി.ടി. പഠിക്കാൻപോയ ജി. സുശീല ഇരുപതുദിവസം തുടർച്ചയായി വിദ്യാർത്ഥികളുടെ സമരംനയിച്ചു.അറസ്റ്റിലായ അവരെ വെല്ലൂർ ജയിലിൽ കൊണ്ടുവന്നപ്പോൾ അത്ഭുതം, അതേ ജയിലിൽ അമ്മു സ്വാമിനാഥനും കുട്ടിമാളു അമ്മയുമുണ്ട്. ആ ജയിലിൽവച്ചാണ് ഹൃദയത്തിൽ തേജോമയമായ ഒരു വിഗ്രഹംപോലെ സൂക്ഷിച്ചുവെച്ച കമലാദേവി ചതോപാധ്യായയെ കണ്ടത്. സുശീലേടത്തിയുടെ ആത്മീയഗുരുവായിരുന്നു കമലാദേവി. ജയിലിൽ കമലയുടെ ക്ലാസുകൾ കേട്ടപ്പോഴാണ് സാമൂഹികസേവനത്തിന്റെ പ്രധാന്യവും സ്ത്രീശാക്തീകരണത്തിന്റെ അനിവാര്യതയും മനസ്സിൽ പതിഞ്ഞത്. കൂടിയാട്ടത്തെ അടുത്തറിഞ്ഞ കമലാദേവി, ഗുരു മാണിമാധവചാക്യാരുടെ വീട്ടിൽ താമസിച്ച് കൂടിയാട്ടം പഠിച്ച കഥകൂടി സുശീലയോട് പറഞ്ഞപ്പോൾ ആരാധന വളർന്ന് ആദരവായി. ജയിലിൽനിന്ന് പുറത്തുവന്നപ്പോൾ കമലാദേവിയുടെ വാക്കുകൾ ഹൃദയത്തിൽ മുഴങ്ങി. ഗ്രാമത്തിൽ മടങ്ങിയെത്തിയപ്പോൾ വായനശാലയുടെ മുമ്പിൽ ആനക്കരഗ്രാമം മുഴുവൻ അവരെ കാത്തുനിന്നു.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ഭർത്താവ് ടി.വി.കെ. യോടൊപ്പം (ടി.വി. കുഞ്ഞിക്കൃഷ്ണൻ) വടകര കടപ്പുറത്ത് കൂടിനിന്ന ആയിരങ്ങളുടെമുമ്പിൽ മഹാത്മജിക്ക് പ്രിയപ്പെട്ട ഭഗവദ്ഗീതയിലെ രണ്ടാമധ്യായം രാത്രിമുഴുവൻ ഭാവതീവ്രതയോടെ ചൊല്ലി. ഗാന്ധിജിയുടെ ഓർമകൾ എപ്പോഴും അവരെ ഉത്സാഹഭരിതയാക്കുമായിരുന്നു. മദിരാശിയിൽ ദക്ഷിണഭാരത ഹിന്ദി പ്രചാരസഭയുടെ സമ്മേളനത്തിൽ അഞ്ചുദിവസവും അവർ ഗാന്ധിജിയോടൊപ്പമുണ്ടായിരുന്നു. അതിഥികളെ സ്വീകരിക്കാൻ നിയുക്തയായ വൊളന്റിയറായിരുന്നു സുശീലേടത്തി. സ്വാതന്ത്ര്യംപോലെ പ്രധാനമാണ് സ്ത്രീകളുടെ ഉന്നമനവുമെന്ന് ഗാന്ധിജിയാണ് സുശീലേടത്തിയോട് പറഞ്ഞത്.
സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിച്ച നേതാവ്
ദേശീയ മഹിളാസമാജത്തിന്റെ മലബാർമേഖലാ സെക്രട്ടറിയായിരിക്കുമ്പോൾ കേളപ്പജി പറഞ്ഞു: ''സുശീല, ഒറ്റയ്ക്ക് കുടുംബിനികൾക്കിടയിലേക്കിറങ്ങുക, തൊഴിലും വിദ്യാഭ്യാസവുമാണ് അവർക്കുവേണ്ടത്''.പയ്യന്നൂരും തലശ്ശേരിയിലും കണ്ണൂരും കോഴിക്കോടും സുശീലേടത്തി യാത്ര നടത്തി. ഖാദികേന്ദ്രങ്ങൾ സ്ഥാപിച്ചു. തൊഴിൽപരിശീലനകേന്ദ്രങ്ങൾ തുറന്നു. സ്വാതന്ത്ര്യത്തിനുശേഷം അതിന്റെ ഒരുപങ്കും അവർ പറ്റിയില്ല. താമ്രപത്രങ്ങൾ തനിക്കുവേണ്ടെന്ന് അവർ തുറന്നുപറഞ്ഞു. അവരുടെ മുമ്പിലേക്ക് വെച്ചുനീട്ടിയ പദവികൾ നിർമമതയോടെ നിരസിച്ചു. ജീവിതകാലം മുഴുവൻ ശുഭ്രമായ ഖാദിധരിച്ച് വടക്കത്ത് തറവാടിന്റെ നല്ല ആതിഥേയയായി.
ആനക്കരയിലെ സ്ത്രീകൾക്കായി തൊഴിൽപഠന ക്ലാസുകൾ നടത്തി. ആനക്കരയിൽ ഒരു വിദ്യാലയം സ്ഥാപിക്കാൻ മുന്നിട്ടിറങ്ങി. പാറിപ്പറന്ന ആ മുടിയിഴകളിലേക്ക് കാലവും ശുഭ്രതയും കയറിവന്നു. സുശീലേടത്തിയുടെ ഓർമകളിൽ വടക്കത്ത് തടവാടിന്റെ സൗഭാഗ്യങ്ങൾ എന്നുമുണ്ടായിരുന്നു. കുട്ടിമാളുവമ്മയും വിനോദിനിയമ്മയും അമ്മുസ്വാമിനാഥനും ക്യാപ്റ്റൻ ലക്ഷ്മിയും ശ്രീലതയും മൃണാളിനിയും എ.വി എം. അച്യുതനും മല്ലികയും സുഭാഷിണി അലിയുമൊക്കെ അവരുടെ സൗഭാഗ്യങ്ങളായി. വടക്കത്തേക്ക് കയറിവന്നവരും ഗംഭീരാശയന്മാരായിരുന്നെന്ന് അവർ എപ്പോഴും ഓർമിപ്പിക്കും. ബാരിസ്റ്റർ സ്വാമിനാഥൻ, കോഴിപ്പുറത്ത് മാധവമേനോൻ, വിക്രം സാരാഭായ്.... കാൽനൂറ്റാണ്ടുമുമ്പ് അവർ ആനക്കരയുടെ ചരിത്രം പങ്കുവെച്ചു. 1896-ലെ കുടുംബത്തിന്റെ നിർമ്മാണചരിത്രംമുതൽ, യാഥാർഥ്യങ്ങളും കെട്ടുകഥകളുംവരെ. എ.വി. ഗോവിന്ദമേനോൻ, ശങ്കരമേനോൻ, കരുണാകരമേനോൻ, എ.വി. കുട്ടിക്കൃഷ്ണമേനോൻ എന്നീ പേരുകളൊക്കെ അവർ കൃതജ്ഞതാപൂർവം സ്മരിച്ചു. അപൂർവമായി കുടുംബം ഒത്തുകൂടിയ സന്ദർഭങ്ങൾ ചിത്രങ്ങളായി വാർന്നുവീണു. ചെങ്കല്ലുകെട്ടിയ കുളത്തിൽ മൃണാളിനിയും കൂട്ടരും തുടിച്ചുനീന്തിയ കഥകൾ, സന്ധ്യയിലെ നാമജപങ്ങൾ, രാത്രിമുഴുവൻ നീളുന്ന കുടുംബക്ഷേത്രത്തിലെ പൂജകൾ...
മൃണാളിനിയമ്മ ആനക്കരയിൽ ട്രൂപ്പിനുവേണ്ടി നടത്തിയ ഇന്റർവ്യൂവും അഹമ്മദാബാദിൽ ടിയർഗ്യാസ് കൊണ്ട് കണ്ണിന് പരിക്കേറ്റപ്പോൾ ബോംബെയിലേക്കുപോയി കൂട്ടിരുന്നതും ദർപ്പണ ട്രൂപ്പിനോടൊപ്പം കോ-ഓർഡിനേറ്ററായി നടത്തിയ യാത്രയും ഊഷ്മളതയോടെയാണ് അവർ വിവരിച്ചത്. ഒപ്പം, വറ്റാത്ത ഒരു പുഴയുടെ കഥയും പറഞ്ഞു. പിന്നീട്, നിളമുഴുവൻ വറ്റിപ്പോകുന്നതിനും അവർ സാക്ഷിയായി. മതങ്ങൾ കലഹിക്കാത്ത ഒരിന്ത്യയായിരുന്നു സുശീലേടത്തിയുടെ ഏറ്റവും വലിയ സ്വപ്നം. പിൽക്കാലത്ത് സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ അജ്ഞാത ജന്മങ്ങളിൽ ഒരാളായിരിക്കാൻ അവർ ആഗ്രഹിച്ചു.