കുവൈത്ത് സിറ്റി: ഗൾഫ് രാജ്യങ്ങൾ കോവിഡ് യാത്രാ വിലക്ക് നീക്കിയപ്പോൾ ജോലി സ്ഥലത്തേക്ക് തിരികെ പോകാനുള്ള തയ്യാറെടുപ്പിലാണ് പ്രവാസി മലയാളികൾ. മാസങ്ങളോളം ജോലി ഇല്ലാതിരുന്ന അവസ്ഥയിൽ നിന്നാണ് പലരും തൊഴിൽ സ്ഥലത്തേക്ക് തിരികെ പോകാൻ തയ്യാറെടുക്കുന്നത്. എന്നാൽ വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് തോന്നും വിധം കൂട്ടിയതോടെ വയറ്റത്തടിച്ച അവസ്ഥയിലാണ് പ്രവാസി മലയാളികൾ. സാധാരണക്കാർക്ക് താങ്ങാനാവാത്ത വിധം വൻ വർദ്ധനവാണ് ടിക്കറ്റ് നിരക്കിൽ ഉണ്ടായിരിക്കുന്നത്.

എയർലൈനുകൾ വൻതോതിലാണ് ടിക്കറ്റ് നിരക്ക് കൂട്ടിയിരിക്കുന്നത്. ജോലി നഷ്ടപ്പെടാതിരിക്കാൻ പലരും കൂടിയ തുക മുടക്കി യാത്ര ചെയ്യുന്നു. എന്നാൽ സാധാരണക്കാരായ തൊഴിലാളികളാവട്ടെ ടിക്കറ്റ് നിരക്ക് കുറയുന്നതു കാത്തിരിക്കുന്നു. പല രാജ്യങ്ങളിലേക്കും യാത്ര ചെയ്യണമെങ്കിൽ ലക്ഷങ്ങൾ കയ്യിൽ വേണം എന്ന അവസ്ഥയാണ്.

വിവിധ രാജ്യങ്ങളുമായി എയർ ബബ്ൾ കരാർ പ്രകാരം നടത്തുന്ന സർവീസ് നാമമാത്രമാണ്. സൗദിയിലേക്ക് ചാർട്ടേഡ് വിമാനങ്ങളും വന്ദേഭാരത് മിഷൻ സർവീസുമാണു നിലവിലുള്ളത്. സാധാരണ സർവീസ് പുനരാരംഭിക്കുകയോ കൂടുതൽ സർവീസ് ഏർപ്പെടുത്തുകയോ ചെയ്താൽ നിരക്ക് കുറയുമെന്നു പ്രവാസികൾ പറയുന്നു.

സൗദിയിലേക്ക് നാട്ടിൽ നിന്നു നേരിട്ടുള്ള വിമാനങ്ങളിൽ 30,000 40,000 രൂപയ്ക്ക് ഇപ്പോൾ ടിക്കറ്റ് ലഭിക്കും. എന്നാൽ സൗദിയിൽനിന്ന് 2 ഡോസ് വാക്‌സീൻ എടുത്തു നാട്ടിലെത്തിയവർക്കു മാത്രമേ ഇങ്ങനെ പോകാനാകൂ. അല്ലാത്തവർക്ക് യുഎഇ ഉൾപ്പെടെ ഇതര രാജ്യങ്ങളിൽ 15 ദിവസത്തെ ക്വാറന്റീൻ പാക്കേജ് അടക്കം 75,000 80,000 രൂപ വരും.

കുവൈത്ത് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചെങ്കിലും കേരളത്തിൽനിന്ന് കുവൈത്തിലേക്കുള്ള നിരക്കിൽ കുറവില്ല. 96,000 രൂപ മുതൽ 1,44,000 വരെയാണ് ജസീറ എയർവേയ്‌സിൽ കൊച്ചിയിൽ നിന്നുള്ള നിരക്ക്. ഒക്ടോബർ 14 മുതൽ കുറഞ്ഞ നിരക്ക് 85,808 രൂപയാണെന്നും അവരുടെ വെബ്‌സൈറ്റിൽ പറയുന്നു.

കൊച്ചി- യുഎഇ ടിക്കറ്റ് നിരക്ക് 25,000 രൂപ മുതലാണ്. മസ്‌കത്തിലേക്കു 40,000 50,000 രൂപ. ബഹ്‌റൈനിലേക്കു എയർ ഇന്ത്യയിൽ നേരിട്ടു പറക്കാൻ 30,000നു മുകളിലാണ്. വിദേശ വിമാന കമ്പനികളിൽ 43,000നു മുകളിലാണ്. ദോഹയിലേക്കു കേരളത്തിൽ നിന്നുള്ള നിരക്ക് 22,000 34,000 രൂപ. തിരിച്ച് 8,873 - 9,255 രൂപ മാത്രം.