ചെന്നൈ: പ്രണയബന്ധം അവസാനിപ്പിച്ചതിന് കോളേജ് വിദ്യാർത്ഥിനിയെ കാമുകൻ കുത്തിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ചു. ചെന്നൈ താംബരം റെയിൽവേ സ്റ്റേഷന്റെ മുഖ്യകവാടത്തിനു മുന്നിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. മദ്രാസ് ക്രിസ്ത്യൻ കോളജ് വിദ്യാർത്ഥിനി ശ്വേത (20) യാണ് കൊല്ലപ്പെട്ടത്.

കഴുത്തിലും കയ്യിലും മാരകമുറിവേറ്റ ശ്വേത സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഇരുപത്തിയൊന്നുകാരനായ കാമുകൻ രാമചന്ദ്രനാണ് ക്രൂരകൃത്യം ചെയ്തത്. യുവതിയെ കൊലപ്പെടുത്തിയയ ശേഷം കഴുത്ത് മുറിച്ച ഇയാളെ പൊലീസ് ആശുപത്രിയിലാക്കി.

ആൾക്കൂട്ടം നോക്കിനിൽക്കെ ഇന്നലെ ഉച്ചയ്ക്കു മൂന്ന് മണിയോടെയാണു സംഭവം. ലാബ് ടെക്‌നോളജി ഡിപ്ലോമ വിദ്യാർത്ഥിനിയായ ശ്വേത കൂട്ടുകാർക്കൊപ്പം കോളജിൽ നിന്നു മടങ്ങുമ്പോഴാണു രാമചന്ദ്രൻ തടഞ്ഞുനിർത്തിയത്.

ഇരുവരും 2 വർഷമായി പ്രണയത്തിലായിരുന്നെന്നും മാസങ്ങൾക്കു മുൻപ് ശ്വേത അടുപ്പം അവസാനിപ്പിച്ചതോടെ രാമചന്ദ്രൻ പകവീട്ടാൻ തക്കം പാർത്തു നടക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.