കണ്ണൂർ: പയ്യന്നൂർ പെരുമ്പ ഹൈവെയിൽ ടയർ ഹൗസ് ഉടമ ഷമീമിനെ പോക്‌സോ കേസിൽ കുടുക്കിയ പൊലിസ് ഉദ്യോഗസ്ഥനെതിരെ നിഷ്പക്ഷ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്ന് ടയർ ഡീലേഴ്‌സ് ആൻഡ് അലൈന്മെന്റ് അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

.കഴിഞ്ഞ 19 ന് കടയ്ക്കു മുൻപിൽ വാഹനം പാർക്ക് ചെയ്തത് ചോദ്യം ചെയ്തതിനെ തുടർന്നുള്ള വൈരാഗ്യത്തിൽ ഷമീമിനെയും ആറു പേരെയും പയ്യന്നൂർ പൊലിസ് സബ് ഇൻസ്‌പെക്ടർ പോക്‌സോ കേസ് കെട്ടിച്ചമയ്ക്കുകയായി രു ന്നു. നിരവധി ആരോപണങ്ങൾ നേരിട്ട ഉദ്യോഗസ്ഥനാണ് ഇയാൾ.

കടയ്ക്കു മുൻപിൽ നിർത്തിയിട്ട കാർ മാറ്റിയിടാൻ ആവശ്യപ്പെട്ടതിന് ഉടമയായ ഷമീമിനോട് താനാരാണെന്ന് നിനക്കറിയില്ലെന്ന് പറഞ്ഞ് മഫ്ടിയിലുള്ള ഉദ്യോഗസ്ഥൻ തട്ടിക്കയറുകയും മൊബൈൽ ഫോൺ തട്ടിപ്പറിക്കുകയും അസഭ്യം പറയുകയുമായിരുന്നു. ഇതിനെ തുടർന്ന് ഇയാൾക്കെതിരെ പയ്യന്നൂർ ഡി.വൈ.എസ്‌പി, കണ്ണൂർ എസ്‌പി എന്നിവർക്ക് പരാതി നൽകിയിരുന്നു ഇതിന്റെ പകപോക്കലായാണ് കാറിലിരിക്കുന്ന 16 വയസുകാരിയായ മകളെ പീഡിപ്പിക്കുവാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് പോക്‌സോ കേസ് കൊടുത്തത്.

പോക്‌സോ വകുപ്പ് നിയമം നടപ്പാക്കേണ്ട ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥൻ തന്നെ ദുരുപയോഗം ചെയ്യുകയാണ് ചെയ്തത്. ഷമീമിന്റെ നിരപരാധിത്വം തെളിയിക്കുന്നതിന് സത്യസന്ധമായ അന്വേഷണം നടത്തണമെന്ന് ഡി.ജി.പി, എസ്‌പി, ഡി.വൈ.എസ്‌പി എന്നിവർക്ക്‌നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.വാർത്താ സമ്മേളനത്തിൽ ടയർ ഡീലേഴ്‌സ് ആൻഡ് അലെന്മെന്റ് ഭാരവാഹികളായ എസ്.ശിഹാബുദ്ദീൻ, ടി.സി നൗഷാദ്, സി.പി നീലേഷ്, പി.കെ ലതീഷ്, പി.പി സാ ഷിർ എന്നിവർ പങ്കെടുത്തു.