വൈപ്പിൻ: ഭർതൃഗൃഹത്തിൽ 24കാരിയായ യുവതിയെ മരിച്ച നിലയിൽ. ചെറായി കുറ്റിപ്പിള്ളിശ്ശേരി ശരത്തിന്റെ ഭാര്യയും കൈതാരം കൊല്ലംമുറി വിജയന്റെ മകളുമായ ഗോപികയുടെ മൃതേദഹമാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ചെറായി ദേവസ്വംനടയ്ക്കു സമീപത്തുള്ള വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് മരണം. ജനൽകമ്പിയിൽ നിന്നുള്ള ഷാൾ കഴുത്തിൽ കെട്ടി നിലത്തിരിക്കുന്ന നിലയിലായിരുന്നു മൃതദേഹമെന്നു പൊലീസ് പറഞ്ഞു.

ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെത്തിയ ഭർതൃസഹോദരനാണ് മൃതദേഹം കണ്ടത്. ഒരു വർഷം മുൻപായിരുന്നു ഗോപികയുടെയും ശരത്തിന്റെയും വിവാഹം. ഗോപികയുടെ ബന്ധുക്കൾ മരണത്തിൽ സംശയം പ്രകടിപ്പിച്ചതിനാൽ ഫോർട്ട് കൊച്ചി ആർഡിഒ വീട്ടിലെത്തി ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. മുനമ്പം ഡിവൈഎസ്‌പി ആർ.ബൈജുകുമാർ, ഇൻസ്‌പെക്ടർ എ.എൽ.യേശുദാസ്, എസ്‌ഐമാരായ എസ്.ശ്യാംകുമാർ, വി.മുരളീധരൻ എന്നിവരും സ്ഥലത്തെത്തിയിരുന്നു.