കളമശേരി: കെട്ടിടത്തിന് മുകളിലെ ജോലിക്കിടയിൽ അമിത വൈദ്യുതി പ്രവാഹമേറ്റു യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. മൂന്നുനില കെട്ടിടത്തിനു മുകളിലെ ജോലിക്കിടയിൽ 220 കെവി ടവർലൈനിൽ നിന്നുള്ള അമിത വൈദ്യുതി പ്രവാഹമാണ് അപകടം ഉണ്ടാക്കിയത്. പൊള്ളലേറ്റ തമിഴ്‌നാട് ചെങ്കൽപേട്ട് സ്വദേശി മാരിമുത്തുവിനെ (33) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വൈകിട്ടു മൂന്നിന് സീപോർട്ട് എയർപോർട്ട് റോഡിൽ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിനു മുകളിലാണ് അപകടം നടന്നത്. പ്ലമ്പിങ് ജോലികൾ ചെയ്യുന്നതിനു വേണ്ടിയാണു മാരിമുത്തു കെട്ടിടത്തിനു മുകളിൽ കയറിയതെന്നു പറയുന്നു. ഇവിടെ കെട്ടിക്കിടന്നിരുന്ന വെള്ളം തട്ടിത്തെറിപ്പിച്ചപ്പോൾ 220 കെവി ലൈനിൽ വീണതാകാം അപകടകാരണമെന്നു കെഎസ്ഇബി ജീവനക്കാർ പറഞ്ഞു.

അമിത വൈദ്യുതി പ്രവാഹത്തിൽ കെട്ടിടത്തിന്റെ കൈവരിയുടെ കോൺക്രീറ്റിന്റെ ഒരുഭാഗം തകർന്നു. പൊട്ടിത്തെറി ശബ്ദം കേട്ടുവെന്നും പലവീടുകളിലെയും വൈദ്യുതോപകരണങ്ങൾ നശിച്ചുവെന്നും സമീപവാസികൾ പറഞ്ഞു. കെട്ടിടത്തിലുണ്ടായിരുന്ന മറ്റു തൊഴിലാളികളും നാട്ടുകാരും ചേർന്നാണു മാരിമുത്തുവിനെ ആശുപത്രിയിൽ എത്തിച്ചത്.