- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇൻഡോ പസഫിക് മേഖല സ്വതന്ത്രവും സുരക്ഷിതവുമാക്കുമെന്നും ബൈഡൻ; ആഴത്തിലുള്ള സൗഹൃദം തുടരാനും ധാരണ; രാജ്യാന്തര തലത്തിൽ പല വെല്ലുവിളികളും നേരിടാൻ ഇന്ത്യ.യുഎസ് സഹകരണം തുടരും; ഗാന്ധിജിയുടെ അക്രമരാഹിത്യം മാതൃകയാക്കാനും ധാരണ; വൈറ്റ് ഹൗസിൽ നിന്നും മോദി മടങ്ങിയത് ബൈഡനെ നല്ല കൂട്ടുകാരനാക്കി; കോവിഡിലും ചർച്ചകൾ
വാഷിങ്ടൻ: ഡൊണാൾഡ് ട്രംപുമായി നരേന്ദ്ര മോദിക്കുണ്ടായിരുന്ന അടുത്ത ബന്ധം. ജോ ബൈഡൻ എത്തുമ്പോഴും അമേരിക്കയുമായുള്ള നയതന്ത്ര ബന്ധം അതിശക്തമായി തുടരും. ഇന്ത്യ യുഎസ് ബന്ധം കൂടുതൽ വിപുലമാക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കുകയാണ്. ബൈഡന്റെ നേതൃത്വത്തിൽ ഇന്ത്യ യുഎസ് സൗഹൃദം കൂടുതൽ ശക്തമാക്കുന്നതിനുള്ള വിത്തുകൾ പാകി. ഈ ദശകം രൂപപ്പെടുത്തുന്നതിൽ ബൈഡന്റെ നേതൃത്വം പ്രധാനമാണെന്നും മോദി പറഞ്ഞു.
രാജ്യാന്തര തലത്തിൽ പല വെല്ലുവിളികളും നേരിടാൻ ഇന്ത്യ.യുഎസ് സഹകരണത്തിന് ആകുമെന്ന് ജോ ബൈഡൻ വ്യക്തമാക്കി. നാലു ദശലക്ഷത്തോളം വരുന്ന ഇന്ത്യൻ അമേരിക്കൻ ജനതയാണ് യുഎസിനെ ഒരോ ദിവസവും ശക്തിപ്പെടുത്തുന്നത്. അക്രമ രാഹിത്യം എന്ന ഗാന്ധിജിയുടെ സന്ദേശം ഇന്ന് എന്നത്തേക്കാളും പ്രസക്തമാണ്. ഞാൻ വൈസ് പ്രസിഡന്റ് ആയിരുന്ന 2006ൽ തന്നെ ഇന്ത്യയും യുഎസും 2020ഓടെ ഏറ്റവും അടുത്ത രാജ്യങ്ങളായി മാറുമെന്ന് പറഞ്ഞിരുന്നതായും ബൈഡൻ ചൂണ്ടിക്കാട്ടി.
ഇൻഡോ പസഫിക് മേഖല സ്വതന്ത്രവും സുരക്ഷിതവുമാക്കുമെന്നും ബൈഡൻ അഭിപ്രായപ്പെട്ടു. ചർച്ചകൾക്കു ശേഷം പ്രധാനമന്ത്രി വൈറ്റ് ഹൗസിൽനിന്ന് മടങ്ങി. ബൈഡൻ യുഎസ് പ്രസിഡന്റ് ആയതിനു ശേഷം പ്രധാനമന്ത്രി മോദിയുമായുള്ള ആദ്യ ഉഭയകക്ഷി ചർച്ചയാണ് വൈറ്റ് ഹൗസിൽ കഴിഞ്ഞ ദിവസം നടന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രങ്ങളായ ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തവും അടുപ്പമുള്ളതും ആയിത്തീരാതെ കഴിയില്ലെന്നു ബൈഡൻ പറഞ്ഞു.
ഇരുരാജ്യങ്ങൾക്കും ലോകം നേരിടുന്ന ഒട്ടേറെ വെല്ലുവിളികൾ പരിഹരിക്കാനാകും. 40 ലക്ഷം വരുന്ന ഇന്ത്യൻ സമൂഹം അമേരിക്കയെ ദിവസവും കരുത്തുറ്റതാക്കുന്നുവെന്നും കൂടിക്കാഴ്ചയിൽ ബൈഡൻ ചൂണ്ടിക്കാട്ടി. കോവിഡ് വാക്‌സീൻ കയറ്റുമതി, അടിസ്ഥാനസൗകര്യ വികസനം, കാലാവസ്ഥ വ്യതിയാനം, സുരക്ഷ സഹകരണം എന്നിവ ചർച്ച ചെയ്തു. നേരത്തേ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിതെ സുഗ, ഓസ്‌ട്രേലിയ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ എന്നിവരുമായും നരേന്ദ്ര മോദി ചർച്ച നടത്തി.
2014 നുശേഷം നരേന്ദ്ര മോദിയുടെ ഏഴാമത്തെ യുഎസ് സന്ദർശനമാണിത്. ബൈഡൻ വൈസ് പ്രസിഡന്റായിരിക്കെ മോദിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ 26 നാണ് ഇരുനേതാക്കളും തമ്മിൽ ടെലിഫോൺ സംഭാഷണം നടത്തിയത്. 'ഈ കൂടിക്കാഴ്ച ഉഭയകക്ഷി ബന്ധങ്ങൾ ആഴത്തിലാക്കാനും കോവിഡ് മുതൽ കാലാവസ്ഥ വ്യതിയാനം വരെയുള്ള പ്രശ്‌നങ്ങൾ നേരിടുന്നതു ചർച്ച ചെയ്യാനുമാണ്'- ബൈഡൻ ട്വീറ്റ് ചെയ്തു. ബൈഡൻ-മോദി കൂടിക്കാഴ്ചയ്ക്കുശേഷമാണു വൈറ്റ്ഹൗസിൽ ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാൻ, യുഎസ് എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡ് ഉച്ചകോടി നടന്നത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ല, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഇന്ത്യയുടെ യുഎസിലെ അംബാസഡർ തരൺജിത് സിങ് സന്ധു എന്നിവരും യുഎസ് ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തി.
സമ്മാനങ്ങൾ നൽകി മോദി
വ്യാഴാഴ്ച പുലർച്ചെ ഇന്ത്യൻ സമയം മൂന്നരയോടെയാണ് എയർ ഇന്ത്യ വൺ വിമാനത്തിൽ മേരിലാൻഡിലെ ജോയിന്റ് ബേസ് അൻഡ്രൂസ് വ്യോമതാവളത്തിൽ മോദി ഇറങ്ങിയത്. നേതാക്കൾക്ക് കൈ നിറയെ സമ്മാനവുമായാണ് പ്രധാനമന്ത്രി യുഎസിൽ എത്തിയിരിക്കുന്നത്. അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മോദി സമ്മാനിച്ചത് കമലയ്ക്ക് ഒരു ഗുലാബി മീനാകരി ചെസ്സ് സെറ്റായിരുന്നു.
ഇന്ത്യൻ വംശജയായ കമല ഹാരിസ് അമേരിക്കൻ വൈസ് പ്രസിഡന്റായി എത്തിയതിന്റെ സന്തോഷം ഇന്ത്യയിലും പ്രതിഫലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ പൂർവ്വികരുടെ ഓർമ്മകളുണർത്തുന്ന സമ്മാനം കൂടി മോദി കമല ഹാരിസിന് നൽകിയിരിക്കുന്നത്. കമല ഹാരിസിന്റെ മുത്തച്ഛൻ പിവി ഗോപാലൻ സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. വിവിധ സർക്കാർ തസ്തികകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്മരണകളുണർത്തുന്ന തരത്തിൽ അദ്ദേഹത്തിന്റെ പഴയ സർക്കാർ ഉദ്യോഗ നോട്ടിഫിക്കേഷനുകളുടെ കോപ്പിയും കമലാ ഹാരിസിന് മോദി സമ്മാനിച്ചു.
ലോകത്തിലെ തന്നെ ഏറ്റവും പുരാതന നഗരങ്ങളിൽ ഒന്നായ കാശിയുമായി ബന്ധപ്പെട്ടതാണ് മോദി സമ്മാനിച്ച ചെസ്സ് സെറ്റ്. ചെസ്സ് ബോർഡിലെ ഓരോ കരുക്കളും കരകൗശലവസ്തുക്കളായാണ് നിർമ്മിച്ചിരിക്കുന്നത്. വിവിധ വർണ്ണങ്ങളാൽ നിർമ്മിച്ചിരിക്കുന്ന കരുക്കൾ കാശിയുടെ ആകർഷണീയത പൂർണ്ണമായും പ്രതിഫലിക്കുന്ന രീതിയിലാണ്. വെള്ളി നിറത്തിലുള്ള ഗുലാബി മീനാകാരി കപ്പലാണ് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ് പ്രധാനമന്ത്രി സമ്മാനിച്ചത്. ഇതും വിവിധ വർണ്ണങ്ങളാൽ കാശിയിൽ നിർമ്മിച്ചിരിക്കുന്ന ഒരു തരം കരകൗശലവസ്തുവാണ്. അതേസമയം ജപ്പാൻ പ്രധാനമന്ത്രി യോഷിഹിദെ സുഗയ്ക്ക് ചന്ദനം കൊണ്ടുണ്ടാക്കിയ ഒരു ബുദ്ധ പ്രതിമയാണ് മോദി സമ്മാനിച്ചത്.
മറുനാടന് മലയാളി ബ്യൂറോ