കാബൂൾ: അഫ്ഗാനിൽ താലിബാൻ അധികാരത്തിലെത്തിയതോടെ സ്ത്രീകളുടെ എല്ലാ അവകാശങ്ങളും ഹനിക്കപ്പെട്ടിരിക്കുകയാണ്. സ്‌കൂളിൽ പോകാനോ ജോലി ചെയ്ത് ജീവിക്കാനോ ആവാതെ അഫ്ഗാൻ സ്ത്രീകൾ വിഷമിക്കുകയാണ്. കാബൂളിലേതടക്കം പല സ്‌കൂളുകളും ഒരു മാസത്തിലേറെയായി അടച്ചിട്ടിരിക്കുകയാണ്. തുറന്നുപ്രവർത്തിക്കാൻ ആരംഭിച്ച സർവകലാശാലകൾ താലിബാന്റെ കർശന നിബന്ധനകൾ പിന്തുടരുന്നു. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരുമിച്ചിരിക്കുന്നതിന് പോലും താലിബാൻ വിലക്കേർപ്പെടുത്തി.

എന്നാൽ ഒരു മാസത്തിനുശേഷം സ്‌കൂളുകളും മദ്രസകളും തുറക്കാൻ നിർദേശിച്ചിരിക്കുകയാണ് താലിബാൻ. എന്നാൽ ഹൈസ്‌കൂൾ, മിഡിൽ ക്ലാസ്സുകളിൽ പഠിക്കുന്ന ആൺകുട്ടികൾക്ക് സ്‌കൂളിലേക്ക് തിരിച്ചുവരാമെന്നാണ് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. പെൺകുട്ടികൾ വരുന്നതിനെ കുറിച്ച് യാതൊരു വിധത്തിലുള്ള പരാമർശവും പ്രസ്താവനയിൽ ഇല്ല. പെൺകുട്ടികൾ ഇനി സ്‌കൂളിലേക്ക് വരേണ്ടെന്ന് തന്നെയാണ് താലിബാന്റെ ആഗ്രഹം.

ഇതിനെതിരേ വിദ്യാർത്ഥികൾ പ്രതിഷേധ കാമ്പയിനുകൾ ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടികൾക്കും സ്‌കൂളിലെത്തി പഠിക്കാനുള്ള അനുമതി കൊടുക്കണമെന്ന് പെൺകുട്ടികളും ആൺകുട്ടികളും ഒരുപോലെ ആവശ്യപ്പെടുന്നു. പ്ലക്കാർഡുകളുയർത്തി പരസ്യമായി പ്രതിഷേധിക്കുന്ന വിദ്യാർത്ഥിയുടെ ദൃശ്യങ്ങൾ അഫ്ഗാൻ മാധ്യമപ്രവർത്തകനായ ബിലാൽ സർവാരി ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കേണ്ടുന്നതിനെ കുറിച്ച് പെൺകുട്ടി ശക്തമായ ഭാഷയിൽ സംസാരിക്കുന്നത് വീഡിയോയിൽ കാണാം.

'പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുകയെന്നത് രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാനുള്ള അവസരം നൽകുകയാണ്. അള്ളാഹു സ്ത്രീകൾക്കും പുരുഷനും തുല്യമായ അവകാശമാണ് നൽകുന്നത്. ഞങ്ങളുടെ ആ അവകാശം ഇല്ലാതാക്കാൻ താലിബാൻ ആരാണ്? ഇന്നത്തെ പെൺകുട്ടികളാണ് നാളത്തെ അമ്മമാർ. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകിയില്ലെങ്കിൽ അവരുടെ മക്കളെ ആരാണ് നല്ല മര്യാദകൾ പഠിപ്പിക്കുക. ഞാൻ പുതിയ തലമുറയിലെ ആളാണ്. ഭക്ഷണം കഴിക്കാനും ഉറങ്ങാനും സുഖമായി ജീവിക്കാനും മാത്രമല്ല ഞാൻ. എനിക്കും സ്‌കൂളിൽ പോകണം. രാജ്യത്തിന്റെ വികസനത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണം. വിദ്യാഭ്യാസമില്ലാതെ ഒരു രാജ്യം വികസിക്കുന്നതിനെ കുറിച്ച് നിങ്ങൾക്ക് ചിന്തിക്കാനാവുമോ? വിദ്യാഭ്യാസമില്ലെങ്കിൽ ഈ ലോകത്ത് ഞങ്ങൾക്ക് ഒരു വിലയുമുണ്ടാവില്ല.' പെൺകുട്ടി വീഡിയോയിൽ പറയുന്നു.

ബിലാൽ സർവാരി ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് പെൺകുട്ടിയെ അഭിനന്ദിച്ച് രംഗത്തുവന്നിരിക്കുന്നത്. ഏറ്റവും ശക്തമായ വാക്കുകൾ എന്നാണ് വീഡിയോ പങ്കുവെച്ച് ഒരാൾ കുറിച്ചത്. ഈ പെൺകുട്ടി ധൈര്യവതിയാണ്. ബുദ്ധിയേയും സ്ത്രീകളേയും ഭയപ്പെടുന്നവരാണ് ഭീരുക്കൾ എന്ന് മറ്റൊരാൾ കുറിച്ചു. പെൺകുട്ടിയുടെ വീഡിയോ ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുകയാണ്. അരലക്ഷത്തിലധികം ആളുകൾ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു.