- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
55,000ൽ അധികം കെയറർ ഒഴിവുകൾ നികത്താൻ ആളില്ല; 32,000 ഷെഫുമാരേൂയും ഉടൻ നിയമിക്കും; സെയിൽസ് അസിസ്റ്റന്റുമാരുടെ ഒഴിവ് 32,000; ആകെ 20 ലക്ഷം തസ്തികകളിൽ എങ്കിലും ആളില്ലാതെ വലഞ്ഞു ബ്രിട്ടൻ; കോവിഡാനന്തര ലോകത്തിന്റെ മറ്റൊരു മുഖം
കോവിഡ് പ്രതിസന്ധികാലത്ത് നിറഞ്ഞു നിന്നത് തൊഴിൽ നഷ്ടങ്ങളുടെ ദുരന്തകഥകളായിരുന്നെങ്കിൽ ഇന്ന് പലയിടങ്ങളിലും ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കുന്നില്ല എന്നതായിരിക്കുന്നു സാഹചര്യം. ജീവനക്കാരെ ആവശ്യമുണ്ടെന്നു കാട്ടിയുള്ള പരസ്യങ്ങളുടെ എണ്ണം റെക്കോർഡ് ഇട്ടു കഴിഞ്ഞു. തൊഴിൽ വിപണിയിൽ നിന്നുള്ള വിവരങ്ങൾ കാണിക്കുന്നത് സെപ്റ്റംബർ 13 നും 19 നും ഇടയിൽ ബ്രിട്ടനിൽ വിവിധ തസ്തികകളിലേക്കായി 22,000 പേരുടെ ഒഴിവുകൾ ഉണ്ടായിരുന്നു എന്നാണ്. 19 ലക്ഷം തൊഴിൽ പരസ്യങ്ങളാണ് ഇതുമൂലം ഉണ്ടായത്.
തൊഴിൽ വിപണിയിൽ നിന്നുള്ള വിശദമായ റിപ്പോർട്ട് അനുസരിച്ച് 36,000 ഷെഫുമാരുടെ ഒഴിവുകളാണ് ഉള്ളത്. സെയിൽസ് അസിസ്റ്റന്റുമാരുടെ 32,000 ഒഴിവുകളും ബാർ ജീവനക്കാരുടെ 6,500 ഒഴിവുകളും ഇക്കാലയളവിൽ ഉണ്ടായി. ഹോസ്പിറ്റാലിറ്റി വ്യവസായം കോവിഡ് പ്രതിസന്ധിയിൽ നിന്നും കരകയറുന്നു എന്നതിന്റെ സൂചനകളാണിത് നൽകുന്നത്. അതുപോലെ, തൊഴിലാളിക്ഷാമം മൂലം കടുത്ത പ്രതിസന്ധി നേരിടുന്ന മറ്റൊരു മേഖല ചരക്കുഗതാഗതമാണ്. കഴിഞ്ഞയാഴ്‌ച്ച മാത്രം 7,500 ലോറി ഡ്രൈവർമാർക്ക് വേണ്ടിയുള്ള പരസ്യം പ്രത്യക്ഷപ്പെട്ടിരുന്നു.
എന്നാൽ, യഥാർത്ഥത്തിൽ ഏകദേശം 1 ലക്ഷത്തോളം ലോറി ഡ്രൈവർമാരെ ബ്രിട്ടനിലാകമാനമായി ആവശ്യമുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കോവിഡും ബ്രെക്സിറ്റുമാണ് ഈ ക്ഷാമത്തിനുള്ള പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇന്ധനക്ഷാമത്തിനും ഭക്ഷ്യക്ഷാമത്തിനും വരെ കാരണമാവുകയാണ് ലോറി ഡ്രൈവർമാരുടെ ക്ഷാമം എന്നതിനാൽ ഇപ്പോൾ പല കമ്പനികളും കൂറ്റൻ ശമ്പളമാണ് ലോറി ഡ്രൈവർമാർക്ക് വാഗ്ദാനം നൽകുന്നത്. ജോയിനിങ് ബോണസ് പോലുള്ള മറ്റ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്.
ഇന്ധനവില വർദ്ധിച്ചതോടെ ഈ വർഷം നാണയപ്പെരുപ്പം 4 ശതമാനത്തോളം വർദ്ധിക്കുമെന്ന് കഴിഞ്ഞ ദിവസം ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പു നൽകിയിരുന്നു. ഇതോടെ ലോറി ഡ്രൈവർമാർക്കുള്ള കുടിയേറ്റ നിയമങ്ങളിൽ അയവു വരുത്താൻ ഒരുങ്ങുകയാണ് സർക്കാർ. അതുപോലെ, ക്ഷാമം ഭയന്ന് ആരും പെട്രോളും ഡീസലും ആവശ്യത്തിൽ കവിഞ്ഞ് വാങ്ങിശേഖരിക്കരുതെന്ന് സർക്കാർ ആവശ്യപ്പെടുമ്പോഴും പെട്രോൾ സ്റ്റേഷനുകളിൽ തിരക്കേറുകയാണ്.
ഈ പ്രതിസന്ധികൾക്കിടയിലാണ് ബ്രിട്ടനിൽ20 ലക്ഷത്തോളം ഒഴിവുകൾ വിവിധ തസ്തികകളിലായി ഉണ്ടെന്ന് റിക്രൂട്ട്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് കോഫെഡറേഷന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പുറത്തുവരുന്നത്. ഇതിൽ വലിയൊരു ഭാഗം ഒഴിവുകൾ വന്നിരിക്കുന്നത് കെയർ മേഖലയിൽ നിന്നാണ്. 55,000 ൽ അധികം ഒഴിവുകളാണ് ഈ മേഖലയിൽ ഉള്ളതെന്നും കോൺഫെഡറേഷൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതുപോലെ ഷെഫ്, സെയിൽസ് അസിസ്റ്റന്റ്, പ്രൈമറി സ്‌കൂൾ ടീച്ചർ എന്നീ തസ്തികകളിലും നല്ല രീതിയിലുള്ള ഒഴിവുകളുണ്ട്.
ക്ലീനർമാരുടെ 28,000 ഒഴിവുകൾ വന്നപ്പോൾ മെറ്റൽ വർക്കർമാരുടെ 22,000 ഒഴിവുകളും നിലവിലുണ്ട്. തൊഴിൽ അവസരങ്ങൾ ഉണ്ട് എന്നുള്ളത് നല്ല കാര്യമാണെങ്കിലും അവയെല്ലാം എത്രയും പെട്ടെന്ന് നികത്തിയില്ലെങ്കിൽ ബ്രിട്ടന്റെ സാമ്പത്തിക വളർച്ച മന്ദഗതിയിലാകും എന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. ഇവയിൽ പല ഒഴിവുകളും നികത്തുന്നതിൽ വരുന്ന കാലതാമസവും ആശങ്കയൂയർത്തുന്നു. കോവിഡിനെ തുടർന്ന് 50 വയസ്സിനു മേൽ പ്രായമുള്ള 5 ലക്ഷത്തോളം പേർ തൊഴിൽ മേഖലയിൽ നിന്നു പിന്മാറിയതും ഒഴിവുകളുടെ എണ്ണം വർദ്ധിക്കുവാൻ കാരണമായി.
ഇതിനൊപ്പം ലോക്ക്ഡൗൺ കാലത്ത് പല സ്ഥാപനങ്ങളും ജീവനക്കാരെ പിരിച്ചുവിട്ടതും തിരിച്ചുപോയ കുടിയേറ്റ തൊഴിലാളികൾ പലരും തിരിച്ചെത്താതും ഒഴിവുകളുടെ എണ്ണം വർദ്ധിക്കുവാൻ കാരണമായിട്ടുണ്ട് എന്ന് എംപ്ലോയ്മെന്റ് സ്റ്റഡീസ് ഇൻസ്റ്റിറ്റിയുട്ട് ഡയറക്ടർ ടോണി വിൽസൺ പറയുന്നു.
മറുനാടന് ഡെസ്ക്