കണ്ണൂർ: ജി.ദേവരാജൻ നേതൃത്വം നൽകുന്ന ഫോർവേഡ് ബ്ലോക്ക് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗം കെ.മനോജ് ഉൾപ്പെടെ ആറോളം മണ്ഡലം കമ്മിറ്റികൾ രാജിവെച്ച് തൃണമൂൽ കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനിച്ചെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കണ്ണൂർ നിയോജക മണ്ഡലം പ്രസിഡന്റ് രൂപേഷ് താഴെച്ചൊവ്വ, തളിപറമ്പ് മണ്ഡലം സെക്രട്ടറി കെ.എം. ഷൈജു ധർമ്മശാല, ഇരിക്കൂർ മണ്ഡലം സെക്രട്ടറി ഷംസുദ്ദീൻ നടുവിൽ, പയ്യന്നൂർ മണ്ഡലം സെക്രട്ടറി ബഷീർ പയ്യന്നൂർ, തലശ്ശേരി മണ്ഡലം സെക്രട്ടറി നൂറുദ്ദീൻ എരഞ്ഞോളി, കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ആന്തൂർ മുനിസിപ്പാലിറ്റിയിൽ മത്സരിച്ചിരുന്ന കെ.സുമിത്ര, രാജശ്രീ കണ്ണൂർ കോർപറേഷനിൽ ചാലാട് വാർഡിൽ മത്സരിച്ച ബിന്ദു ഉൾപ്പെടെ അമ്പതോളം പേരാണ് രാജിവെച്ച് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്.

വ്യക്തമായ രാഷ്ട്രീയ കാഴ്ചപാടുകളില്ലാതെ മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് രാജിവെച്ചതെന്ന് പ്രവർത്തകർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ തൃണമൂൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂർ, ഫോർവേഡ് ബ്ലോക്ക് സംസ്ഥാന കമ്മിറ്റിയംഗം കെ.മനോജ്, കുന്നത്ത് ഹബീബുള്ള, ഷൈജു നാരായണൻ, എം.ഉദയകുമാർ എന്നിവർ പങ്കെടുത്തു.