ന്യൂയോർക്ക്: പറയേണ്ടതെല്ലാം ഐക്യരാഷ്ട്ര സഭയിൽ പറഞ്ഞ് കൈയടി നേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. തീവ്രവാദത്തിന് എതിരായ അതിശക്തമായി പ്രതികരിച്ച പ്രധാനമന്ത്രി ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്തും തന്റെ ജീവിതത്തിലൂടെ പറഞ്ഞു വച്ചു.

ഒരു കാലത്ത് തന്റെ പിതാവിനെ ചായക്കടയിൽ സഹായിച്ചിരുന്ന ഒരു കൊച്ചുകുട്ടി ഇന്നു നാലാം തവണ ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയെ അഭിസംബോധന ചെയ്യുന്നുവെന്ന് മോദി പറഞ്ഞത് ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്ത് ലോകത്തിന് നൽകാനായിരുന്നു. ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ സ്വപ്‌നം കാണാനാനാകാത്ത ജനാധിപത്യ സംവിധാനം. അതിർത്തി കടന്നുള്ളതടക്കം എല്ലാ ഭീകരപ്രവർത്തനങ്ങളും അമർച്ച ചെയ്യണമെന്ന ഇന്ത്യയുടെ നിലപാടിന് രാജ്യാന്തര പിന്തുണയും മോദി നേടിയെടുത്തു.

ന്യൂയോർക്കിൽ യുഎൻ പൊതുസഭയുടെ 76ാം സമ്മേളനത്തിൽ സംസാരിക്കവെയാണു കുട്ടിക്കാലത്തു ചായ വിൽപന നടത്തിയ കാര്യം പ്രധാനമന്ത്രി പരാമർശിച്ചത്. 'ഒരു കാലത്ത് റെയിൽവേ സ്റ്റേഷനിലെ ചായക്കടയിൽ തന്റെ പിതാവിനെ സഹായിച്ചിരുന്ന ഒരു കൊച്ചുകുട്ടി ഇന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായി നാലാം തവണ ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയെ അഭിസംബോധന ചെയ്യുന്നു. ഇതു നമ്മുടെ ജനാധിപത്യത്തിന്റെ ശക്തി തെളിയിക്കുന്നു' അദ്ദേഹം പറഞ്ഞു.

'ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഒരു വലിയ ജനാധിപത്യ പാരമ്പര്യം നമുക്കുണ്ട്. ഇന്ത്യയുടെ വൈവിധ്യമാണ് രാജ്യത്തിന്റെ ശക്തമായ ജനാധിപത്യത്തിന്റെ സ്വത്വം. ഡസൻ കണക്കിന് ഭാഷകളും നൂറുകണക്കിന് ഭാഷാഭേദങ്ങളും വ്യത്യസ്ത ജീവിതശൈലികളും പാചകരീതികളും ഉള്ള ഒരു രാജ്യമാണിത്. ഊർജസ്വലമായ ജനാധിപത്യത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണിത്' അദ്ദേഹം പറഞ്ഞു. യുഎൻ പൊതുസഭയിൽ പ്രസംഗിക്കവെ, ഭീകരതയെ രാഷ്ട്രീയ ആയുധമാക്കുന്നതിന്റെ പേരിൽ പാക്കിസ്ഥാനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശിച്ചു. ആഗോള ഭീകരവാദത്തെ ഒരുമിച്ചുനേരിടുമെന്ന് ഇന്ത്യയുഎസ് ഉഭയകക്ഷി ചർച്ചയ്ക്കു ശേഷവും ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ 'ക്വാഡ്' ഉച്ചകോടിക്കുശേഷവും പ്രഖ്യാപനമുണ്ടായി.

26/11 മുംബൈ ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും നിയമത്തിനു മുൻപിൽ കൊണ്ടുവരുമെന്നു നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. പാക്കിസ്ഥാൻ താവളമാക്കിയ ഭീകരനേതാക്കളെയും സംഘടനകളെയും പരാമർശിച്ച്, യുഎൻ വിലക്കുപട്ടികയിലുള്ള ഭീകരർക്കു സാമ്പത്തികവും സൈനികവുമായ പിന്തുണ നൽകുന്നതിനെ ഇരുനേതാക്കളും അപലപിച്ചു. യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗത്വം ലഭിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ പിന്തുണയ്ക്കാമെന്ന് ബൈഡൻ വാഗ്ദാനം ചെയ്തു. ഇത് ഇന്ത്യയുടെ വിലയ നയതന്ത്ര വിജയമാണ്. ഡൊണാൾഡ് ട്രംപിന്റെ ഭരണകാലത്ത് പോലും ഇത്ര ശക്തമായി അമേരിക്ക ഇന്ത്യയെ പിന്തുണച്ചിട്ടില്ല.

12 വയസ്സിനു മുകളിലുള്ളവർക്കു നൽകാവുന്ന ലോകത്തിലെ ആദ്യ ഡിഎൻഎ അധിഷ്ഠിത കോവിഡ് വാക്‌സീൻ ഇന്ത്യ വികസിപ്പിച്ചെന്നു യുഎന്നിൽ വ്യക്തമാക്കിയ മോദി, ആഗോള വാക്‌സീൻ നിർമ്മാതാക്കളെ ഇന്ത്യയിലേക്കു ക്ഷണിച്ചു. ഒക്ടോബർ അവസാനത്തോടെ 80 ലക്ഷം ഡോസ് വാക്‌സീൻ കയറ്റുമതി ചെയ്യുമെന്നു ക്വാഡ് ഉച്ചകോടിയിലും പ്രധാനമന്ത്രി അറിയിച്ചു. വാഷിങ്ടനിൽ ഉഭയകക്ഷി ചർച്ചയിലും ക്വാഡ് ഉച്ചകോടിയിലും പങ്കെടുത്ത ശേഷമാണു ന്യൂയോർക്കിൽ യുഎൻ സമ്മേളനത്തിനു മോദി എത്തിയത്.

നേരത്തെ യുഎൻ പൊതുസഭയിൽ കശ്മീർ വിഷയം കുത്തിപ്പൊക്കി ആക്രമിക്കാനുള്ള പാക്കിസ്ഥാൻ നീക്കത്തിന് ഇന്ത്യ ശക്തമായ ഭാഷയിൽ തിരിച്ചടി നൽകി. 'ഭീകരതയെ ഭരണകൂട നയമാക്കിയ പാക്കിസ്ഥാൻ ഭീകരരെ പോറ്റിവളർത്തുന്നു. കൊടുംഭീകരനായ ഉസാമ ബിൻ ലാദനു താവളമൊരുക്കിയ രാജ്യമാണതെന്നു രാജ്യാന്തര സമൂഹം മറന്നിട്ടില്ല' പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാനു മറുപടിയായി ഇന്ത്യയുടെ യുഎൻ പ്രതിനിധി സ്‌നേഹ ദുബെ പറഞ്ഞു.

'ഭീകരവാദത്തെ രാഷ്ട്രീയ ആയുധമാക്കുന്നവർക്കു തന്നെ അതു വിനയായിത്തീരും. അഫ്ഗാനിസ്ഥാന്റെ മണ്ണ് ഭീകരതയുടെ താവളമാക്കുന്നില്ലെന്നും മറ്റു രാജ്യങ്ങൾക്കെതിരെ നിഴൽയുദ്ധത്തിന് ഉപയോഗിക്കില്ലെന്നും രാജ്യാന്തര സമൂഹം ഉറപ്പാക്കണം.'-എന്നും ദുബെ ആവശ്യപ്പെട്ടിരുന്നു.