വാഷിങ്ടൻ: അമേരിക്കൻ യാത്രയിൽ യുുഎൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്കു സ്ഥിരാംഗത്വം നൽകുന്നതും ചർച്ചയാക്കി നരേന്ദ്ര മോദി നേടുന്നത് തീവ്രവാദത്തിന് എതിരെ ശബ്ദിക്കാൻ ഇന്ത്യയെ പിന്തുണയ്‌ക്കേണ്ടതിന്റെ അനിവാര്യത. ഇന്ത്യൻ നിലപാടുകൾക്ക് പിന്തുണയെന്നോണമാണ് യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗമാകാൻ ഇന്ത്യയെ അമേരിക്ക പിന്തുണയ്ക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ ഉറപ്പു നൽകിയത്.

യുഎസ്, റഷ്യ, യുകെ, ചൈന, ഫ്രാൻസ് എന്നീ 5 സ്ഥിരാംഗങ്ങളും 2 വർഷം കൂടുമ്പോൾ മാറുന്ന 10 താൽക്കാലിക അംഗങ്ങളുമാണ് രക്ഷാസമിതിയിലുള്ളത്. കാലത്തിനനുസരിച്ച് ഇതിൽ മാറ്റം വരുത്തണമെന്നാണ് ഇന്ത്യയുടെ ആവശ്യം. അമേരിക്കയും യുകെയും ഫ്രാൻസും ഇന്ത്യൻ ആവശ്യത്തെ പിന്തുണയ്ക്കും. എന്നാൽ ചൈനയും റഷ്യയും ഒളിച്ചു കളിയിലാണ്. റഷ്യ പരസ്യമായി ഇന്ത്യയെ എതിർക്കില്ല. ഈ സാഹചര്യത്തിലാണ് ചൈനയിൽ രാഷ്ട്രീയ സമ്മർദ്ദം ശക്തമാക്കി രക്ഷാസമിതിയിൽ എത്താനുള്ള ഇന്ത്യൻ നീക്കം. ക്വാഡ് ഉച്ചകോടിക്ക് പിന്നിലും ഇന്ത്യയുടെ ഈ ശ്രമമാണ്.

ഓഗസ്റ്റിൽ രക്ഷാസമിതിക്കു നേതൃത്വം നൽകിയപ്പോൾ ഇന്ത്യ കൈക്കൊണ്ട നിലപാടുകളെ ബൈഡൻ അഭിനന്ദിച്ചു. അമേരിക്കയിലെ ഇന്ത്യക്കാർ നേരിടുന്ന എച്ച് 1 ബി വീസ പ്രശ്‌നങ്ങൾ മോദി ബൈഡന്റെ ശ്രദ്ധയിൽപെടുത്തിയതായി വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ല പറഞ്ഞു. ആഗോള ആണവ സാമഗ്രികൾ വിപണനം ചെയ്യുന്ന 48 അംഗ ന്യൂക്ലിയർ സപ്ലയേഴ്‌സ് ഗ്രൂപ്പിൽ (എൻഎസ്ജി) ഇന്ത്യയ്ക്ക് അംഗത്വം നൽകുന്നതിനും യുഎസ് പിന്തുണ നൽകുമെന്ന് സംയുക്ത പ്രസ്താവന വ്യക്തമാക്കി. ഇതെല്ലാം നയതന്ത്ര തലത്തിൽ ഇന്ത്യയ്ക്ക് അമേരിക്ക നൽകുന്ന പ്രാധാന്യത്തിന് തെളിവാണ്.

2016 ൽ ഇന്ത്യ അംഗത്വത്തിന് അപേക്ഷിച്ചപ്പോൾ ആണവ നിരായുധീകരണ കരാറിൽ ഒപ്പുവച്ചവർക്കു മാത്രമേ അംഗത്വം നൽകാവൂ എന്ന് ചൈന നിലപാടെടുത്തു. ഇന്ത്യയും പാക്കിസ്ഥാനും ഈ കരാറിൽ ഒപ്പിട്ടിട്ടില്ല. എന്നാൽ ഇനി കരാറിന് തന്നെ പ്രസക്തിയില്ല. പാക്കിസ്ഥാന് വേണ്ടിയാണ് ഇന്ത്യയെ ചൈന എതിർക്കുന്നത്. ആഗോള തീവ്രവാദത്തിന്റെ പ്രഭവ കേന്ദ്രമായി പാക്കിസ്ഥാൻ മാറിയെന്ന ഇന്ത്യൻ വാദങ്ങൾ അമേരിക്കയും മറ്റും അംഗീകരിച്ചിട്ടുണ്ട്. ചൈനയ്ക്കും ഇന്ത്യയെ പരസ്യമായി പിണക്കാൻ കഴിയില്ല. വ്യാപാര വിലക്കുകളിലൂടെ ചൈനയെ പിടിച്ചു കെട്ടാനുള്ള കരുത്തുണ്ടെന്ന് ഇന്ത്യ തെളിയിച്ചതാണ്. അതുകൊണ്ട് തന്നെ രക്ഷാസമിതിയിലേക്ക് ഇന്ത്യ എത്തുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

രക്ഷാസമിതിയിലെ എല്ലാ രാജ്യങ്ങളും ഒരുമിച്ച സമ്മതിച്ചാൽ മാത്രമേ സുരക്ഷാ കൗൺസിലിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം കിട്ടൂ. ചൈനയ്ക്കുള്ള വീറ്റോ പവറാണ് ഇന്ത്യൻ മോഹത്തിന് തടസ്സം. എന്നാൽ അമേരിക്കയും റഷ്യയും ഇന്ത്യയ്ക്ക് വേണ്ടി ഉറച്ച നിലപാട് എടുത്താൽ അത് ചൈനയ്ക്കും അംഗീകരിക്കേണ്ടി വരും. പാക്കിസ്ഥാനും തീവ്രവാദ ഭീഷണിയുമെല്ലാം ഇന്ത്യ ചർച്ചയാക്കുന്നതും ഈ ലക്ഷ്യത്തിലേക്ക് കൂടുതൽ അടക്കാനാണ്. ഒന്നും മറച്ചു വയ്ക്കാതെ തുറന്നു പറയുന്ന ഇന്ത്യയെ രക്ഷാസമിതിയിൽ എത്തിക്കണമെന്ന നിലപാടിലാണ് അമേരിക്ക ഇപ്പോൾ.

അതിനിടെ കാലാവസ്ഥ വ്യതിയാനം നേരിടാനുള്ള അമേരിക്കയുടെ ശ്രമങ്ങളെയും പാരിസ് ഉടമ്പടിയിലേക്കു മടങ്ങിയെത്തിയതിനെയും ഇന്ത്യ സ്വാഗതം ചെയ്തു. ട്രംപ് ഭരണകാലത്തു പാരിസ് ഉടമ്പടിയിൽനിന്നു പുറത്തുപോയ യുഎസ് കഴിഞ്ഞ ഫെബ്രുവരിയിലാണു തിരിച്ചെത്തിയത്. പുനരുപയോഗ ഊർജോൽപാദന പദ്ധതികളിലെ നിക്ഷേപങ്ങളുടെ പ്രാധാന്യം ഇരുരാജ്യങ്ങളും അംഗീകരിച്ചു. രക്ഷാ സമിതിയിൽ സ്ഥിരാംഗത്വം ഉറപ്പാക്കാൻ ഇന്ത്യയ്ക്ക് വേണ്ടി അമേരിക്കയും സമ്മർദ്ദ ശക്തിയാകും. പാക്കിസ്ഥാനെതിരായ ഇന്ത്യൻ നിലപാടിനും ബൈഡന്റെ അംഗീകാരമുണ്ട്.

ഐക്യരാഷ്ട്ര സംഘടനയിൽ കശ്മീർ വിഷയം ചർച്ചയാക്കാനുള്ള പാക്കിസ്ഥാന്റെ നീക്കത്തിനെതിരെ ഇന്ത്യ ശക്തമായ വാക്കുകളിൽ തിരിച്ചടിച്ചത് ഈ സാഹചര്യത്തിൽ കൂടിയാണ്. ഉസാമ ബിൻ ലാദൻ അടക്കം കൊടും ഭീകരർക്കു താവളമൊരുക്കിയ പാക്കിസ്ഥാൻ, അഗ്‌നിശമന സേനാനിയുടെ വേഷംകെട്ടിയ കൊള്ളിവയ്പുകാരനാണെന്ന് ഇന്ത്യൻ പ്രതിനിധി സ്‌നേഹ ദുബെ കുറ്റപ്പെടുത്തി. പൊതുസഭയിൽ നടത്തിയ വിഡിയോ പ്രസംഗത്തിലാണു പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കശ്മീർ വിഷയം കുത്തിപ്പൊക്കി ഇന്ത്യയെ കടന്നാക്രമിച്ചത്.

കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. പൂർണമായും എന്നും ഇന്ത്യയുടെ അവിഭാജ്യഘടകമാണ് കശ്മീർ. പാക്കിസ്ഥാൻ അധിനിവേശം നടത്തിയ പ്രദേശങ്ങളിൽനിന്ന് ഒഴിഞ്ഞുപോകണം. അസത്യം പ്രചരിപ്പിച്ച് ഇന്ത്യയുടെ പ്രതിഛായ കളങ്കപ്പെടുത്താനുള്ള പാക്ക് ശ്രമം അപലപനീയമാണ്.- ഇമ്രാനു മറുപടിയായി സ്‌നേഹ പറഞ്ഞു. 'അസത്യപ്രചാരണത്തിന് യുഎൻ വേദികളെ പാക്കിസ്ഥാൻ നേതാവ് ദുരുപയോഗം ചെയ്യുന്നത് ഇതാദ്യമല്ല. 9/11 ഭീകരാക്രമണത്തിന്റെ 20-ാം വാർഷികത്തിൽ രാജ്യാന്തര സമൂഹം മറക്കാത്ത ഒരു കാര്യമുണ്ട്. ആക്രമണത്തിന്റെ സൂത്രധാരനായ ഉസാമ ബിൻ ലാദന് താവളമൊരുക്കിയ രാജ്യമാണു പാക്കിസ്ഥാൻ. ഇന്നും പാക്ക് നേതൃത്വം ആ കൊടുംഭീകരനെ രക്തസാക്ഷി എന്നാണു വാഴ്‌ത്തുന്നത്'- അവർ ചൂണ്ടിക്കാട്ടി.

യുഎൻ പൊതുസഭയിൽ പാക്കിസ്ഥാന്റെ ഇന്ത്യാവിരുദ്ധ നീക്കത്തെ ശക്തമായി ചെറുത്തതിലൂടെ യുവ നയതന്ത്രജ്ഞ സ്‌നേഹ ദുബെ ലോകമെങ്ങും ഇന്ത്യക്കാരുടെ കയ്യടി നേടി. യുഎന്നിലെ ഇന്ത്യൻ സംഘത്തിലെ ഫസ്റ്റ് സെക്രട്ടറിയായ സ്‌നേഹ ഗോവ സ്വദേശിയാണ്.