കോവിഷീൽഡ് വാക്സിന്റെ രണ്ടു ഡോസുകളും എടുത്തവർക്ക് ബ്രിട്ടനിലെത്തിയാൽ 10 ദിവസത്തെ ക്വാറന്റൈൻ വേണമെന്ന തീരുമാനം ഏറെ വിവാദമുയർത്തിയ പശ്ചാത്തലത്തിൽ പ്രശ്നപരിഹാരത്തിനായി വഴികണ്ടെത്താനുള്ള ശ്രമത്തിലാണ് ബ്രിട്ടീഷ് ഉദ്യോഗസ്ഥർ എന്ന് സ്റ്റേറ്റ് ഫോറിൻ കോമൺവെൽത്ത് ആൻഡ് ഡെവലപ്മെന്റ് മന്ത്രി താരിഖ് അൻവർ അറിയിച്ചു. ഐക്യരാഷ്ട്രസഭയ് ജനറൽ അസംബ്ലിയുടെ എഴുപത്തി ആറാമത് സമ്മേളത്തിനിടെ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർദ്ധൻ ശ്രിംഗാലയോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അഫ്ഗാൻ വിഷയം ഉൾപ്പടെയുള്ള പല കാര്യങ്ങളും ഇരുവരും ചർച്ച ചെയ്തു.

ഇന്ത്യയിൽ നിന്നുമെത്തുന്ന കോവിഷീൽഡ് രണ്ട് ഡോസുകളും എടുത്തവരെയും വാക്സിൻ എടുക്കാത്തവരായി പരിഗണിക്കും എന്ന തീരുമാനം കടുത്ത എതിർപ്പുകൾ ഉയർത്തിയിരുന്നു. തിരുവനന്തപുരം എം. പി ശശി തരൂരിനെ പോലുള്ളവർ ഇതിനെ വംശീയവിവേചനമായി പോലും വിശേഷിപ്പിച്ചിരുന്നു. നിലവിൽചില രാജ്യങ്ങളിലെ പൊതു ആരോഗ്യ വകുപ്പ് നൽകുന്ന അസ്ട്രസെനെക, ഫൈസർ, മോഡേണ, ജാൻസീൻ തുടങ്ങിയ വാക്സിനുകളുടെ രണ്ട് ഡോസുകൾ എടുത്തു എന്ന സർട്ടിഫിക്കറ്റാണ് വാക്സിൻ എടുത്തു എന്നതിന്റെ രേഖയായി ബ്രിട്ടനിൽ കണക്കാക്കപ്പെടുന്നത്. ഈ ലിസ്റ്റിൽ ഇന്ത്യയുടെ പേർ ഉൾപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

ഇതുമായി ബന്ധപ്പെട്ട് ഡെൽഹിയിൽ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ നാഷണൽ ഹെൽത്ത് അഥോറിറ്റി സി ഇ ഒ ആർ എസ് ശർമ്മയുമായും ചർച്ചകൾ നടത്തിയിരുന്നു. വലരെ നല്ല ചർച്ചയായിരുന്നു എന്നും യാത്രാ ദുരിതങ്ങൾ മാറ്റുവാനുള്ള എല്ലാ നടപടികളും കൈക്കൊള്ളുമെന്നും ഹൈക്കമ്മീഷണർ അറിയിച്ചു. ഇക്കാര്യത്തിൽ അനുയോജ്യമായ നടപടികൾ കൈക്കൊള്ളാൻ സഹായകരമാകുംവിധം നയത്തിൽ മാറ്റങ്ങൾ വരുത്തുന്നതിനെ കുറിച്ച് ആലോചനകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം വിദേശയാത്രികൾക്കായി കോവിൻ പോർട്ടലിൽ ചില പരിഷ്‌കാരങ്ങൾ വരുത്തും എന്ന റിപ്പോർട്ട് പുറത്തുവന്നു. അതുപോലെ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ജനന തീയതിയടക്കമുള്ള വിവരങ്ങൾ ഉൾക്കൊള്ളിക്കുകയും ചെയും. നിലവിൽ, വാക്സിൻ എടുത്ത വ്യക്തിയുടെ പ്രായം, ലിംഗം, റഫറൻസ് ഐഡി, വാക്സിന്റെ പേര്, വാക്സിൻ എടുത്ത തീയതി, വാക്സിൻ നൽകിയ വ്യക്തിയുടെ പേര് എന്നിവയാണ് സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പോർട്ടൽ പരിഷ്മരിച്ചു കഴിഞ്ഞാൽ രന്റു വാക്സിനും എടുത്തവർക്ക് ജനനതീയതിയോടു കൂടിയ പുതിയ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ കഴിയും.

നിലവിലെ സർട്ടിഫിക്കറ്റ് ലോകാരോഗ്യ സംഘടന അംഗീകരിച്ചതാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാൽ, വിദേശ യാത്ര ചെയ്യുന്നവരുടെ സൗകര്യാർത്ഥമാണ് കൂടുതൽ വിവരങ്ങൾ ഇതിൽ ഉൾക്കൊള്ളിക്കുന്നതെന്നുംആരോഗ്യ മന്ത്രാലയത്തിന്റെ വക്താവ് അറിയിച്ചു.