ബ്രിട്ടന്റെ ചലനം നിലയ്ക്കുമോ ? കടുത്ത ആശങ്കയുയർത്തിക്കൊണ്ട് പല പെട്രോൾ സ്റ്റേഷനുകളിലേയും പെട്രോൾ - ഡീസൽ സംഭരണികൾ ഒഴിയുവാൻ തുടങ്ങിയതായി റിപ്പോർട്ടുകൾ വരുന്നു. പത്തിൽ ഒമ്പത് പെട്രോൾ സ്റ്റേഷനുകളും അടച്ചുപൂട്ടൽ ഭീഷണിയിലാണെന്ന വാർത്തകൾ പുറത്തുവരുമ്പോൾ കൊമ്പെറ്റീഷൻ നിയമങ്ങൾ താത്ക്കാലികമായി മരവിപ്പിക്കുന്ന സാഹചര്യമെത്തിയിരിക്കുന്നു. ഭീതിയിൽ ആണ്ട ഒരു ജനത പെട്രോളും ഡീസലും വാങ്ങി സൂക്ഷിക്കുവാൻ പരക്കം പായുമ്പോൾ ആവശ്യത്തിനുള്ള ഇന്ധനം പെട്രോൾ സ്റ്റേഷനിൽ എത്തിക്കുന്നതിനായി സൈന്യത്തിന്റെ സഹായം തേടാൻ ശ്രമിക്കുകയാണ് സർക്കാർ.

ഞയറാഴ്‌ച്ച രാത്രിയോടെ തന്നെ മൂന്നിൽ രണ്ട് പെട്രോൾ സ്റ്റേഷനുകളും പൂർണ്ണമായും കാലിയായതായി 5,500 സ്വതന്ത്ര പെട്രോൾ സ്റ്റേഷനുകളെ പ്രതിനിധീകരിക്കുന്ന പെട്രോൾ റീടെയ്ലേഴ്സ് അസ്സോസിയേഷൻ (പി ആർ എ) അറിയിച്ചു. ഇവിടങ്ങളിലെല്ലാം വീണ്ടും സ്റ്റോക്ക് എത്തിക്കുവാൻ കുറഞ്ഞത് ഒരാഴ്‌ച്ചയെങ്കിലും എടുക്കുമെന്നാണ് പി ആർ എ ചെയർമാൻ ബ്രിയാൻ മാഡേഴ്സൺ പറഞ്ഞത്. ഇന്ധനക്ഷാമം ഭയന്ന് കൂടുതൽ ഇന്ധനം സംഭരിച്ചുവയ്ക്കാൻ ജനങ്ങൾ ധൃതികൂട്ടിയതാണ് ഈ അവസ്ഥ വന്നുചേരാൻ ഇടയാക്കിയതെന്നും അദ്ദേഹം പറയുന്നു.

പ്രധാന നിരത്തുകൾക്ക് സമീപവും, ഗ്രാമീണമേഖലയിലും, നഗരമേഖലയിലുമൊക്കെയായി പെട്രോൾ സ്റ്റേഷനുകൾ നടത്തുന്ന വിവിധ പെട്രോൾ സ്റ്റേഷൻ അംഗങ്ങൾ പറഞ്ഞത് അവരുടെ സ്റ്റോക്കിന്റെ 50 മുതൽ 90 ശതമാനം വരെ കഴിഞ്ഞിരിക്കുന്നു എന്നാണെന്നും ആൻഡേഴ്സൺ പറഞ്ഞു. അതിൽ പലതും ഇപ്പോൾ തീർത്തും കാലിയായി കഴിഞ്ഞിരിക്കുന്നു. ബാക്കിയുള്ളവ ഏറെ താമസിയാതെ കാലിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി ബി സി റേഡിയോ 4 ന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതുപറഞ്ഞത്.

പെട്രോൾ പ്രതിസന്ധി രൂക്ഷമായതോടെ ജോലിസ്ഥലത്തെത്താൻ ആളുകൾ മറ്റു സംവിധാനങ്ങൾ ഉപയോഗിക്കുവാൻ തുടങ്ങി. ഇത് മറ്റു ഗതാഗത മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. പ്രതിസന്ധി മൂത്തതോടെ സൈന്യത്തിന്റെ സഹായത്തോടെ പെട്രോൾ വിതരണം നടത്താനുള്ള പദ്ധതികൾ ആലോചിക്കുകയാണ് സർക്കാർ. എച്ച് ജി വി ലൈസൻസുള്ള സൈനിക ഡ്രൈവർമാർക്ക് ഇന്ധന ടാങ്കറുകൾ ഓടിക്കുവാൻ ഏന്ത് അധിക പരിശീലനമാണ് നൽകേണ്ടത് എന്നകാര്യമാണ് ഇപ്പോൾ സർക്കാർ ആലോചിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങളുമായി ഒത്തുപോകുന്ന രീതിയിലുള്ള പരിശീലനം ഇന്ധന ടാങ്കറുകൾ ഓടിക്കുന്നവർക്ക് അത്യാവശ്യമാണ്.

അതിനിടയിൽ പെട്രോൾ രംഗത്തെ ഭീമന്മാരായ ബി പി യുടെ മൂന്നിൽ രണ്ട് പെട്രോൾ സ്റ്റേഷനുകളിലും ഏറ്റവുമധികം ആവശ്യക്കാരുള്ള രണ്ട് ഗ്രേഡ് ഇന്ധനങ്ങൾ പൂർണ്ണമായും തീർന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പ്രതിസന്ധിയെ കുറിച്ച് ചർച്ച ചെയ്യുവൻ മന്ത്രിസഭയിലെ മുതിർന്ന മന്ത്രിമാരുടെ ഒരു യോഗം പ്രധാനമന്ത്രി ഇന്ന് വിളിച്ചു ചേർത്തിട്ടുണ്ട്. പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ എണ്ണ വ്യവസായ മേഖലയെ 1998-ലെ കോമ്പറ്റീഷൻ ആക്ടിൽ നിന്നും താത്ക്കാലികമായി ഒഴിവാക്കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്.

അതനുസരിച്ച് ഈ മേഖലയിലുള്ളവർക്ക് വിവരങ്ങൾ പരസ്പരം കൈമാറാൻ കഴിയുകയും അതിനനുസരിച്ച് മുൻഗണനക്രമം നിശ്ചയിക്കാൻ സാധിക്കുകയും ചെയ്യും. ഇത് പെട്രോൾ വിതരണം കൂടുതൽ സുഗമമമാക്കുവാൻ സഹായിക്കും. അതിനിടയിൽ പല പെട്രോൾ സ്റ്റേഷനുകളിലും ജനങ്ങൾ വരിതെറ്റിച്ച് വാഹനങ്ങൾ ഇടയിൽ കയറ്റുകയുംപലയിടങ്ങളിലും വാക്കുതർക്കങ്ങളും കൈയാങ്കളികളും നടക്കുന്നതായും റിപ്പോർട്ടുകൾ പുറത്തുവരുന്നു.

ഒരു താത്ക്കാലിക പരിഹാരമായി 5,000 ട്രൈക്ക് ഡ്രൈവർമാർക്ക് വിസ ആനുകൂല്യം നൽകി സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. എന്നാൽ, ഏകദേശം 1 ലക്ഷത്തോളം ഡ്രൈവർമാരുടെ ക്ഷാമം നേരിടുന്ന രാജ്യത്ത് ഇത് ഒരു പരിഹാരമേയല്ലെന്നാണ് വ്യവസായ മേഖലയിലുള്ളവർ പറയുന്നത്.