കൊച്ചി :(25.09.2021) കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധിയിലായ വ്യാപാരികളുടെ ജി.എസ്.ടി കുടിശിക തീർപ്പാക്കാനായി ആംനസ്റ്റി പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപിന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അപ്സര രാജു കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. 2021 മാർച്ച് 31 വരെയുള്ള ജി.എസ്.ടി കുടിശ്ശികയ്ക്ക് വ്യാപാരി പുനരുദ്ധാരണ പാക്കേജ് ബാധകമാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. എറണാകുളം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സംസ്ഥാന വ്യാപാരി ക്ഷേമ ബോർഡ് അംഗത്വ സർട്ടിഫിക്കറ്റ് വിതരണം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്ഷേമ നിധിയിൽ നിന്നും മരണാനന്തര ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു. ചടങ്ങിൽ എറണാകുളം ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ്, ജനറൽ സെക്രട്ടറി അഡ്വ.എ.ജെ.റിയാസ്, ട്രഷറർ സി.എസ്.അജ്മൽ, വൈസ് പ്രസിഡന്റ് ബാബു കുരുത്തോല, സെക്രട്ടറിമാരായ എൻ.പി.അബ്ദുൾ റസാക്ക്, ജിമ്മി ചക്യത്ത് യൂത്ത് വിങ് ജനറൽ സെക്രട്ടറി കെ.എസ് നിഷാദ് വൈസ് പ്രസിഡന്റ് എസ്.കമറുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു.