- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ധ്യാനപൂർണ്ണം സേവനം'അമ്മയുടെ ജന്മദിനം വിശ്വശാന്തിക്കുള്ള സാധനാദിനമായി ആചരിക്കും
സേവനോത്സവമായി കൊണ്ടാടാറുള്ള സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം, ഈ വർഷവും ആഘോഷങ്ങൾ ഒഴിവാക്കിക്കൊണ്ട് സാധനാദിനമായി ആചരിക്കാൻ തീരുമാനം. മുൻ വർഷങ്ങളിലൊക്കെയും സേവനപദ്ധതികളും ആഘോഷങ്ങളുമായി ലക്ഷക്കണക്കിനു ഭക്തർ അമൃതപുരിയിൽ ഒന്നിച്ചുകൂടുമായിരുന്നു. എന്നാൽ, കോവിഡ് മഹാവ്യാധിയുടെയും പ്രകൃതി ക്ഷോഭങ്ങളുടെയും വിഷമസാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷപരിപാടികളെല്ലാം ഒഴിവാക്കുന്നതായി മഠം അധികൃതർ അറിയിച്ചു.
വിശ്വശാന്തിക്കും സമസ്ത ജീവജാലങ്ങളുടെയും ക്ഷേമത്തിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥനാനിർഭരമായി, ആദ്ധ്യാത്മിക സാധനാനിഷ്ഠകളോടെ ജയന്തിദിനമായ സെപ്റ്റംബർ ഇരുപത്തിയേഴിനെ വരവേൽക്കണമെന്ന് മാതാ അമൃതാനന്ദമയി മഠം ഉപാദ്ധ്യക്ഷൻ സ്വാമി അമൃതസ്വരൂപാനന്ദപുരി ആഹ്വാനം ചെയ്തു. 'ഐക്യരാഷ്ട്രസഭയിൽ അംഗങ്ങളായ 193 രാജ്യങ്ങളിലുള്ള അമ്മയുടെ അനുയായികൾ ഈ സെപ്റ്റംബർ 27 തിങ്കളാഴ്ച വൈകീട്ട് ആറുമണിക്ക് വിശ്വശാന്തിക്കും, ലോകം ഇപ്പോൾ നേരിടുന്ന ദുർഘടസന്ധിയെ അതിജീവിക്കാനുമുള്ള ആധ്യാത്മികസാധനകൾ അനുഷ്ഠിക്കും' സ്വാമി പറഞ്ഞു.
അമൃതപുരി ആശ്രമത്തിലെ അന്തേവാസികൾ മാത്രം പങ്കെടുക്കുന്ന വിശ്വശാന്തിക്കായുള്ള പ്രത്യേകം യജ്ഞങ്ങളും ഹോമങ്ങളും സെപ്റ്റംബർ 25,26,27 എന്നീ ദിവസങ്ങളിൽ നടക്കും. അമ്മയുടെ ജന്മദിനമായ സെപ്റ്റംബർ 27 ന് ഗുരുപാദുക പൂജയും അമ്മയുടെ നേതൃത്വത്തിലുള്ള ലോകശാന്തിക്കായുള്ള പ്രാർത്ഥനകളും ജന്മദിന സന്ദേശവും ഉണ്ടാകും. പരിപാടികൾ ലോകമെമ്പാടുമുള്ള ഭക്തർക്കായി തത്സമയം സംപ്രേഷണം ചെയ്യും.