മുംബൈ: ബിജെപി സ്ഥാനാർത്ഥിയെ പിൻവലിച്ചതിനെ തുടർന്ന് കോൺഗ്രസ് നേതാവിനെ രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുത്തു. മഹാരാഷ്ട്രയിലെ രാജ്യസഭ ഉപതെരഞ്ഞെടുപ്പിലാണ് ബിജെപി സ്ഥാനാർത്ഥിയെ പിൻവലിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥി രജനി പാട്ടീലാണ് ജയിച്ചത്.

ബിജെപി കോർ കമ്മിറ്റി യോഗത്തിലാണ് സ്ഥാനാർത്ഥിയെ പിൻവലിക്കാൻ തീരുമാനമായത്. സഞ്ജയ് ഉപാധ്യയ് ആയിരുന്നു ബിജെപി സ്ഥാനാർത്ഥി. കഴിഞ്ഞ മെയ്യിൽ കോൺഗ്രസ് എംപിയായിരുന്ന രാജീവ് സതാവ് അന്തരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

കഴിഞ്ഞയാഴ്ച, കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നാനാ പട്ടോളും റവന്യു മന്ത്രി ബാലാസാഹേബ് തോരാത്തും പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനെ കണ്ട്, ബിജെപി സ്ഥാനാർത്ഥിയെ പിൻവലിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു.