കാബൂൾ: അഫ്ഗാൻ പ്രതിരോധ സേനാംഗമാണെന്നു സംശയിക്കുന്നയാളുടെ കുഞ്ഞിനെ നിഷ്‌കരുണം കൊലപ്പെടുത്തി താലിബാന്റെ കാടത്തം. അഫ്ഗാനിസ്ഥാനിലെ ടഖാർ പ്രവിശ്യയിലാണ് കൊച്ചു കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഏറ്റവും അവസാനം താലിബാനു കീഴടങ്ങിയ പ്രവിശ്യയായ പഞ്ച്ശീറിലെ ഒട്ടേറെ ആളുകളെ പിടികൂടി വെടിവച്ചു കൊന്നതായും റിപ്പോർട്ടുണ്ട്. രക്ഷപ്പെടാൻ ശ്രമിച്ചവരെ പിന്തുടർന്ന് വധിച്ചതായും പറയുന്നു.

അതേസമയം താടി വടിക്കാൻ പാടില്ലെന്നാണ് താലിബാന്റെ പുതിയ നിർദ്ദേശം. ആരുടെയും താടി വടിക്കുകയോ വെട്ടുകയോ ചെയ്യരുതെന്ന് ബാർബർമാർക്ക് ഹെൽമണ്ട് പ്രവിശ്യാ സർക്കാർ ഉത്തരവ് നൽകി. ഹെറാത്തിൽ തട്ടിക്കൊണ്ടുപോകലിന് പിടിയിലായ നാലു പേരെ പരസ്യമായി വധിച്ച് മൃതദേഹം പൊതുസ്ഥലത്ത് കെട്ടിത്തൂക്കിയിരുന്നു. കാബൂൾ സർവ്വകലാശാലയിൽ സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തി. ശരിയായ ഇസ്‌ലാമിക സാഹചര്യം ഉണ്ടാകും വരെ കാബൂൾ സർവകലാശാലയിൽ വനിതകൾ പഠിപ്പിക്കുകയോ പഠിക്കാൻ എത്തുകയോ ചെയ്യുന്നതിന് പുതിയ വൈസ് ചാൻസലർ അഷറഫ് ഖരിയത് വിലക്ക് ഏർപ്പെടുത്തി ഉത്തരവിറക്കി.

തൊണ്ണൂറുകളിൽ താലിബാൻ ആദ്യം അധികാരത്തിലെത്തിയപ്പോഴും സമാന വിലക്കുണ്ടായിരുന്നു. പിഎച്ച്ഡിക്കാരനായ ഉസ്മാൻ ബാബുരിയെ മാറ്റി ബിഎക്കാരനായ ഖരിയത്തിനെ വിസി ആക്കിയതിൽ പ്രതിഷേധിച്ച് 70 അദ്ധ്യാപകർ രാജി നൽകിയിരുന്നു. ഇതേസമയം, രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണ്. വിലക്കയറ്റം അതിരൂക്ഷം. അവശ്യമരുന്നുകൾ പോലും ലഭ്യമല്ലാതായി. താലിബാൻ നടത്തുന്ന മനുഷ്യാവകാശലംഘനങ്ങളിൽ യുഎൻ മനുഷ്യാവകാശ സമിതി അടിയന്തരമായി ഇടപെടണമെന്ന് മുൻ സർക്കാരും സന്നദ്ധ സംഘടനകളും അഭ്യർത്ഥിച്ചു.