മ്മമൂട്ടിയെ കുറിച്ച് ദൂരദർശൻ നിർമ്മിച്ച അപൂർവ്വ ഡോക്യുമെന്ററി ഡിജിറ്റൽ റിലീസ് ചെയ്തു. നക്ഷത്രങ്ങളുടെ രാജകുമാരൻ' എന്ന പേരിൽ 20 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച ഡോക്യുമെന്ററി രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്തത്.

മമ്മൂട്ടി പിന്നിട്ട വഴികളും കുടുംബവും സുഹൃത്തുക്കളും സിനിമാ ജീവിതവും ഉൾപ്പെടുത്തിയുള്ളതാണ് ഈ ഡോക്യുമെന്ററി. ജനിച്ചു വളർന്ന ചെമ്പ് ഗ്രാമത്തിലൂടെയും പഠിച്ച കലാലയത്തിലൂടെയും പിന്നീട് അദ്ദേഹത്തിന്റെ കുടുംബജീവിതത്തിലൂടെയും ഡോക്യുമെന്ററി കടന്നുപോകുന്നു. നാട്ടുകാരും കോളേജിലെ സുഹൃത്തുക്കളും ജോലി ചെയ്ത കോടതിയിലെയും സിനിമയിലെയും സഹപ്രവർത്തകരും പരിചയക്കാരുമെല്ലാം മമ്മൂട്ടിയെന്ന വ്യക്തിയെ വിവരിക്കുന്നതും വിഡിയോയിൽ കാണാം.

ചെന്നൈയിലെ മമ്മൂട്ടിയുടെ വീടും കുഞ്ഞു ദുൽഖറുമൊക്കെ ഡോക്യുമെന്ററിയിലൂടെ വന്നുപോകുന്നുണ്ട്. കൂടാതെ എം ടി. വാസുദേവൻ നായർ, കെ.ജി. ജോർജ്, മോഹൻലാൽ, കെ. മധു, ലോഹിതദാസ്, രജനീകാന്ത് എന്നിവരും മമ്മൂട്ടിയുമായി സിനിമ ചെയ്ത അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.

തോമസ് ടി. കുഞ്ഞുമോൻ സംവിധാനം ചെയ്ത ഡോക്യുമെന്ററിയുടെ അവതാരകൻ വി.കെ. ശ്രീരാമനാണ്. കള്ളിക്കാട് രാമചന്ദ്രനാണ് തിരക്കഥ ഒരുക്കിയത്. സംഗീതം- മോഹൻസിത്താര, ഛായാഗ്രഹണം- ഡി. തങ്കരാജ്, വിവരണം- രവി വള്ളത്തോൾ, എഡിറ്റിങ് ശിവകുമാർ.