തിരുവനന്തപുരം: അടുത്ത മാസം ദുബയിൽ നടക്കുന്ന ആഗോള ടെക്നോളജി മേളയായ ജൈടെക്സിൽ കേരളത്തിൽ നിന്നുള്ള 30 ഐടി കമ്പനികളും 19 സ്റ്റാർട്ടപ്പ് സംരംഭങ്ങളും പങ്കെടുക്കും. ഏറ്റവും പുതിയ സാങ്കേതികവിദ്യകളും നവീന ആശയങ്ങളും അവതരപ്പിക്കപ്പെടുന്ന ഈ മേളയിൽ കേരളത്തിലെ ഐടി കമ്പനികൾക്ക് വിദേശത്ത് പുതിയ വിപണി കണ്ടത്താനും നിക്ഷേപം ആകർഷിക്കാനുമുള്ള അവസരമാണ് ലഭിക്കുന്നത്. കോവിഡ് പ്രതിസന്ധിയെ തുടർന്നുള്ള ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷം രാജ്യാന്തര തലത്തിൽ കേരളത്തിലെ കമ്പനികൾക്ക് ലഭിക്കുന്ന ആദ്യ വേദിയാണിത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾ പങ്കെടുക്കുന്നുണ്ട്. ഇവിടെ എത്തുന്ന ടെക്നോളജി സംരംഭകർക്കും കമ്പനികൾക്കും കേരളത്തിലെ ഐടി സാധ്യതകളെ പരിചയപ്പെടുത്തുകയും കൂടുതൽ നിക്ഷേപകരെ ആകർഷിക്കുകയുമാണ് ജൈടെക്സിലൂടെ കേരള ഐടി ലക്ഷ്യമിടുന്നത്. ഒക്ടോബർ 17 മുതൽ 21 വരെയാണ് ദുബയ് വേൾഡ് ട്രേഡ് സെന്ററിൽ ജൈടെക്സ് നടക്കുന്നത്.

കേരള ഐടി പാർക്സിനു കീഴിലുള്ള തിരുവനന്തപുരം ടെക്നോപാർക്ക്, കൊച്ചി ഇൻഫോപാർക്ക്, കോഴിക്കോട് സൈബർപാർക്ക് എന്നിവിടങ്ങളിൽ നിന്നുള്ള കമ്പനികളും കേരള സ്റ്റാർട്ടപ്പ് മിഷനിൽ നിന്നുള്ള സ്റ്റാർട്ടപ്പ് കമ്പനികളുമാണ് ദുബായിലേക്കു പറക്കുന്നത്. കോഴിക്കോട് നിന്ന് മാത്രം 21 കമ്പനികളാണ് ഇത്തവണ ജൈടെക്സിൽ പങ്കെടുക്കുന്നത്. ഉൽപ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നതിനു പുറമെ മേളയുടെ ഭാഗമായ വർക്ക്ഷോപ്പുകളിലും സെമിനാറുകളിലും ഐടി സംരംഭകർക്ക് പങ്കെടുക്കാം.

കേരള ഐടി പാർക്സ് സിഇഒ ജോൺ എം തോമസും ജൈടെക്സിൽ പങ്കെടുക്കാനായി ദുബയിലെത്തും. മേളയോടനുബന്ധിച്ച് ദുബായിലെ പ്രവാസി വ്യവസായികളേയും സംരംഭകരേയും പങ്കെടുപ്പിച്ച് പ്രത്യേക ബിസിനസ് റ്റു ബിസിനസ് മീറ്റും കേരള ഐടി സംഘടിപ്പിക്കുന്നുണ്ട്. കേരളത്തിലെ ഐടി കമ്പനികൾക്ക് കൂടുതൽ അവസരങ്ങൾ കണ്ടെത്തുകയും നിക്ഷേപകരെ ആകർഷിക്കുകയുമാണ് മീറ്റിലൂടെ ലക്ഷ്യമിടുന്നത്. 20 വർഷമായി ഈ മേളയിൽ കേരള ഐടിയുടെ സാന്നിധ്യമുണ്ട്. കേരളത്തിലെ ഐടി കമ്പനികളുടെ വലിയൊരു വിപണി കൂടിയാണ് മിഡിൽ ഈസ്റ്റ് മേഖല. ഡിജിറ്റൽ സാങ്കേതികവിദ്യാ രംഗത്തെ പുതുമകളും നവീന ആശയങ്ങളും ആദ്യമെത്തുന്ന വിപണിയായ യുഎഇ കേരളത്തിന് വലിയ അവസരങ്ങളാണ് തുറന്നിടുന്നത്.