കണ്ണൂർ: വളപട്ടണം -മാഹി ജലപാതയ്‌ക്കെതിരെ ചാലയിൽ അഗ്‌നി പ്രതിജ്ഞയുമായി പ്രദേശവാസികൾ. ജനജീവിതം ദുസഹമാക്കുകയും കിടപ്പാടവും കൃഷി ഭൂമിയും കവരുകയും ചെയ്യുന്ന ജലപാത പദ്ധതിക്കെതിരെ മരണം വരെ പോരാടുമെന്ന് ജല പാതാ വിരുദ്ധ കർമ്മസമിതി യുടെ നേതൃത്വത്തിൽ സംഘടിച്ച തീപ്പന്തമേന്തിയ ബഹുജന റാലിയിൽ 'ജന കൂട്ടം പ്രതിജ്ഞ ചൊല്ലി.

വികസനത്തിന്റെ പേരിൽ എന്തും കാട്ടി കൂട്ടാമെന്ന് സർക്കാർ കരുതേണ്ടെന്നും കോടികൾ മുടക്കി ചെലവഴിച്ചുണ്ടാക്കുന്ന ജലപാതയ്ക്കു പിന്നിൽ രഹസ്യ അജൻഡയുണ്ടെന്നും അഗ്‌നിപ്രതിജ്ഞാ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ.മോഹനൻ പറഞ്ഞു.കേരളത്തിലെ ഏറ്റവും വലിയ നദിയായ ഭാരതപ്പുഴയിൽ മഴ കഴിഞ്ഞ് നാലുമാസം കഴിയുമ്പോൾ വെള്ളം വറ്റാറുള്ളപ്പോൾ പൊതുവെ വരൾച്ച നേരിടുന്ന നാട്ടിലൂടെ ഈ പ്രദേശത്ത് കൃത്രിമ കനാലിൽ എങ്ങനെ വെള്ളമുണ്ടാക്കുമെന്ന് അധികൃതർ വ്യക്തമാക്കണമെന്ന് മേയർ പറഞ്ഞു.

നിറഞ്ഞ തീപ്പന്തത്തിന്റെ വെളിച്ചത്തിൽ മേയർ അഗ്‌നി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു രാജൻ കോരമ്പേത്ത് അധ്യക്ഷനായി വിവിധ കക്ഷി നേതാക്കളായ സുരേഷ് ബാബു എളയാവുർ ,കെ.ഗിരീശൻ, പി.ആർ രാജൻ, ടി. പ്രകാശൻ, അൻസാരി തില്ലങ്കേരി, സി.വാമനൻ, മനീഷ് പാനൂർ, സാദിഖ് ഉളിയിൽ, വിനോദ് പയ്യട എന്നിവർ പ്രസംഗിച്ചു.

ബുധനാഴ്‌ച്ച വൈകുന്നേരം ആറു മണിയോടെ ചാല ജങ്ഷനിൽ നിന്നാണ് ബൈപ്പാസിലേക്ക് സ്ത്രീകളും കുട്ടികളും വയോധികരുമുൾപ്പെടെ നൂറു കണിക്കിനാളുകൾ കൈയിൽ തീ പന്തവുമായി ബൈപ്പാസ് ജങ്ഷനിലേക്ക് പ്രകടനമായെത്തിയത്.പരിപാടിയെ തുടർന്ന് തലശേരി - കണ്ണുർ ദേശീയപാതയിൽ ഗതാഗതം മുടങ്ങി. ചക്കരക്കൽ - എടക്കാട് പൊലിസ് സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു.