ലക്‌നൗ : അലിഗഡിലെ ഒരു മദ്രസയിൽ ചങ്ങലയ്ക്കിട്ടിരുന്ന പതിമൂന്നുകാരനെ പൊലീസ് രക്ഷപെടുത്തി. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് പൊലീസ് എത്തി കുട്ടിയെ രക്ഷപെടുത്തിയത് . മദ്രസ ഉടമയേയും , പിതാവിനേയും പൊലീസ് അറസ്റ്റ് ചെയ്തു.

കൂലിപ്പണിക്കാരനാണ് കുട്ടിയുടെ പിതാവ് . മദ്രസയിൽ നിന്ന് പലപ്പോഴും കുട്ടി ഇറങ്ങിപോകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കുട്ടിയെ പൂട്ടിയിടാൻ പിതാവ് തന്നെ മദ്രസ ഉടമയോട് പറയുകയായിരുന്നു . ചങ്ങലയിൽ കിടക്കുന്ന കുട്ടിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പൊലീസ് കുട്ടിയെ രക്ഷപെടുത്താൻ എത്തുകയായിരുന്നു .

അലിഗഡിലെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം പൊലീസ് കുട്ടിയെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി. പ്രാദേശിക കോടതിയിൽ ഹാജരാക്കിയ മദ്രസ ഉടമയെയും കുട്ടിയുടെ പിതാവിനെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി സിറ്റി എഎസ്‌പി കുൽദീപ് സിങ് ഗുണാവത്ത് പറഞ്ഞു.