കോട്ടയം: ശബരിമലയിൽ സൂക്ഷിച്ചിരുന്ന 17000 ലിറ്റർ നെയ്യ് കേടായതായി ഭക്ഷ്യസുരക്ഷാവകുപ്പിന്റെ കണ്ടെത്തൽ. ഇത് പ്രസാദത്തിനോ ഭക്ഷ്യാവശ്യത്തിനോ ഉപയോഗിക്കുന്നത് ദേവസ്വം ബോർഡ് വിലക്കി. ശബരിമല മെയിൻ സ്റ്റോറിൽ സൂക്ഷിച്ചിരുന്ന നെയ്യാണ് കേടായത്. ഈ നെയ്യ് വിളക്കുകത്തിക്കുന്നതിന് പ്രയോജനപ്പെടുത്താനാണ് തീരുമാനം.

ഒന്നരവർഷത്തോളം ശബരിമലയിൽ തിരക്കില്ലാത്തതുമൂലമാണ് ഇത് ഉപയോഗിക്കാനാകാതെ ചീത്തയായതെന്നാണ് ശബരിമല എക്‌സിക്യുട്ടീവ് ഓഫീസർ ബോർഡിന് നൽകിയ വിശദീകരണം. നെയ്യ് ഏതുരീതിയിൽ പ്രയോജനപ്പെടുത്താമെന്ന് തീരുമാനിക്കാൻ ബോർഡ് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചിരുന്നു. ബോർഡ് ക്ഷേത്രങ്ങളിലെ പുറംവിളക്കുകൾ കത്തിക്കാൻ മാത്രമേ ഇത് ഉപയോഗിക്കാവൂ എന്നാണ് നിർദ്ദേശം. ഓരോ ക്ഷേത്രങ്ങളിലും ഇതിന് ആവശ്യമുള്ളതിന്റെ കണക്ക് നൽകാൻ ക്ഷേത്രം ഓഫീസർമാരെ ചുമതലപ്പെടുത്തി.