കോഴിക്കോട്: അടുത്ത മാസം ദുബായിൽ നടക്കുന്ന ആഗോള ടെക്നോളജി എക്സിബിഷനായ ജൈടെക്സിൽ കേരളത്തിൽ നിന്ന് പങ്കെടുക്കുന്ന 30 കമ്പനികളിൽ 21ഉം കോഴിക്കോട്ട് നിന്ന്. സർക്കാർ സൈബർപാർക്ക്, യുഎൽ സൈബർപാർക്ക് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികളാണ് ഇവയിലേറെയും. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഐടി കമ്പനികളുടെ പ്രധാന വിപണിയാണ് ഗൾഫ് മേഖല. എല്ലാവർഷവും നടക്കുന്ന മേഖലയിലെ ഏറ്റവും വലിയ ടെക്നോളജി മേളയായ ജൈടെക്സ് വലിയ അവസരങ്ങളാണ് കമ്പനികൾക്ക് തുറന്നിടുന്നത്. മുൻ വർഷങ്ങളിൽ ജൈടെക്സ് വഴി ബിസിനസ് വളർച്ച കൈവരിച്ച ഒട്ടേറെ കമ്പനികൾ കോഴിക്കോട് ഉണ്ടെന്ന് കാലിക്കറ്റ് ഫോറം ഫോർ ഐടി പ്രസിഡന്റ് അബ്ദുൽ ഗഫൂർ പറയുന്നു.

സ്റ്റാളുകൾ ഉൾപ്പെടെ ജൈടെക്സിൽ പങ്കെടുക്കുന്നതിന് കേരളത്തിൽ നിന്നുള്ള കമ്പനികൾക്ക് വരുന്ന ചെലവുകൾ വഹിക്കുന്നത് കേരള ഐടിയാണ്. കേരള ഐടി പാർക്സ് സിഇഒ ജോ എം തോമസും മേളയിൽ പങ്കെടുക്കാനായി ദുബയിലെത്തും. ഇതോടനുബന്ധിച്ച് പ്രവാസി വ്യവസായികളെ പങ്കെടുപ്പിച്ച് പ്രത്യേക ബി-ടു-ബി മീറ്റും കേരള ഐടി സംഘടിപ്പിക്കുുണ്ട്.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറു കണക്കിന് കമ്പനികൾ പങ്കെടുക്കുന്ന വാർഷിക ടെക്നോളജി മേളയാണ് ജൈടെക്സ്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷം കേരളത്തിലെ ഐടി കമ്പനികൾക്ക് നേരിട്ട് പങ്കെടുക്കാൻ അവസരം ലഭിക്കുന്ന ആദ്യ രാജ്യാന്തര ടെക്ക് മേളയാണിത്. ഉൽപ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നതിനു പുറമെ പുതിയ വിപണിയും പങ്കാളികളേയും കണ്ടെത്താനും ജൈടെക്സ് ഐടി കമ്പനികൾക്ക് വലിയ അവസരമാണ് ഒരുക്കുന്നത്. ചെറുകിട, ഇടത്തരം ഐടി കമ്പനികൾക്ക് രാജ്യന്തര വിപണിയിലേക്കുള്ള മികച്ച വാതിൽകൂടിയാണിത്.

മിഡിൽ ഈസ്റ്റിലെ ഏറ്റവും ജനപങ്കാളിത്തമുള്ള ടെക്ക് മേളയായ ജൈടെക്സ് കേരളത്തിലെ ടെക്ക് കമ്പനികൾക്ക് മികച്ച അവസരമാണ് തുറക്കുന്നത്. കൂടുതൽ നിക്ഷേപങ്ങളും വിപണിയും തേടുന്ന കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്കും ഇത് മികച്ച വേദിയാണെന്ന് ജൈടെക്സിൽ പങ്കെടുക്കുന്ന കോഴിക്കോട് ആസ്ഥാനമായ ഐടി കമ്പനിയായ കോഡ്ലെറ്റിസ് സഹസ്ഥാപകൻ വിജിത്ത് ശിവദാസൻ പറഞ്ഞു. ഓൺലൈൻ ഭക്ഷ്യോൽപ്പന്ന വിപണ സംരംഭമായ ഫ്രഷ് ടു ഹോമിനു വേണ്ടി യുഎഇയിൽ അത്യാധുനിക ടെക്നോളജി സെന്റർ സ്ഥാപിക്കുന്നത് കോഡ്ലെറ്റിസ് ആണ്.