ഷിക്കാഗോ: ഷിക്കാഗോ സൗത്ത് സൈഡിൽ നിർമ്മിക്കുന്ന ഒബാമ പ്രസിഡൻഷ്യൽ സെന്റിന്റെ ഗ്രൗണ്ട് ബ്രേക്കിങ് സെറിമണി മുൻ പ്രസിഡന്റ് ബറാക്ക് ഒബാമയും മുൻ പ്രഥമ വനിത മിഷേൽ ഒബാമയും നിർവഹിച്ചു.

സെപ്റ്റംബർ 28 ചൊവ്വാഴ്ചയായിരുന്നു ചടങ്ങ്. നീണ്ട കാത്തിരിപ്പിനു ശേഷമാണു പ്രോജക്റ്റിന്റെ പ്രവർത്തനം തുടങ്ങാനായതെന്നും ഇതു വെറും മ്യൂസിയമല്ല, ജനാധിപത്യ ആശയങ്ങളെ ശക്തിപ്പെടുത്തുന്നതിനാവശ്യമായ വിജ്ഞാനം പകർന്നു നൽകുന്ന ലൈബ്രറിയായി മാറണമെന്നും ചടങ്ങിനു മുമ്പു ഒബാമ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.

വിഭാഗീയതയും വംശീയതയും വർധിച്ചുവരുമ്പോൾ നമ്മുടെ മൂല്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ഒബാമ ഓർമ്മിപ്പിച്ചു. എന്റെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത് ഷിക്കാഗോയിൽ നിന്നാണ്. ആഗോളതലത്തിലല്ല മാറ്റങ്ങൾ സംഭവിക്കേണ്ടതു മറിച്ച് ഓരോ വ്യക്തികളിലുമാണെന്ന യാഥാർഥ്യം ഞാൻ ഇവിടെ നിന്നുമാണ് പഠിച്ചതെന്ന് ഒബാമ പറഞ്ഞു.

ചടങ്ങിൽ ഷിക്കാഗോ മേയർ ലോറി ലൈറ്റ് ഫുട്ട് ഇല്ലിനോയ് ഗവർണർ ജൊബി പ്രിറ്റ്സ്‌ക്കർ തുടങ്ങിയവർ പങ്കെടുത്തു.44ാം മത് പ്രസിഡന്റ് ഒബാമയുടെ പേരിൽ നിർമ്മിക്കുന്ന ലൈബ്രറിക്ക് എല്ലാ ആശംസകളും പ്രസിഡന്റ് ബൈഡൻ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. ജാക്സൺ പാർക്കിനു സമീപം ലൈബ്രറിയുടെ പണി പൂർത്തിയാക്കുമ്പോൾ 482 മില്യൺ ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്.