ഇരിട്ടി: പേരാവൂരിലും കരുവന്നൂർ ബാങ്ക് മോഡലിൽ കോടികളുടെ നിക്ഷേപ തട്ടിപ്പ് എന്നാരോപിച്ച് സി പി എം നിയന്ത്രണത്തിലുള്ള പേരാവൂരിലെ സഹകരണ ഹൗസ് ബിൽഡിങ് സൊസൈറ്റിക്ക് മുന്നിൽ ഇടപാടുകാരുടെ പ്രതിഷേധം. 2017 ൽ തുടങ്ങിയ ചിട്ടിയുടെ പണം തിരികെ നൽകാതെ തട്ടിപ്പു നടത്തി എന്നാരോപിച്ച് വ്യാഴാഴ്‌ച്ച രാവിലെ നൂറിലേറെ ഇടപാടുകാർ സൊസൈറ്റിയിലെത്തി പ്രതിഷേധിച്ചു. ഇത് ഏറെ നേരം ബഹളത്തിനിടയാക്കി.

നിക്ഷേപകർ ഒരുമിച്ചെത്തിയതുകൊണ്ടാണ് പെട്ടെന്ന് പണം നൽകാൻ കഴിയാഞ്ഞത് എന്നാണ് സൊസൈറ്റി ഭരണസമിതിയുടെ വിശദീകരണം. പണം നൽകാൻ ആറുമാസം സമയം വേണമെന്നാണ് ഭരണസമിതി പറയുന്നത്. നിക്ഷേപകരുടെ മൂന്ന് കോടിയിലേറെ തുക തട്ടിച്ചതായാണ് നിക്ഷേപകർ ആരോപിക്കുന്നത്. 2017 ൽ മാസം രണ്ടായിരം രൂപ തവണ വ്യവസ്ഥയിൽ ഒരു ലക്ഷം രൂപയുടെ ചിട്ടിയാണ് തുടങ്ങിയത്. ചിട്ടിയിൽ അറുനൂറിലേറെ പേർ ചേരുകയും ചെയ്തു. ചിട്ടി അടിച്ച തുക പലരും ഇവിടെ തന്നെ നിക്ഷേപിക്കുകയും ചെയ്തു. ഇങ്ങനെ നിക്ഷേപിക്കുന്നവർ ബാക്കി തുക അടക്കേണ്ടെന്നും കാലാവധി കഴിയുമ്പോൾ മുഴുവൻ തുകയും ഇവർക്ക് തിരിച്ചു നല്കുമെന്നുമായിരുന്നു സൊസൈറ്റി വാഗ്ദാനം ചെയ്തിരുന്നത്. ഇത് വിശ്വസിച്ചാണ് ഏറെപ്പേരും തുക ഇവിടെത്തന്നെ നിക്ഷേപിച്ചത്.

എന്നാൽ ഓഗസ്റ്റ് 15 ന് കാലാവധി കഴിഞ്ഞതോടെ സൊസൈറ്റിയെ സമീപിച്ച നിക്ഷേപകർക്ക് പണമില്ലെന്ന മറുപടിയാണ് ലഭിച്ചത്. നിക്ഷേപകർ ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകുകയും പൊലീസിന്റെ സാന്നിധ്യത്തിൽ ചർച്ച നടക്കുകയും ചെയ്തു. സെപ്റ്റംബർ 30 നു പണം നൽകാമെന്നായിരുന്നു ചർച്ചയിൽ സൊസൈറ്റി അധികൃതർ പറഞ്ഞിരുന്നത്. വ്യവസ്ഥ പ്രകാരം വ്യാഴാഴ്ച സൊസൈറ്റിയിൽ എത്തിയ ഇടപാടുകാരോട് ആറുമാസം കൂടി സാവകാശം വേണമെന്ന സൊസൈറ്റി ഭരണസമിതി അറിയിച്ചതോടെ നിക്ഷേപകർ സൊസൈറ്റിക്ക് മുന്നിൽ ബഹളം വെക്കുകയായിരുന്നു.

പണം തിരിച്ചു തിരിച്ചു തരുന്നതുവരെ സൊസൈറ്റിക്ക് മുന്നിൽ കുത്തിയിരുക്കുമെന്ന് പറഞ്ഞ് ഇടപാടുകാരിൽ ചിലർ കുത്തിയിരിപ്പും തുടങ്ങി. ഒടുവിൽ പൊലീസും സൊസൈറ്റി അധികൃതരുമായി നടന്ന ചർച്ചയിൽ വെള്ളിയാഴ്ച ഇതുസംബന്ധിച്ച് ചർച്ച നടത്തി പരിഹാരമുണ്ടാക്കാൻ എന്ന വ്യവസ്ഥയിലാണ് പ്രതിഷേധക്കാർ പിരിഞ്ഞു പോയത്. ഇതിനു ശേഷം പേരാവൂർ കോ ഓപ്പറ റേറ്റീവ് ഹൗസിങ്ബിൽഡിങ് സൊസൈറ്റിയിൽ മൂന്നരക്കോടിയിലേറെ വെട്ടിപ്പ് നടന്നതായി ഇടപാടുകാർവാർത്താ സമ്മേളനം നടത്തി ആരോപിച്ചു.

സിപിഎം നിയന്ത്രണത്തിലുള്ള പേരാവൂർ കോ.ഒപ്പ.ഹൗസ് ബിൽഡിങ് സൊസൈറ്റിയിൽ ചിട്ടി ഇടപാടിൽ മൂന്നരക്കോടിയിലേറെ വെട്ടിപ്പ് നടന്നതായി ഇടപാടുകാർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. വെട്ടിപ്പ് നടത്തിയ പണം ഉപയോഗിച്ച് സൊസൈറ്റി സെക്രട്ടറി സ്വന്തമായ ഭൂമിയും കെട്ടിടവും വാങ്ങിയതായും ചിട്ടിക്ക് ചേർന്ന പാവപ്പെട്ട 350 ലേറെ പേരെ വഞ്ചിച്ചതായും ഇവർ പറഞ്ഞു.

രണ്ടായിരം രൂപ വീതം മാസം അടച്ച് 50 മാസങ്ങൾ കൊണ്ട് തീരുന്ന ചിട്ടിയിൽ നറുക്ക് വീണാൽ പിന്നെ പണം അടക്കേണ്ട. അതിനാൽ തന്നെ തൊഴിലാളികളും ചെറുകിട വ്യാപാരികളുമാണ് ഏറെയും കുറിയിൽ ചേർന്നത്. തൊഴിലുറപ്പ് തൊഴിലാളികളടക്കം നിർദ്ധനരായ നിരവധിപേരും സൊസൈറ്റിയുടെ തട്ടിപ്പിനിരയായി. മുന്നൂറിലേറെപ്പേർക്ക് ഒരു ലക്ഷം രൂപവീതം മൂന്നരക്കോടിയോളം രൂപയാണ് നഷ്ടമായിരിക്കുന്നത്.

ഇത്രയും വലിയ തട്ടിപ്പ് നടന്നിട്ടും സി പി എം നിയന്ത്രണത്തിലുള്ള സൊസൈറ്റി ഭരണസമിതി പ്രശ്നത്തിൽ ഇടപെടുന്നില്ല എന്നത് വലിയ ദുരൂഹതയാണ് സൃഷ്ടിക്കുന്നത് . ഒരു ലക്ഷത്തിന്റെ നറുക്ക് ചിട്ടിക്ക് പുറമേ സൊസൈറ്റി നടത്തുന്ന മറ്റു ചിട്ടികളിലും ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ഇവിടുത്തെ ഇടപാടുകാരായ സിബി മേച്ചേരി, ജോൺ പാലിയത്തിൽ , രാജേഷ് മണ്ണാർ കുന്നേൽ , ടി.ബി. വിനോദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.