ഏറ്റുമാനൂർ: ഒപ്പം സഞ്ചരിച്ച യുവാവിന് ഓട്ടോറിക്ഷ മറിഞ്ഞ് അപകടത്തിൽ പരുക്കേറ്റപ്പോൾ ഉപേക്ഷിച്ചു പോയ ബന്ധുവിനെതിരെ പൊലീസ് അന്വേഷണം തുടങ്ങി. എംസി റോഡിലെ നടപ്പാതയിൽ എട്ടു മണിക്കൂറോളം അവശ നിലയിൽ കിടന്ന ശേഷമാണ് യുവാവിന്റെ മരണം സംഭവിച്ചത്. അപകടം നടക്കുമ്പോൾ ഒപ്പമുണ്ടായിരുന്ന ബന്ധു നടപ്പാതയിൽ ഉപേക്ഷിച്ച് ഓട്ടോയുമായി കടന്നു.

അതിരമ്പുഴ പുത്തൻപുരയ്ക്കൽ പരേതനായ രവിയുടെ മകൻ ആർ. വിനുമോനാണ് (36) മരിച്ചത്. ബന്ധു നൗഫലിനെ (രാജേഷ്) പൊലീസ്, മൊഴിയെടുത്ത ശേഷം വിട്ടയച്ചു. മരണകാരണം അറിഞ്ഞശേഷം തുടർനടപടിയെടുക്കുമെന്നു പൊലീസ് പറഞ്ഞു. വിനുവിന്റെ മരണത്തെപ്പറ്റി പരാതിയുണ്ടെന്നു സഹോദരി ചിന്നു പൊലീസിനെ അറിയിച്ചു. ബുധനാഴ്ച രാത്രി ഏറ്റുമാനൂരിൽ വച്ചാണ് ഇരുവരും സഞ്ചരിച്ച ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ടത്.

പൊൻകുന്നം സ്വദേശിയായ നൗഫലിന്റെ ബന്ധുവാണ് വിനു. നൗഫലിന്റെ മാതൃസഹോദരി വിജയ പട്ടിത്താനത്താണ് താമസം. ഇവരുടെ വീട്ടിൽ നിന്നു ഭക്ഷണം കഴിച്ച ശേഷം മടങ്ങിയ വിനുമോനും നൗഫലും ബുധനാഴ്ച അർധരാത്രി ഓട്ടോറിക്ഷയിൽ ഏറ്റുമാനൂരിൽ എത്തി. ഏറ്റുമാനൂർ നഗരമധ്യത്തിൽ ഓട്ടോ മറിഞ്ഞു. നൗഫലും ഓട്ടോഡ്രൈവർമാരും ചേർന്ന് ഓട്ടോ ഉയർത്തി. ഈ സമയം വിനു റോഡിൽ വീണുകിടക്കുകയായിരുന്നു. തുടർന്ന് വിനുവിനെ ഓട്ടോയുടെ മുൻസീറ്റിലിരുത്തി. ഈ ദൃശ്യങ്ങൾ പരിസരത്തെ സിസിടിവിയിൽ നിന്നു പൊലീസിനു ലഭിച്ചു.

പിന്നീട് വിനു കടയുടെ മുന്നിലെ നടപ്പാതയിൽ കിടന്നു. വിനു നടപ്പാതയിൽ കിടക്കുന്നതും നൗഫൽ അടുത്തിരിക്കുന്നതും സിസിടിവിയിൽ കാണാം. 12.50ന് നൗഫൽ തനിയെ ഓട്ടോറിക്ഷ ഓടിച്ചു പോയി. നടപ്പാതയിൽ കിടന്ന വിനുമോൻ ഏറെനേരം അസ്വസ്ഥത പ്രകടിപ്പിച്ചു. ഏറ്റുമാനൂർ ജംക്ഷനിൽ പൊലീസ് സ്റ്റേഷന്റെ തൊട്ടടുത്താണ് നടപ്പാതയിൽ എട്ടുമണിക്കൂറോളം വിനുമോൻ കിടന്നത്. രാത്രി നഗരം വിജനമായ നേരത്ത് ആരും രക്ഷിക്കാനുണ്ടായില്ല. വിനുവിന് പലപ്പോഴും അപസ്മാരം വരാറുണ്ട്. എന്നാൽ മരണകാരണം വ്യക്തമല്ലെന്നു ഡിവൈഎസ്‌പി ജെ. സന്തോഷ് കുമാർ പറഞ്ഞു.